കോവിഡിലെ ആദ്യ നൂറുകോടി: ‘കുറുപ്പ്’ 75 കോടി പിന്നിട്ടു, നന്ദിയറിയിച്ച് ദുല്‍ഖര്‍

കോവിഡ് കാലത്ത് തിയേറ്ററില്‍ റിലീസായ ആദ്യ ചിത്രം ദുല്‍ഖര്‍ സല്‍മാന്റെ ‘കുറുപ്പ്’ 75 കോടി ക്ലബില്‍. ഇതുവരെ ലോകവ്യാപകമായി 35,000 ഷോകളാണ് ചിത്രം പൂര്‍ത്തിയാക്കിയത്. ചിത്രത്തിന്റെ ബോക്സ് ഓഫീസ് വിജയത്തില്‍ ദുല്‍ഖര്‍ പ്രേക്ഷകര്‍ക്ക് നന്ദി അറിയിച്ചു.

ചിത്രത്തിന്റെ ആഗോള കലക്ഷന്‍ തുകയാണിത്. റിലീസ് ചെയ്ത് 5 ദിവസങ്ങള്‍ക്കുള്ളില്‍ ചിത്രം 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു. ‘കുറുപ്പി’നെ ഇരുകൈയ്യും നീട്ടി സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദിയുണ്ടെന്നും ഇത് കൂട്ടായ്മയുടെ വിജയമാണെന്നും ദുല്‍ഖര്‍ സല്‍മാന്‍ കുറിച്ചു.

കേരളത്തില്‍ 505 സ്‌ക്രീനുകളില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം ആദ്യ ദിവസം തന്നെ നേടിയത് ആറരക്കോടി രൂപയാണെന്ന് ഫിയോക് പ്രസിഡന്റ് കെ വിജയകുമാര്‍ വെളിപ്പെടുത്തിയിരുന്നു. 50 ശതമാനം സീറ്റുകളില്‍ മാത്രമാണ് കാണികളെ അനുവദിച്ചിട്ടുള്ളതെങ്കിലും ‘കുറുപ്പി’ന്റെ പ്രദര്‍ശനങ്ങളെല്ലാം ഹൗസ്ഫുള്‍ ആയിരുന്നു. രണ്ടാം വാരം പിന്നിടുമ്പോഴും ചിത്രം നിറഞ്ഞ സദസ്സുകളില്‍ തുടരുകയാണ്. രണ്ടാം കോവിഡ് തരംഗത്തിന് ശേഷം പ്രേക്ഷകര്‍ തിയേറ്ററിലേക്ക് എത്തുമോ എന്ന ആശങ്ക തീര്‍ത്തത് നിറഞ്ഞ സദസ്സുകള്‍ തന്നെയായിരുന്നു.

ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം നിര്‍വഹിച്ച കുറുപ്പിന്റെ ബജറ്റ് 35 കോടിയാണ്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫറെര്‍ ഫിലിംസും എം സ്റ്റാര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സും ചേര്‍ന്നാണ് നിര്‍മാണം.

Exit mobile version