ബുര്‍ജ് ഖലീഫയില്‍ തന്റെ ചിത്രം തെളിഞ്ഞത് ജീവിതത്തില്‍ മറക്കാനാവാത്ത നിമിഷമെന്ന് പ്രേക്ഷക പ്രിയങ്കരന്‍ ദുല്‍ഖര്‍ സല്‍മാന്‍. ദുബായിയിലെ കെട്ടിട നിര്‍മാണ മേഖലയില്‍ ഒരുപാട് നാള്‍ ജോലി ചെയ്ത ആളാണ് താന്‍. അന്ന് ബുര്‍ജ് ഖലീഫയുടെ പണി നടക്കുന്നുണ്ട്. പക്ഷേ ഇങ്ങനെയൊരു കാര്യം എന്റെ ജീവിതത്തില്‍ നടക്കുമെന്ന് സ്വപ്നം പോലും കണ്ടിട്ടില്ലെന്ന് ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു.
അസാധ്യ വരവേല്‍പ്പാണിതെന്നും ഇത് സാധ്യമാക്കിയ ഫാര്‍സ് ഫിലിംസിനും ബുര്‍ജ് ഖലീഫയ്ക്കും റീല്‍ സിനിമാസിനും നന്ദിയെന്ന് അദ്ദേഹം വ്യക്തമാക്കി. നാളെ മുതല്‍ ലോകമെങ്ങുമുള്ള 1500 ലേറെ സ്‌ക്രീനുകളിലാണ് ‘കുറുപ്പ്’ പ്രദര്‍ശനത്തിനെത്തുന്നത്.
ദുല്‍ഖര്‍ സല്‍മാന്റെ ആദ്യചിത്രമായ സെക്കന്‍ഡ് ഷോ ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം നിര്‍വഹിക്കുന്ന കുറുപ്പിന്റെ ബജറ്റ് 35 കോടിയാണ്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫറെര്‍ ഫിലിംസും എം സ്റ്റാര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സും ചേര്‍ന്നാണ് നിര്‍മാണം.
ഒരു മിനുട്ട് നാല് സെക്കന്‍ഡുകള്‍ നീണ്ടു നില്‍ക്കുന്ന ട്രെയിലറാണ് ബുര്‍ജ് ഖലീഫയില്‍ പ്രദര്‍ശിപ്പിച്ചത്. ഇതാദ്യമായാണ് ഒരു മലയാള സിനിമയുടെ ട്രെയിലര്‍ ബുര്‍ജ് ഖലീഫയില്‍ പ്രദര്‍ശിപ്പിക്കുന്നതെന്ന മറ്റൊരു സവിശേഷത കൂടി ഉണ്ട്. കുറുപ്പ് സിനിമയുടെ പ്രമോഷന്‍ പരിപാടികളുമായി ബന്ധപ്പെട്ട് സിനിമയിലെ താരങ്ങളും അണിയറ പ്രവര്‍ത്തകരും ദുബായിയില്‍ എത്തിയിട്ടുണ്ട്.