കൊച്ചി: ഇന്ധനവിലവര്‍ധനവിനെതിരെ കോണ്‍ഗ്രസ് നടത്തിയ സമരത്തിനിടെ പ്രതിഷേധിച്ച നടന്‍ ജോജു ജോര്‍ജിനെതിരെ വിമര്‍ശനവുമായി ആലപ്പി അഷ്റഫ് രംഗത്ത്. ജീവിതം മുന്നോട്ട് കൊണ്ടുപോകാനാകാതെ പൊറുതിമുട്ടുന്ന ജനം പ്രതിഷേധിക്കുമ്പോള്‍ അവരുടെ മുഖത്തേക്ക് ദയവായ് നിങ്ങള്‍ കര്‍ക്കിച്ച് തുപ്പരുതെന്ന് ആലപ്പി അഷ്‌റഫ് പറയുന്നു.
ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അരാഷ്ട്രീയ വാദം ആപത്താണെന്നും അഷ്റഫ് തന്റെ ഫേസ്ബുക്കില്‍ കുറിച്ചു. ”പ്രതിഷേധത്തിനിടെ ‘നിന്റെ കൈയ്യില്‍ കാശുണ്ട്’ എന്ന് ജോജുവിന്റെ നേരേ ചോദ്യമുയര്‍ത്തിയ മനുഷ്യനാണ് തന്റെ പ്രതിനിധി. ഫാസിസ്റ്റ് നയങ്ങളില്‍ പെറുതിമുട്ടുന്ന ശരാശരി ഭാരതീയനാണ് അയാളെന്നും ആയാള്‍ക്കു നേരെ ആക്രോശിക്കുന്ന് ഹീറോയിസമാണെന്ന് കരുതുന്നവരോട് ഒന്നും പറയാനില്ല.”- ആലപ്പി അഷ്‌റഫ് പറഞ്ഞു.
ജോജു പെട്രോള്‍ വില വര്‍ദ്ധനവിനെതിരെ സൈക്കളില്‍ പ്രതിഷേധം നടത്തിയ തമിഴ് നടന്‍ വിജയിയെ കണ്ടുപഠിക്കണം. സമൂഹത്തോടുള്ള തന്റെ പ്രതിബദ്ധതയാണ് അദ്ദേഹം അതിലൂടെ അടയാളപ്പെടുത്തിയതെന്നും അഷ്റഫ് കൂട്ടിച്ചേര്‍ത്തു.
ആലപ്പി അഷ്റഫിന്റെ കുറിപ്പ്
‘നിന്റെ കൈയ്യില്‍ കാശുണ്ട് ‘, ജോജുവിന്റെ നേരേ ചോദ്യമുയര്‍ത്തിയ ആ മനുഷ്യനാണ് എന്റെ പ്രതിനിധി. ഒരു പക്ഷേ, ഒരു കാലി ചായ പോലും കുടിക്കാനാവാതെ ഒഴിഞ്ഞ വയറുമായ് സമരമുഖത്തെത്തിയ ആ വ്യക്തിയെ നമുക്കെങ്ങനെ തള്ളി പറയാനാകും. ഫാസിസ്റ്റ് നയങ്ങളില്‍ പെറുതിമുട്ടുന്ന ശരാശരി ഭാരതീയന്റെ പ്രതിനിധിയാണയാള്‍.ആ പാവത്തിന് മുന്നില്‍ മുണ്ടും തെറുത്തു കുത്തി അതേടാ ഞാന്‍ കാശുള്ളവനാണന്ന് ആക്രോശിക്കുന്നത് ഹീറോയിസമാണങ്കില്‍ എനിക്ക് ഒന്നും പറയാനില്ല.
പണമുണ്ടങ്കില്‍ മാസ്‌ക്കും ധരിക്കേണ്ട എന്നുണ്ടോ…പക്ഷേ ഒന്നുമറക്കണ്ട അരാഷ്ട്രീയവാദം ആപത്താണ്. ആര്‍ടിഒ ഓഫീസില്‍ കയറി ഭീഷണി മുഴക്കി കേരളം കത്തിക്കുമെന്നു പറഞ്ഞ ലക്ഷക്കണക്കിന് ഫാന്‍സ് പിന്‍ബലമുള്ള ബ്ലോഗറന്മാരുടെ ആരാധനക്കൂട്ടം സോഷ്യല്‍ മീഡിയായില്‍ നിറഞ്ഞാടിയത് നാം കണ്ടതാണ്.നൂറുകോടിക്ക് മേല്‍ പ്രതിഫലം വാങ്ങുന്ന തമിഴ്‌നടന്‍ വിജയ് യെ നാം കണ്ടു പഠിക്കേണ്ടതുണ്ട്. അദ്ദേഹം പെട്രോള്‍ വില വര്‍ദ്ധനവിനെതിരെ സൈക്കളില്‍ നടത്തിയ പ്രതിഷേധ യാത്ര ആ നടന്‍ സമൂഹത്തോടുള്ള തന്റെ പ്രതിബദ്ധത അടയാളപ്പെടുത്തുകയായിരുന്നു.ജീവിതം മുന്നോട്ട് കൊണ്ടുപോകാനാകാതെ പൊറുതിമുട്ടുന്ന ജനം പ്രതിഷേധിക്കുമ്പോള്‍ അവരുടെ മുഖത്തേക്ക് ദയവായ് നിങ്ങള്‍ കര്‍ക്കിച്ച് തുപ്പരുത്.
Discussion about this post