ലാല്‍ ജോസ് ചിത്രം ഡയമണ്ട് നെക്ലേസിലെ തമിഴത്തി നഴ്സിന്റെ കഥാപാത്രം ചെയ്ത് മലയാളികളുടെ മനസില്‍ ഇടം നേടിയ താരമാണ് ഗൗതമി നായര്‍. വിവാഹ ശേഷം സിനിമയില്‍ നിന്ന് മാറി നിന്ന താരം ഇപ്പോള്‍ തിരിച്ചു വന്നിരിക്കുകയാണ്. പക്ഷേ ഇത്തവണ സംവിധായകയുടെ തൊപ്പി അണിഞ്ഞാണ് താരത്തിന്റെ വരവ്. സണ്ണി വെയ്ന്‍, അനൂപ് മേനോന്, ദുര്‍ഗ കൃഷ്ണ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത് ആരംഭിച്ചു. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.
ദുല്‍ഖര്‍ സല്‍മാന്റെ ആദ്യ നായികയായി ‘സെക്കന്‍ഡ് ഷോ’ എന്ന ചിത്രത്തിലൂടെയാണ് ഗൗതമിയുടെ സിനിമയിലെ അരങ്ങേറ്റം. എന്നാല്‍ താരത്തെ പ്രശസ്തയാക്കിയത് ലാല്‍ ജോസ് ചിത്രം ഡയമണ്ട് നെക്ലേസിലെ തമിഴത്തി നഴ്സിന്റെ കഥാപാത്രമായിരുന്നു. ചിത്രത്തിലെ അഭിനയത്തിന് മികച്ച പ്രതികരണമായിരുന്നു താരത്തിന് ലഭിച്ചത്.
മോഹന്‍ലാല്‍ ചിത്രം ‘കൂതറ’യിലും ഗൗതമി ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു. ചാപ്റ്റേഴ്സ്, ക്യാമ്പസ് ഡയറി എന്നിവയാണ് മറ്റു ചിത്രങ്ങള്‍. സെക്കന്‍ഡ് ഷോയുടെ സംവിധായകനായ ശ്രീനാഥ് രാജേന്ദ്രനെയാണ് ഗൗതമി വിവാഹം കഴിച്ചത്.
Discussion about this post