ലോസ് ആഞ്ചെലസ് : ജനപ്രിയ സീരീസായ ഫ്രണ്ട്‌സിലെ ഗന്‍തര്‍ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധ നേടിയ നടന്‍ ജെയിംസ് മൈക്കിള്‍ ടെയ്‌ലര്‍ (59) അന്തരിച്ചു. പ്രോസ്‌റ്റേറ്റ് കാന്‍സര്‍ ബാധയെത്തുടര്‍ന്ന് മൂന്ന് വര്‍ഷത്തോളമായി ചികിത്സയിലായിരുന്നു.
1994ല്‍ സംപ്രേഷണം ആരംഭിച്ച ഫ്രണ്ട്‌സിലൂടെ തന്നെയായിരുന്നു ടെയ്‌ലറിന്റെ അരങ്ങേറ്റം. ഈ വര്‍ഷം പുറത്തിറങ്ങിയ ഫ്രണ്ട്‌സ് റീയൂണിയനിലും അദ്ദേഹം പ്രത്യക്ഷപ്പെട്ടിരുന്നു. പ്രേഷകരുടെയിടയില്‍ ഗന്‍തര്‍ ആയാണറിയപ്പെട്ടിരുന്നതെങ്കിലും സംഗീതത്തിലും സിനിമയുടെ സാങ്കേതികവിഭാഗത്തിലും ഇദ്ദേഹം കഴിവ് പ്രകടിപ്പിച്ചിട്ടുണ്ട്.
1962ല്‍ ഗ്രീന്‍വുഡിലാണ് ടെയ്‌ലറിന്റെ ജനനം. യൂണിവേഴ്‌സിറ്റി ഓഫ് ജോര്‍ജിയയില്‍ നിന്ന് ഫൈന്‍ ആര്‍ട്ട്‌സില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷം സിനിമയില്‍ ഭാഗ്യം പരീക്ഷിക്കാന്‍ ലോസ് ആഞ്ചെലസിലേക്ക് താമസം മാറി. നിരവധി ഓഡീഷനുകളില്‍ പങ്കെടുത്ത ശേഷമാണ് ഫ്രണ്ട്‌സിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. പത്ത് വര്‍ഷത്തോളം ഫ്രണ്ട്‌സില്‍ അഭിനയിച്ചു. സീരീസിന്റെ ഏകദേശം 236 എപ്പിസോഡുകളില്‍ ടെയ്‌ലറുണ്ട്.
ജസ്റ്റ് ഷൂട്ട് മി, സബ്രിന ദി ടീനേജ് വിച്ച്, തുടങ്ങിയ ടെലിവിഷന്‍ സീരീസുകളിലും ദി ഡിസ്റ്റര്‍ബന്‍സ്, മോട്ടല്‍ ബ്ലൂ തുടങ്ങിയ സിനിമകളിലും ടെയ്‌ലര്‍ വേഷമിട്ടിട്ടുണ്ട്.
Discussion about this post