ഔദ്യോഗിക പദവിയില്‍ നിന്ന് വിരമിച്ചതിനു പിന്നാലെ സിനിമാ സംവിധാനത്തിലേയ്ക്ക് തിരിഞ്ഞ് മുന്‍ ഡിജിപി ഋഷിരാജ് സിങ്. സത്യന്‍ അന്തിക്കാടിന്റെ അസിസ്റ്റന്റായാണ് ഋഷിരാജ് സിങിന്റെ തുടക്കം. ജയറാമും മീര ജാസ്മിനും മുഖ്യവേഷത്തില്‍ എത്തുന്ന, ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന സിനിമയിലാണ് സഹസംവിധായകനായി ഋഷിരാജ് സിങും എത്തിയിരിക്കുന്നത്.
സിനിമയുടെ കൊച്ചിയിലെ ലൊക്കേഷനില്‍ ദിവസവും ഋഷിരാജ് സിങ് എത്തുന്നുണ്ട്. പേനയും കടലാസുമായി അദ്ദേഹം മറ്റ് അസിസ്റ്റന്റുമാര്‍ക്കൊപ്പം ജോലി ചെയ്യുകയും ഓരോ ഷോട്ടിന്റെയും നോട്ട് എടുക്കുകയും ചെയ്യുന്നുണ്ട്. ശ്രീനിവാസന്‍ ആണ് സത്യനെ വിളിച്ച് ഋഷിരാജ് സിങ്ങിനെക്കൂടി ഉള്‍പ്പെടുത്താമോ എന്നു ചോദിച്ചത്. അതീവ താല്‍പര്യത്തോടെയാണു ഋഷിരാജ് സിങ് പഠിക്കുന്നതെന്നും അതു കണ്ടാണ് സിനിമയില്‍ പങ്കാളിയാക്കിയതെന്നും സത്യന്‍ അന്തിക്കാട് പ്രതികരിച്ചു.
ഋഷിരാജ് സിങിന്റെ വാക്കുകള്‍;
കുട്ടിക്കാലം മുതലേ സിനിമ വലിയ മോഹമാണ്. എന്നും ഒരു സിനിമ കണ്ട ശേഷമാണ് ഉറങ്ങുന്നത്. സര്‍വീസില്‍നിന്നു വിരമിച്ചതോടെ സിനിമ ഗൗരവമായി എടുത്തു. അതോടെ പഠിക്കാനും സമയം കിട്ടി. ഞാന്‍ ആദ്യം വിളിച്ചതു നടന്‍ ശ്രീനിവാസനെയാണ്. പരിചയ സമ്പന്നനായ ഒരാളുടെ കൂടെ പഠിക്കണമെന്നും സത്യനാണ് അതിനു പറ്റിയ ആളെന്നും ശ്രീനിവാസനാണ് പറഞ്ഞത്. നന്നായി പഠിച്ച ശേഷമേ സിനിമ സംവിധാനം ചെയ്യൂ. ആദ്യ സിനിമ മലയാളം തന്നെയായിരിക്കും.