മലയാളികള്‍ക്ക് പ്രിയങ്കരിയായ താരമാണ് സ്നേഹ ശ്രീകുമാര്‍. അടുത്തിടെ കൈരളി ടി.വിയിലെ ലൗഡ്സ്പീക്കര്‍ എന്ന പരിപാടിയില്‍ യുവനടിമാരുടെ ഫോട്ടോഷൂട്ടിനെ വിമര്‍ശിച്ചതിന്റെ പേരില്‍ വിമര്‍ശനം നിറഞ്ഞു നിന്നിരുന്നു. പരിപാടി അവതരിപ്പിക്കുന്ന അവതാരകരായ സ്നേഹ ശ്രീകുമാറിനെതിരെയും രശ്മിക്കമെതിരെയാണ് വിമര്‍ശന ശരങ്ങള്‍ എത്തുന്നത്.
നേരത്തെ, പരിപാടിക്കെതിരെ ഏസ്തര്‍ അനിലും ശ്രിന്ദയും രംഗത്ത് വന്നിരുന്നു. ഇവരെ ടാഗ് ചെയ്ത് വിമര്‍ശനങ്ങളില്‍ മറുപടിയുമായി എത്തിയിരിക്കുകയാണ് സ്നേഹ. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരത്തിന്റെ പ്രതികരണം.
കുറിപ്പ് ഇങ്ങനെ;
‘സ്നേഹ ശ്രീകുമാര്‍ എന്ന ഞാന്‍ ഒരു അഭിമുഖത്തിലോ വേദിയിലോ ആരെയും വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ല. കുറച്ചു ദിവസങ്ങളായി ലൗഡ് സ്പീക്കര്‍ പ്രോഗ്രാമുമായി ബന്ധപ്പെട്ടു വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവരികയാണ്. ആ പ്രോഗ്രാമില്‍ സുശീല, തങ്കു എന്നീ കഥാപാത്രങ്ങളെ യാണ് ഞാനും രശ്മിയും അവതരിപ്പിക്കുന്നത്.
സുശീല ഒരിക്കലും ഞാന്‍ എന്ന വ്യക്തിയല്ല, ഞങ്ങളുടെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ അല്ല ആ കഥാപത്രങ്ങള്‍ പറയുന്നത്. ഏതെങ്കിലും ഒരു താരം ഫോട്ടോഷൂട്ട് ചെയ്താല്‍ അതിനടിയില്‍വന്നു മോശം കമന്റ് ഇടുകയും, ചീത്തവിളിക്കുകയും ചെയ്യുന്ന കുറെ ആളുകള്‍ ഉണ്ടല്ലോ, അവരുടെ പ്രതിനിധികള്‍ ആണ് സുശീലയും തങ്കുവും.
അസൂയയും കുശുമ്പും ഒക്കെയുള്ള 2 കഥാപാത്രങ്ങള്‍. അവര്‍ ഈ സ്വഭാവത്തോടെ സംസാരിക്കുമ്പോഴും അതിലെ മറ്റു കഥാപാത്രങ്ങളോ, ജമാലുവോ അങ്ങിനെയല്ല വേണ്ടത് എന്ന് തിരുത്താറുണ്ട്, അത്തരം ആളുകളെ തിരുത്തുകയെന്നത് തന്നെയാണ് ഉദ്ദേശവും.
എസ്തര്, ശ്രിന്ദ തുടങ്ങിയവരുടെ ഫോട്ടോഷൂട്ടിനെ അസൂയയോടെ വിമര്‍ശിച്ചു അവര്‍ പറയുമ്പോള്‍ ആ സ്റ്റോറിയുടെ അവസാനം 7 മിനിട്ട് സമയമെടുത്ത് ജമാലു പറയുന്നത്, ഓരോരുത്തര്‍ക്കും ഇഷ്ട്ടമുള്ള വസ്ത്രം ധരിച്ചു ഫോട്ടോ എടുക്കാനും, സോഷ്യല്‍മീഡിയയില്‍ ഇടാനുമുള്ള അവകാശം ഉണ്ടെന്നും, ഫോട്ടോഷൂട്ടുകള്‍ താരങ്ങളുടെ പ്രൊഫഷന്റെ ഭാഗമാണെന്നും ആണ്.
പ്രോഗ്രാം മുഴുവനായി കണ്ടവര്‍ക്ക് കൃത്യമായി മനസിലാകും പ്രോഗ്രാം താരങ്ങളുടെ ഭാഗത്തുനിന്നാണ് സംസാരിച്ചത് എന്ന്. വീഡിയോ മുഴുവനായി അല്ല ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വന്നിട്ടുള്ളത്. ഞാന്‍ ഫോട്ടോഷൂട്ടുകള്‍ ചെയ്യാറുണ്ട്, മറ്റുള്ളവരുടെ ഫോട്ടോഷൂട്ടുകള്‍ ആസ്വദിക്കാറുമുണ്ട്. ഈ വീഡിയോ അറിഞ്ഞോ അറിയാതെയോ വിഷമം ഉണ്ടാക്കുന്നത് ആണ് എന്നതില്‍ എനിക്കും വിഷമം ഉണ്ട്.
Discussion about this post