മമ്മൂട്ടി എന്ന പേര് വന്നതിനു പിന്നാലെ കഥ പറഞ്ഞ് മെഗാസ്റ്റാര്‍ മമ്മൂട്ടി. മുഹമ്മദ് കുട്ടി എന്ന പേരില്‍ നിന്നും മമ്മൂട്ടി എന്ന പേരിലേയ്ക്ക് എത്തിയതിന്റെ കഥയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മമ്മൂട്ടി പേരിനു പിന്നിലെ രസകരമായ കഥ പറയുന്നത്.
ആ കഥ ഇങ്ങനെ;
മുഹമ്മദ് കുട്ടി എന്നത് എന്റെ വാപ്പയുടെ വാപ്പയുടെ പേരാണ്. ഉപ്പാപ്പയുടെ പേരാണ്. അത് സ്വാഭാവികമായും നമ്മുടെ നാടിന്റെ ഒരു ശീലം ആണല്ലോ. അച്ഛന്റെ പേര് അങ്ങനെ ഇടുന്ന ശീലം ഉണ്ടല്ലോ. അങ്ങനെയാണ് ഞാന്‍ മുഹമ്മദ് കുട്ടി ആകുന്നത്. എന്നാല്‍, മുഹമ്മദുകുട്ടി എന്ന് ഉപ്പാപ്പ ജീവിച്ചിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ മുന്നില്‍ വെച്ച് എന്നെ വിളിക്കാന്‍ എല്ലാവര്‍ക്കും ഒരു മടി ഉണ്ടാകും. അങ്ങനെ കുറച്ചുകൂടി കൊഞ്ചിച്ച് മുഹമ്മദ് കുഞ്ഞ് എന്നായി.
ഞാന്‍ പത്താംക്ലാസ് പഠിക്കുമ്പോള്‍ വരെ എല്ലാവരും എന്നെ മുഹമ്മദ് കുഞ്ഞ് എന്നാണ് വിളിച്ചിരുന്നത്. സ്‌കൂളില്‍ മാത്രമേ മുഹമ്മദ് കുട്ടി എന്ന് നല്‍കിയിരുന്നുള്ളൂ. വീട്ടുകാരും കൂട്ടുകാരും എല്ലാം എന്നെ മുഹമ്മദ് കുഞ്ഞ് എന്നായിരുന്നു വിളിച്ചിരുന്നത്. അന്നത്തെ കാലത്താണ് ഐക്യമുന്നണി ഒക്കെ വന്നത്. ഐമൂക്കാരാ എന്നൊക്കെ വിളിക്കുമായിരുന്നു എന്നെ. ഞാന്‍ കുറച്ചു കുസൃതി ആയതുകൊണ്ട് വികൃതിയും കുസൃതിയുമൊക്കെ ഉള്ള കുട്ടികളെ നമ്മള്‍ അങ്ങനെ റവല്യൂഷണറി എന്നൊക്കെ വിളിക്കുന്നതുപോലെ എന്നെ ഐമൂക്കാരാ എന്നൊക്കെ വിളിച്ചിട്ടുണ്ട്. എടാ ഐമു..എന്ന്.
അതൊരു ചെറിയ ഓര്‍മ്മയേ ഒള്ളു. പണ്ട് കുറച്ചു പ്രായമുള്ള അമ്മായിമാര്‍ ഒക്കെ വിളിക്കുന്നതാണ്. ഈ മുഹമ്മദ് കുട്ടി.. മുഹമ്മദ് കുട്ടി എന്ന പേരിലുള്ള ഒരു അസ്‌കിത ഉണ്ടല്ലോ. അത് വല്ലാത്ത ഒരു പഴഞ്ചന്‍ പേരാണ് എന്ന് തോന്നിയിട്ടുണ്ട്. എന്തെന്നു വെച്ചാല്‍ കുറച്ച് പ്രായമായ ആളുകളുടെ പേരല്ലേ അത്. എന്റെ ഉപ്പാപ്പയുടെ പേരാണത്. ഞാന്‍ ആ ലെവലിലാണ് ചിന്തിച്ചിരുന്നത്. അത്രയും പ്രായമായ ഒരാളുടെ പേര് എനിക്ക് കിട്ടിയതിലുള്ള ഒരു അരോചകം ഉണ്ടായിരുന്നു. അപ്പോള്‍ മഹാരാജാസ് കോളേജില്‍ ഫസ്റ്റ് ഇയര്‍ ചെന്നപ്പോള്‍ ഈ മുഹമ്മദ് കുട്ടി എന്ന പേര് ഞാന്‍ അങ്ങ് ഒളിപ്പിച്ചുവെച്ചു. എന്‍രെ പേര് ചോദിക്കുന്നവരോട് ഞാന്‍ ‘ഓമര്‍ ഷെരിഫ്’ എന്നു പറയും. അങ്ങനെ കോളേജില്‍ ഐഡന്റിറ്റി കാര്‍ഡ് വന്നു.
ഐഡന്റിറ്റി കാര്‍ഡ് ഒരു ദിവസം വെളിയില്‍ ഇട്ടപ്പോള്‍ അതില്‍ മുഹമ്മദ് കുട്ടി എന്ന എന്റെ പേര് കണ്ടു. നിന്റെ പേര് മമ്മൂട്ടി എന്നാണോ എന്ന് പറഞ്ഞ് ഒരു സുഹൃത്ത് പൊട്ടിച്ചിരിച്ചു. അങ്ങനെ എന്റെ പേര് മമ്മൂട്ടി എന്നായി. അങ്ങനെയാ കള്ളത്തരം അവര്‍ പിടിച്ചു. ശശിധരന്‍ എന്നുപറയുന്ന ഒരു ഫ്രണ്ട് ആയിരുന്നു അത്. അവന്‍ ഇപ്പോള്‍ എവിടെയാണോ ആവോ.
അങ്ങിനെ ഞാന്‍ മമ്മൂട്ടിയായി.. അത് മുഹമ്മദ് കുട്ടിയെക്കാള്‍ അരോചകമായി തോന്നി. എന്നെ കളിയാക്കി വിളിച്ച ഒരു പേരാണ് മമ്മൂട്ടി എന്നത്. പക്ഷേ ആ മമ്മൂട്ടി ആണ് ഇന്ന് ഈ മമ്മൂട്ടി ആയത്.