ചെന്നൈ: അഭ്യൂഹങ്ങള്‍ക്ക് വിരാമം, വിവാഹ മോചനവാര്‍ത്ത സ്ഥിരീകരിച്ച്
തെന്നിന്ത്യന്‍ താരങ്ങളായ സാമന്തയും നാഗചൈതന്യയും. സോഷ്യല്‍ മീഡിയ വഴിയാണ് ഇരുവരും തങ്ങള്‍ വിവാഹ ബന്ധം വേര്പ്പെടുത്തുന്നെന്ന് ആരാധകരെ അറിയിച്ചത്.
‘ഞങ്ങളുടെ എല്ലാ സുമനസ്സുകള്‍ക്കും. ഒരുപാട് ആലോചനകള്‍ക്കും ചിന്തകള്‍ക്കും ശേഷം ഭാര്യ-ഭര്‍ത്താവ് എന്ന നിലയില്‍ നിന്ന് പിരിഞ്ഞ് സ്വന്തം വഴികള്‍ തേടാന്‍ ഞാന്‍ തീരുമാനിച്ചു. ഒരു ദശാബ്ദത്തിലേറെ നീണ്ട സൗഹൃദം ഞങ്ങളുടെ ഭാഗ്യമാണ്, ഞങ്ങള്‍ക്കിടയില്‍ എന്നും ഒരു പ്രത്യേക ബന്ധം നിലനില്‍ക്കുമെന്ന് വിശ്വസിക്കുന്നു. ബുദ്ധിമുട്ടുള്ള ഈ സമയത്ത് ഞങ്ങളെ പിന്തുണയ്ക്കാനും മുന്നോട്ട് പോകാന്‍ ആവശ്യമായ സ്വകാര്യത നല്‍കാനും ഞങ്ങളുടെ ആരാധകരോടും അഭ്യുദയകാംക്ഷികളോടും മാധ്യമങ്ങളോടും അഭ്യര്‍ത്ഥിക്കുന്നു’- താരങ്ങള്‍ പോസ്റ്റില്‍ കുറിച്ചു.
അടുത്തിടെ സാമൂഹ്യമാധ്യമങ്ങളില്‍ സാമന്ത തന്റെ പേരില്‍ നിന്നും നാഗചൈതന്യയുടെ കുടുംബപേരായ അക്കിനേനി എന്ന ഭാഗം ഒഴിവാക്കിയിരുന്നു. ഇതോടെയാണ് നാഗചൈതന്യയും സാമന്തയും വേര്‍പിരിയുന്നുവെന്ന് അഭ്യൂഹങ്ങള്‍ വന്നത്. ഇത് സംബന്ധിച്ച ചോദ്യങ്ങളോട് ഇരുവരും ഒഴിഞ്ഞുമാറുകയും ചെയ്തിരുന്നു.
2017 ഒക്ടോബര്‍ ആറിനാണ് നാഗചൈതന്യയും സാമന്തയും തമ്മില്‍ വിവാഹിതരായത്. തെന്നിന്ത്യന്‍ സിനിമയില്‍ ഏറ്റവും അധികം ആരാധകരുള്ള താരദമ്പതിമാരാണ് ഇരുവരും. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്.
Discussion about this post