പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലിനെ ഡോക്ടറെന്ന നിലയിലും, പ്രവാസി മലയാളി അസോസിയേഷനുമായി ബന്ധപ്പെട്ടുമാണ് പരിചയമെന്ന് നടി ശ്രുതി ലക്ഷ്മി. മോന്‍സണ്‍ മാവുങ്കലുമായി അടുപ്പമുണ്ടെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് താരത്തിന്റെ പ്രതികരണം.
അത്തരം വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് ശ്രുതി പറയുന്നു, പ്രവാസിമലയാളി അസോസിയേഷമുമായി ബന്ധപ്പെട്ട നൃത്തപരിപാടികളില്‍ പങ്കെടുത്തതും മറ്റ് മെഗാ ഷോകളില്‍ പരിപാടി അവതരിപ്പിച്ചതുമാണ് മോന്‍സണുമായുള്ള ഏക ബന്ധമെന്നും താരം കൂട്ടിച്ചേര്‍ത്തു. ഡോക്ടറെന്ന നിലയിലും അദ്ദേഹത്തിന്റെ സേവനം ലഭിച്ചിട്ടുണ്ടെന്നും ശ്രുതി ലക്ഷ്മി പറഞ്ഞു. മോന്‍സണ്‍ തട്ടിപ്പുകാരനെന്ന വാര്‍ത്ത കേട്ട് ഞെട്ടിയെന്നും ശ്രുതി ലക്ഷ്മി.
ശ്രുതി ലക്ഷ്മിയുടെ വാക്കുകള്‍;
തികച്ചും പ്രഫഷണലായ ബന്ധം മാത്രമാണ് മോന്‍സണുമായി ഉള്ളത്. വളരെ നന്നായി ഇടപെടുന്ന വ്യക്തിയായതുകൊണ്ടാണ് അദ്ദേഹം വിളിച്ച പരിപാടികളില്‍ പങ്കെടുത്തത്. ഒരു പരിപാടിക്കിടെയാണ് പരിചയപ്പെട്ടത്. ആ പരിപാടിയില്‍ എന്റെ അമ്മയും സഹോദരിയുമായിരുന്നു പോയത്. അതിനു ശേഷം പ്രവാസി മലയാളിയുടെ പരിപാടികളുടെ ഡാന്‍സ് പ്രോഗ്രാം എന്റെ ടീമിനെ ആണ് ഏല്‍പിച്ചിരുന്നത്. അങ്ങനെ കുറച്ച് നൃത്ത പരിപാടികള്‍ അദ്ദേഹത്തിനു വേണ്ടി ചെയ്തിട്ടുണ്ട്. ചേര്‍ത്തലയില്‍ നടന്ന ഒരു മെഗാ ഇവന്റില്‍ എം.ജി. ശ്രീകുമാറിന്റെയും റിമി ടോമിയുടെയും ഗാനമേളയും എന്റെ ടീമിന്റെ ഡാന്‍സ് പരിപാടിയും ഒക്കെ ഉണ്ടായിരുന്നു. അന്ന് അവിടെ ഒരുപാട് താരങ്ങള്‍ വന്നിരുന്നു. അതിനു ശേഷം അദ്ദേഹത്തിന്റെ പിറന്നാള്‍ ആഘോഷത്തിനും വിളിച്ചു. അത് കൊവിഡ് സമയത്ത് ആയതിനാല്‍ അധികം ആര്‍ട്ടിസ്റ്റുകളൊന്നും ഇല്ലാതെ ഞാനും ചേച്ചിയും മറ്റു കുറച്ചുപേരുമാണ് നൃത്തം ചെയ്തത്. ആ വിഡിയോ ആണ് ഇപ്പോള്‍ വളരെ മോശമായി പ്രചരിച്ചുകൊണ്ടിരിക്കുന്നത്.
എല്ലാവരോടും വളരെ നന്നായിട്ടു പെരുമാറിയിട്ടുള്ള ആളാണ് മോന്‍സണ്‍ മാവുങ്കല്‍. പരിപാടികള്‍ക്ക് പേയ്മെന്റ് കൃത്യമായി തരും. ആര്‍ട്ടിസ്റ്റുകള്‍ അതു മാത്രമല്ലേ നോക്കാറുള്ളൂ. ഞാന്‍ ഒരു പരിപാടിക്ക് പോകുമ്പോള്‍ പ്രതിഫലത്തേക്കാള്‍ കൂടുതല്‍ സുരക്ഷിതമായി തിരികെ വീട്ടില്‍ എത്തുക എന്നുള്ളതിനാണ് മുന്‍ഗണന കൊടുക്കുന്നത്. ആ സുരക്ഷിതത്വം അവിടെ കിട്ടിയിരുന്നു. അതുകൊണ്ടാണ് പിന്നീടും അദ്ദേഹം വിളിച്ചപ്പോള്‍ പരിപാടികള്‍ക്കു പോയത്. അപ്പോഴെല്ലാം അദ്ദേഹത്തിന്റെ കുടുംബവും ഉണ്ടാകുമെന്നും നടി പറഞ്ഞു.
ഏറെ നാളായി തന്നെ അലട്ടിയിരുന്ന മുടികൊഴിച്ചില്‍ നിന്നത് മോന്‍സണ്‍ നല്‍കിയ മരുന്ന് ഉപയോഗിച്ച ശേഷമാണെന്നും ശ്രുതി ലക്ഷ്മി കൂട്ടിച്ചേര്‍ത്തു. മോന്‍സണ്‍ ഡോക്ടര്‍ ആണോ എന്നറിയില്ല, പക്ഷേ എന്നെ വളരെ നാളായി വിഷമിപ്പിച്ചിരുന്ന അസുഖമാണ് മുടി കൊഴിച്ചില്‍. അത് സാധാരണ മുടി കൊഴിച്ചില്‍ അല്ല, അലോപ്പേഷ്യ എന്ന അസുഖമാണ്. ഒരുപാട് ആശുപത്രികളില്‍ ചികില്‍സിച്ചിട്ടു മാറാത്ത അസുഖം അദ്ദേഹം മരുന്നു തന്നപ്പോള്‍ മാറി. അത് എനിക്ക് വളരെ ആശ്വാസം തന്ന കാര്യമായിരുന്നു. മോന്‍സണ്‍ എന്തു മരുന്ന് തന്നാലും അത് നല്ല എഫക്ടീവ് ആയിരുന്നുവെന്നും ശ്രുതി ലക്ഷ്മി പറഞ്ഞു.
Discussion about this post