മുംബൈ: തന്റെ സ്ഥാപനങ്ങളിൽ നടന്ന ആദായനികുതി വകുപ്പിന്റെ പരിശോധനക്ക് പിന്നാലെ പ്രതികരണവുമായി ബോളിവുഡ് താരം സോനു സൂദ്. തന്റെ ഫൗണ്ടേഷനിലെ ഓരോ രൂപയും ഓരോരുത്തരുടെ ജീവൻ രക്ഷപ്പെടുത്താൻ ഊഴം കാത്തുകിടക്കുകയാണെന്നായിരുന്നു സോനുവിന്റെ പ്രതികരണം. കൂടാതെ നാലുദിവസമായി തന്റെ വീട്ടിലെത്തിയ അതിഥികളെ സ്വീകരിക്കുന്ന തിരക്കിലായിരുന്നുവെന്നും ആദായ നികുതി വകുപ്പിനെ പരിഹസിച്ച് സോനു സൂദ് ട്വീറ്റ് ചെയ്തു.
കോവിഡ് ലോക്ക്ഡൗൺകാലത്ത് സോനു സൂദിന്റെ പ്രവർത്തനങ്ങൾക്ക് വൻ ജനപ്രീതി നേടിയിരുന്നു. ദിവസങ്ങൾക്ക് മുമ്പ് താരം ആം ആദ്മി പാർട്ടിയുമായി കൈകോർക്കുമെന്നും തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നുമുള്ള റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണ് ആദായനികുതി വകുപ്പ് സോനു സൂദിന്റെ വസതിയിലും ഓഫിസുകളിലും റെയ്ഡ് നടത്തിയത്.
20 കോടിയുടെ നികുതി വെട്ടിപ്പ് കണ്ടെത്തിയതായി ഐടി വകുപ്പ് അറിയിച്ചിരുന്നു. കൂടാതെ ചാരിറ്റി ഫൗണ്ടേഷന് ലഭിച്ച തുക ചെലവാക്കിയില്ലെന്നും സോനുവിനെതിരെ ആരോപണം ഉന്നയിച്ചു.
‘കഥയിലെ നിങ്ങളുടെ വശം എപ്പോഴും പറയേണ്ടതില്ല, സമയം വരും’ എന്ന തലക്കെട്ടോടെയാണ് സോനു ട്വീറ്റ് ചെയ്തിരിക്കുന്നത്.
സോനു സൂദിന്റെ ട്വീറ്റ്:
‘ഓരോ ഇന്ത്യക്കാരന്റെയും സന്മനസോടെ ഏറ്റവും പ്രയാസമേറിയ പാത പോലും മറികടക്കാൻ സാധിക്കും. എന്റെ ഫൗണ്ടേഷനിലെ ഓരോ രൂപയും ഒരു വിലപ്പെട്ട ജീവൻ രക്ഷിക്കുന്നതിനായി കാത്തുകിടക്കുന്നു. ഇതു കൂടാതെ, മാനുഷിക ആവശ്യങ്ങൾക്കായി പല സന്ദർഭങ്ങളിലും എന്റെ ഫീസ് സംഭാവന ചെയ്യുന്നതിനായി പല ബ്രാൻഡുകളോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഇപ്പോഴും അങ്ങനെ തന്നെ മുന്നോട്ടുപോകുന്നു. അതിഥികളെ സ്വീകരിക്കുന്ന തിരക്കിലായതിനാൽ കഴിഞ്ഞ നാലു ദിവസമായി ഈ സേവനത്തിലൂടെ നിങ്ങളുമായി ബന്ധപ്പെടാൻ കഴിഞ്ഞിരുന്നില്ല. വീണ്ടും വിനയത്തോടെ നിങ്ങളുടെ മുമ്പിലേക്ക് ഞാൻ തിരിച്ചെത്തുന്നു’
“सख्त राहों में भी आसान सफर लगता है,
हर हिंदुस्तानी की दुआओं का असर लगता है” 💕 pic.twitter.com/0HRhnpf0sY— sonu sood (@SonuSood) September 20, 2021