ഉപ്പും മുളകും താരം ജൂഹി റസ്തഗിയുടെ അമ്മ വാഹനാപകടത്തില്‍ മരിച്ച വാര്‍ത്ത ഏറെ വേദനയോടെയാണ് പ്രേക്ഷകര്‍ കേട്ടത്. ഇരുമ്പനം സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡില്‍ എച്ച്പിസിഎല്ലിന് മുന്നിലുണ്ടായ അപകടത്തിലാണ് ഭാഗ്യലക്ഷ്മി മരിച്ചത്. സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന ഭാഗ്യലക്ഷ്മിയെയും മകനെയും പിന്നാലെ വന്ന കുടിവെള്ള ടാങ്കര്‍ ഇടിച്ചിടുകയായിരുന്നു.
അമ്മയെ നഷ്ടപ്പെട്ട ജൂഹിയുടെ വേദനയില്‍ എല്ലാവരും ആത്മാര്‍ഥമായ ദുഃഖം പങ്കിട്ടു.’സ്‌നേഹനിധിയായ ആന്റി. അല്‍സൂ എന്ന സ്‌നേഹത്തോടെയുള്ള ആ വിളി നിലച്ചു. ഈശ്വരന്‍ ഇഷ്ടമുള്ളവരെ വേഗം വിളിക്കും എന്നെപ്പോഴും ആന്റി പറഞ്ഞത് ഇതാണോ ?” – ഉപ്പും മുളകില്‍ ജൂഹിയുടെ സഹതാരമായിരുന്ന അല്‍സാബിത്ത് സമൂഹമാധ്യമത്തില്‍ കുറിച്ചു.
ബിസിനസ് ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയ രാജസ്ഥാന്‍ സ്വദേശിയായ രഘുവീര്‍ ശരണ്‍ റസ്തഗി കേരളത്തോടുമുള്ള ഇഷ്ടം കൊണ്ടാണ് മലയാളിയെ വിവാഹം ചെയ്യാമെന്ന് തീരുമാനിക്കുകയായിരുന്നു. ചോറ്റാനിക്കര സ്വദേശി ഭാഗ്യലക്ഷ്മിയെ ജീവിതസഖിയാക്കി അദ്ദേഹം ആഗ്രഹം സഫലമാക്കി.
മകള്‍ ജൂഹി ഒരു നടി ആകണമെന്ന് അച്ഛന് ആഗ്രഹിച്ചിരുന്നു. എന്നാല്‍ അതു യാഥാര്‍ഥ്യമാകും മുമ്പ് അദ്ദേഹം ലോകത്തോട് വിട പറഞ്ഞു. എങ്കിലും അമ്മ മക്കള്‍ക്ക് തണലൊരുക്കി കുടുംബം മുന്നോട്ട് നയിക്കുകയായിരുന്നു. ഷൂട്ടിനും മറ്റു പരിപാടികള്‍ക്കും അമ്മയാണ് ഒപ്പം വന്നിരുന്നത്.
Discussion about this post