‘ഒരുങ്ങാന്‍ ഏറെ ഇഷ്ടമുള്ളവളായിരുന്നു എന്റെ കുട്ടി, ഒരു ഗൗണ്‍ നഴ്‌സുമാര്‍ക്ക് നല്കിയിട്ട് പറഞ്ഞു, രാജകുമാരിയെ പോലെ തന്നെ ഒരുക്കി അവളെ യാത്രയാക്കണം’; ശരണ്യയുടെ അവസാന നിമിഷങ്ങളെക്കുറിച്ച് കണ്ണീരോടെ സീമ ജി നായര്‍

നടി ശരണ്യയുടെ മരണം കേരളക്കരയെ ഒന്നടങ്കം വേദനയിലാഴ്ത്തിയിരുന്നു. തന്റെ അവസാന നിമിഷം വരെ കാന്‍സറിനോടു പൊരുതിയാണ് ശരണ്യ മരണത്തിനു കീഴടങ്ങിയത്. ഇന്നും ആ വിയോഗത്തിന്റെ ആഘാതത്തില്‍ നിന്നും ഉറ്റവരും സുഹൃത്തുക്കളും മോചിതരായിട്ടില്ല.

ശരണ്യയുടെ വിയോഗം ഏറ്റവും അധികം വേദനിച്ചത് നടി സീമ ജി നായരാണ്. വര്‍ഷങ്ങളോളമായി ശരണ്യയ്ക്ക് താങ്ങായും തണലായും സീമ ഒപ്പമുണ്ട്. ചികിത്സയ്ക്ക് വേണ്ടി പണം നല്‍കിയും താമസിക്കാന്‍ ഇടം നല്‍കിയും ശരണ്യയെയും കുടുംബത്തെയും സീമ നെഞ്ചോട് ചേര്‍ത്തുപിടിച്ചു.

ശരണ്യയുടെ അവസാന നിമിഷങ്ങളെക്കുറിച്ചും അവള്‍ അനുഭവിച്ച വേദനകളെ കുറിച്ചും പറയുകയാണ് സീമ. ”അവസാന ഘട്ടങ്ങളില്‍ ശരണ്യ അത്രയേറെ വേദന സഹിച്ചു. ഡോക്ടര്‍മാര്‍ ക്രിട്ടിക്കലാണെന്ന് പറഞ്ഞു. ഡോക്ടര്‍മാരുടെ വാക്കുകളിലും പ്രതീക്ഷയില്ലായിരുന്നു. പക്ഷേ അവള്‍ ഒരിക്കല്‍ തിരിച്ചു വന്നവളായതു കൊണ്ട് ഇക്കുറിയും പ്രതീക്ഷിച്ചു. പക്ഷേ എല്ലാം വെറുതെയായി.’- സീമ പറയുന്നു.

”ഐസിയുവില്‍ ഞാനോടിയെത്തുമ്പോള്‍ എല്ലാം അവസാനിക്കുകയായിരുന്നു. അവള്‍ ഞങ്ങളുടെ കണ്മുന്നില്‍ കൂടി വഴുതി പോയി. ഏറ്റവും വേദനിപ്പിക്കുന്ന കാഴ്ച ശരണ്യയുടെ അമ്മ ഗീതയായിരുന്നു. അവളെ കാണാനുള്ള ധൈര്യം പോലും ആ മനസിനില്ലായിരുന്നു.”- കണ്ണീരോടെ സീമ പറയുന്നു.

” മരണം സംഭവിച്ച വിവരം അമ്മയെ അറിയിക്കാന്‍ വളരെ ബുദ്ധിമുട്ടി. എന്തു പറയണമെന്നറിയില്ല. അതായിരുന്നു അവസ്ഥ. പക്ഷേ മാധ്യമങ്ങളിലൂടെ അമ്മയ്ക്ക് അതറിയേണ്ടി വന്നു. പിന്നെ അവിടെ സംഭവിച്ചത് കണ്ണീര്‍ നിമിഷങ്ങളാണ്- സീമ കൂട്ടിച്ചേര്‍ത്തു. ”രാജകുമാരിയെ പോലെ ഒരുക്കി അവളെ യാത്രയാക്കണം. അവളെ ഇതണിയിക്കണം എന്നു പറഞ്ഞ് ഒരു ഗൗണ്‍ നഴ്‌സുമാര്‍ക്ക് നല്കി. ഒരുങ്ങാന്‍ ഏറെ ഇഷ്ടമുള്ളവളായിരുന്നു എന്റെ കുട്ടി- വാക്കുകള്‍ മുറിഞ്ഞ് സീമ പറയുന്നു.

Exit mobile version