സിനിമയിൽ നിന്നും കുറച്ചുകാലം വിട്ടുനിന്ന ശേഷം ഗംഭീര തിരിച്ചുവരവ് നടത്തിയ നടനും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപി തന്റെ സഹായങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ്. തന്നാലാകും വിധം കഷ്ടപ്പെടുന്ന താരത്തിന്റെ നന്മ സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നതിനിടെയാണ് തനിക്ക് ഒരുപാട് സഹായങ്ങൾ ചെയ്യാനുള്ള സാമ്പത്തിക ശേഷി ഇല്ലെന്ന് തുറന്നി പറഞ്ഞിരിക്കുന്നത്.
കഴിഞ്ഞ 5 വർഷം താൻ സിനിമയിൽ ഇല്ലായിരുന്നു. ആ സമയത്ത് സിനിമ ചെയ്ത് സമ്പാദിച്ചവർ ചെയ്യുന്ന കാര്യങ്ങൾ വെച്ച് തന്റെ പ്രവർത്തികളെ താരതമ്യം ചെയ്യരുത്. താൻ ഉള്ളതിൽ നിന്നല്ല ഇല്ലാത്തതിൽ നിന്നുമാണ് സഹായങ്ങൾ ചെയ്യുന്നതെന്നും താരം കൂട്ടിച്ചേർത്തു. തന്നെ വിളിക്കുന്ന എല്ലാവരെയും തനിക്ക് സഹായിക്കാൻ പറ്റില്ലെന്നും തനിക്കും മകളുടെ പേരിലുള്ള ഫൗണ്ടേഷനും ബോധ്യം വരുന്നവരെയാണ് സഹായിക്കാറെന്നും അദ്ദേഹം പറഞ്ഞു. ‘എന്നെ വിളിക്കുന്ന എല്ലാവരെയും സഹായിക്കാൻ എനിക്കാവില്ല. ഞാൻ കണ്ടെത്തും. അത് സോഷ്യൽ മീഡിയയിലൂടെയോ ചാനലുകളിലൂടെയോ വരുന്ന വാർത്തകളിലൂടെയായിരിക്കും. എന്റെ മകൾ ലക്ഷ്മിയുടെ പേരിലുള്ള ട്രസ്റ്റിലേക്ക് ഞാൻ വിളിച്ച് പറയും. അവർക്കത് സത്യസന്ധമാണെന്ന് തോന്നിയാൽ അത് ചെയ്യും. അല്ലാതെ വിളിക്കുന്ന എല്ലാവർക്കും കൊടുക്കാനുള്ള ധനസമ്പാദ്യം എനിക്കില്ല,’ -സുരേഷ് ഗോപി ഒരു അഭിമുഖത്തിൽ പറഞ്ഞു.
സിനിമയിൽ നിന്നും വിട്ട് നിന്ന സമയത്ത് മകളുടെ ഫീസ് അടക്കാനുള്ള പണം പോലും തന്റെ അക്കൗണ്ടിൽ ഉണ്ടായിരുന്നില്ലെന്ന കാര്യവും അഭിമുഖത്തിൽ അദ്ദേഹം തുറന്ന് പറയുന്നുണ്ട്. ‘എനിക്കിത് പറയുന്നതിൽ ഒരു മാനക്കേടും തോന്നാറില്ല. 2019 സെപ്റ്റംബറിൽ വാൻകൂവറിൽ പഠിക്കുന്ന എന്റെ മകൾക്ക് സെമസ്റ്റർ ഫീസ് അടക്കാനുള്ള കാശ് എന്റെ അക്കൗണ്ടിലില്ലായിരുന്നു,’. ഇതാണ് തന്റെ മനസിൽ വലിയ മാറ്റം കൊണ്ടുവന്നതെന്നും അവിടെയാണ് നീട്ടിവച്ചിരുന്ന സിനിമാ പദ്ധതിയായ ‘കാവൽ’ തുടങ്ങാം എന്ന് സമ്മതം പറഞ്ഞതെന്നും ഇനിയും സിനിമ ചെയ്യണമെന്ന് നിശ്ചയിച്ചതെന്നും താരം പറയുന്നു.
എന്നാൽ, മലയാള സിനിമയിൽ ഭീകര അന്തരീക്ഷമാണെന്നായിരുന്നു അദ്ദേഹം കാവലിന്റെ ചിത്രീകരണം നീണ്ടുപോയതിനെ പരാമർശിച്ചു കൊണ്ട് പറഞ്ഞത്. ‘ചെയ്യാമെന്ന് സമ്മതം പറഞ്ഞ ആ സിനിമയും മുടക്കി. ഭീകര അന്തരീക്ഷമാണ് ഇവിടെ. അത് മുടക്കി, മുടക്കിച്ചു. അത് നടന്നില്ല. കാവൽ അന്ന് 2019ൽ നടക്കേണ്ടതായിരുന്നു,’ സുരേഷ് ഗോപി പറഞ്ഞു. അനൂപ് സത്യൻ സംവിധാനം ചെയ്ത ‘വരനെ ആവശ്യമുണ്ട്’ ആണ് സുരേഷ് ഗോപിയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം. കാവൽ, ഒറ്റക്കൊമ്പൻ, പാപ്പൻ എന്നിവയാണ് റിലീസിനൊരുങ്ങുന്ന മറ്റ് ചിത്രങ്ങൾ.
Discussion about this post