പ്രണയത്തിന് കാലവും പ്രായവും ദൂരവുമൊന്നും പ്രശ്നമേയില്ല. സത്യസന്ധമായ പ്രണയം അത് വിജയത്തില്‍ തന്നെയെത്തും, എത്ര വൈകിയാലും എന്നാണ് പറയാറ്.
കാത്തിരിപ്പിനൊടുവില്‍ വിജയം നേടുന്ന അക്വാമാനാണ് ഹോളിവുഡില്‍ തരംഗമാവുന്നത്.
ഡിസി സൂപ്പര്‍ ഹിറോ സീരീസുകളില്‍ ഏറ്റവും ഒടുവിലായെത്തിയ അക്വാമാനെ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത് ജേസണ്‍ മമോവ ആണ്. ചിത്രം വമ്പന്‍ ഹിറ്റിലേക്ക്് നീങ്ങുമ്പോള്‍ താരത്തിന്റെ ജീവിതം വാര്ത്തായാവുകയാണ്.
2000ത്തിന്റെ തുടക്കത്തില്‍ ഹോളിവുഡില്‍ എത്തിയെങ്കിലും പിന്നെയും ഒരു പതിറ്റാണ്ടിലേറെ കാത്തിരിക്കേണ്ടി വന്നു ജേസണ്‍ മമോവയെ അര്‍ഹിച്ച വേഷവും വിജയവും സ്വന്തമാക്കാന്‍.
ജീവിതത്തിലും ഈ കാത്തിരിപ്പ് അദ്ദേഹത്തിന്റെ കൂടപ്പിറപ്പാണ്. ഭാര്യയായ ലിസ ബോണറ്റിനെ ജേസണ്‍ മമോവ പ്രണയിച്ച് തുടങ്ങിയത് അദ്ദേഹത്തിന്റെ എട്ടാം വയസ്സിലാണ് അന്നത്തെ ആ എട്ടുവയസുകാരന് പ്രണയിച്ച ലിസയുടെ പ്രായം 21 ആയിരുന്നു. ടെലിവിഷനില്‍ കണ്ടാണ് ജേസണ്‍ ലിസയോട് പ്രണയം തോന്നുന്നത്.
എന്നാല്‍ ഇരുവരും നേരിട്ട് കണ്ടമുട്ടിയത് 2005 ലും. അപ്പോള്‍ ജേസണിന് വയസ്സ് 26 ഉം ലിസയ്ക്ക് 39 ഉം. ന്യൂയോര്‍ക്കിലെ ജാസ് ക്ലബ്ബില്‍ വച്ച് പാര്‍ട്ടിക്കിടെ ഒരു സുഹൃത്താണ് ലിസയെ ജേസണ്‍ പരിചയപ്പെടുത്തി കൊടുക്കുന്നത്. ആ സൗഹൃദം ജേസണ്‍ ആഗ്രഹിച്ച പോലെ പ്രണയമായി. ഇരുവരും ഒരുമിച്ച് താമസിക്കാനും ആരംഭിച്ചു.
പക്ഷെ അന്നൊന്നും എട്ടാം വയസ്സില്‍ തനിക്ക് തോന്നിയ പ്രണയത്തെപ്പറ്റി ജേസണ്‍ ലിസയോട് പറഞ്ഞിരുന്നില്ല. ഇരുവര്‍ക്കും 2007 ല്‍ ലോല എന്ന പെണ് കുഞ്ഞ് ജനിച്ചു, തൊട്ടടുത്ത വര്‍ഷം അവള്‍ക്കൊരു അനിയനും. രണ്ട് കുട്ടികളും ജനിച്ച ശേഷമായിരുന്നു തന്റെ കുട്ടിക്കാലത്തെ പ്രണയ രഹസ്യം ലിസയോട് ജേസണ്‍ പറയുന്നത്. അവിശ്വസനീയതയോടെയാണ് ലിസ തന്റെ വാക്കുകള്‍ കേട്ട് ഇരുന്നതെന്ന് ജേസണ്‍ പറയുന്നു.
2017 ലാണ് ഇരുവരും തമ്മില്‍ ഔദ്യോഗികമായി വിവാഹിതരായത്. ലിസയും ആദ്യവിവാഹത്തിലെ മകളും നടിയുമായ സിയോ ക്രാവിറ്റ്സിന്റെ പിതൃസ്ഥാനവും ഇതോടൊപ്പം ജേസണ്‍ ഏറ്റെടുത്തു.
Discussion about this post