ചെന്നൈ: നടന്‍ വിജയ്ക്ക് പിന്നാലെ ധനുഷും കോടതിയിലേയ്ക്ക്. വിദേശത്തുനിന്നു ഇറക്കുമതി ചെയ്ത ആഡംബര കാറിനു നികുതിയിളവ് ആവശ്യപ്പെട്ടാണ് താരം കോടതിയെ സമീപിച്ചത്. സമാന സ്വഭാവമുള്ള കേസില്‍ മുന്‍പു നടന്‍ വിജയ്ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച അതേ ജഡ്ജി തന്നെയാണ് ഈ കേസും പരിഗണനയ്ക്ക് എടുത്തിരിക്കുന്നത്.
കേസില്‍ മദ്രാസ് ഹൈക്കോടതി ഇന്നോ നാളെയോ വിധി പറഞ്ഞേക്കും. കഴിഞ്ഞ ദിവസം കേസ് വിളിച്ചപ്പോള്‍ ധനുഷിന്റെ ഭാഗത്തുനിന്ന് അഭിഭാഷകന്‍ ഹാജരായിരുന്നില്ല. ഇതോടെയാണ് വിധി പറയുന്നത് മാറ്റിവെച്ചത്. വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത കാറിന്റെ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനായി റീജനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ കൊമേഴ്ഷ്യല്‍ ടാക്‌സ് വിഭാഗത്തിന്റെ എന്‍ഒസി ആവശ്യപ്പെട്ടതോടെയാണു 2015ല്‍ ധനുഷ് കോടതിയെ സമീപിച്ചത്.
എന്‍ഒസി ലഭിക്കാന്‍ 60.66 ലക്ഷം രൂപ നികുതി അടയ്ക്കണമെന്നു കൊമേഴ്ഷ്യല്‍ ടാക്‌സ് വിഭാഗം ആവശ്യപ്പെട്ടിരുന്നു. റിട്ട് ഹര്‍ജി നല്‍കിയതിനു പിന്നാലെ നികുതി തുകയുടെ 50 ശതമാനം രണ്ട് ആഴ്ചയ്ക്കുള്ളില്‍ അടയ്ക്കാന്‍ ധനുഷിനോട് ആവശ്യപ്പെട്ടു. പിന്നീടു സമയപരിധി നീട്ടി നല്‍കുകയും ധനുഷ് 30.33 ലക്ഷം രൂപ അടയ്ക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് വാഹനത്തിന്റെ റജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ജസ്റ്റിസ് എം. ദുരൈസ്വാമി ആര്‍ടിഒയ്ക്കു നിര്‍ദേശം നല്‍കിയിരുന്നു.
Discussion about this post