കൊച്ചി: ജയസൂര്യയെ നായകനാക്കി സംവിധായകന്‍ നാദിര്‍ഷാ ഒരുക്കുന്ന ‘ഈശോ’ എന്ന ചിത്രത്തിനെതിരെ സോഷ്യല്‍ മീഡിയകളില്‍ വന്‍ വിമര്‍ശനമാണുയരുന്നത്. ചിത്രത്തിന്റെ ‘ഈശോ നോട്ട് ഫ്രം ദി ബൈബിള്‍’ എന്ന പേര് മതവികാരം വ്രണപ്പെടുന്നതാണെന്നും ‘നോട്ട് ഫ്രം ദി ബൈബിള്‍’ എന്ന ടാഗ്ലൈന്‍ ആവശ്യമുണ്ടായിരുന്നില്ലെന്നുമാണ് വിമര്‍ശനമുയരുന്നത്.
അതേസമയം, സംഭവത്തില്‍ പ്രതികരിച്ച് നാദിര്‍ഷാ രംഗത്തെത്തി. ഞാന്‍ ഏറെ ബഹുമാനിക്കുന്ന ദൈവപുത്രനായ ജീസസുമായി ഈ സിനിമക്ക് യാതൊരു ബന്ധവുമില്ലെന്നും ഇത് കേവലം ഒരു കഥാപാത്രത്തിന്റെ പേര് മാത്രമെന്നുമാണ് ഈശോ എന്ന ചിത്രത്തിന്റെ പേരിനെ ചൊല്ലി കൃസ്ത്യന്‍ പേരുകളിലുള്ള പ്രൊഫൈലുകളുടെ വിമര്‍ശനങ്ങളോട് നാദിര്‍ഷാ പ്രതികരിച്ചിരിക്കുന്നത്.
അതിനിടെ ചിത്രത്തിന്റെ പേരിനെതിരെ കത്തോലിക്ക വൈദികനായ ഫാ. സെബാസ്റ്റിയന്‍ ജോണ്‍ കിഴക്കേതില്‍ (സിബി അച്ചന്‍) രംഗത്ത് വന്നു. ‘മുഹമ്മദ് എന്ന പേരുള്ള അനേകം മുസ്ലീങ്ങളുണ്ടല്ലോ, അടുത്ത പടത്തിനു മുഹമ്മദ് നോട്ട് ഫ്രം ദ ഖുറാന്‍ എന്ന ടാഗ്ലൈനില്‍ ഒരു പടം ഇറക്കാന്‍ പറ്റുമോ?’ എന്നാണു വൈദികന്‍ ചോദിക്കുന്നത്.
ഈശോ എന്ന സിനിമ ബൈബിളിലെ യേശുവല്ലാത്തതുപോലെ മുഹമ്മദ് എന്തായാലും ഖുറാനിലെ മുഹമ്മദും ആകില്ലല്ലോ എന്നും അദ്ദേഹം പറയുന്നു. പലസ്തീനില്‍ ബോംബ് വീണാലും ഉത്തരേന്ത്യയില്‍ ദാരുണസംഭവം ഉണ്ടായാലും സടകുടഞ്ഞെഴുന്നേല്‍ക്കുന്ന പ്രബുദ്ധര്‍ അഫ്ഗാന്‍കാരനായ നാസര്‍ മുഹമ്മദ് എന്ന ഹാസ്യനടനെ താലിബാന്‍ തീവ്രവാദികള്‍ ക്രൂരമായി കൊല ചെയ്തത് അറിഞ്ഞിട്ടില്ലെന്നും സംഭവത്തില്‍ ഒരു സിനിമാക്കാരും സാംസ്‌കാരിക നായകരും പ്രതികരിച്ചില്ലെന്നും സിബി അച്ഛന്‍ വിമര്‍ശിക്കുന്നു.
സിബി അച്ചന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
ഈശോ Not from the Bible എന്ന ടാഗ്ലൈനില്‍ നാദിര്‍ഷാ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ കണ്ടു. അങ്ങനെ ഒരു ടാഗ് ലൈന്‍ പോലും ആവശ്യം ഇല്ലായിരുന്നു. എന്തായാലും ക്രിസ്ത്യാനികള്‍ നാദിര്‍ഷായെ വെട്ടാനും കൊല്ലാനും ഒന്നും വരില്ല. യേശു, യാസു, യേശുദാസ് അങ്ങനെ എത്രയോ പേരുകള്‍ ക്രിസ്താനികളുടെ ഇടയിലുണ്ട്… അപ്പോള്‍ ചോദ്യമിതാണ് ; മുഹമ്മദ് എന്ന പേരുള്ള അനേകം മുസ്ലീങ്ങളുണ്ടല്ലോ, അടുത്ത പടത്തിനു മുഹമ്മദ് not from the Quran എന്ന ടാഗ്ലൈനില്‍ ഒരു പടം ഇറക്കാന്‍ പറ്റുമോ ?
ഈശോ എന്ന സിനിമ ബൈബിളിലെ യേശുവല്ലാത്തതുപോലെ മുഹമ്മദ് എന്തായാലും ഖുറാനിലെ മുഹമ്മദും ആകില്ലല്ലോ… സിനിമക്ക് ക്രിസ്ത്യന്‍ പേരുകള്‍ നല്‍കുന്നത് ലേറ്റസ്റ്റ് പബ്ലിസിറ്റി സ്റ്റണ്ട് ആണെന്നും അതിന്റെ പിന്നില്‍ ചെറിയ ചില്ലറ ഉദ്ദേശങ്ങള്‍ ഉണ്ടെന്നും ഞങ്ങള്‍ക്കറിയാം..മുഹമ്മദ് എന്ന പേരില്‍ ഒരു സിനിമ ഇറക്കിയാല്‍ കാല് വെട്ടുമോ കൈ വെട്ടുമോ തലവെട്ടുമോ എന്ന പേടിയാണോ ???
അഫ്ഗാന്‍കാരനായ നാസര്‍ മുഹമ്മദ് എന്ന ഹാസ്യനടന്‍ താലിബാന്‍ തീവ്രവാദികളാല്‍ ക്രൂരമായി കൊലചെയ്യപ്പെട്ടു. ലോകം മുഴുവനും ചര്‍ച്ച ആയിട്ടും കേരളത്തിലെ ചാനലുകള്‍ അറിഞ്ഞിട്ടില്ല, ഒരു സിനിമാക്കാരും സാംസ്‌കാരിക നായകരും അറിഞ്ഞിട്ടില്ല, അതെസമയം പലസ്തീനില്‍ ബോംബ് വീണാല്‍ ഉത്തരെന്ത്യയില്‍ ഒരു ദാരുണസംഭവം നടന്നാല്‍ ഇവര്‍ സടകുടഞ്ഞു എഴുന്നേല്‍ക്കും…’നന്മയുള്ള ലോകമേ, പ്രബുദ്ധ കേരളമേ’ എന്ന വായ്ത്താരികളാല്‍ അന്തരീക്ഷം പ്രകമ്പനം കൊളളും…
??ഏവര്‍ക്കും നന്മ
സ്‌നേഹത്തോടെ
ഫാ. സെബാസ്റ്റിയന്‍ ജോണ്‍ കിഴക്കേതില്‍ (സിബി അച്ചന്‍)