വീണ്ടുമൊരു ഓസ്‌കാര്‍ കേരളത്തിലേക്ക്! റെസൂല്‍ പൂക്കുട്ടിയുടെ ‘ദ സൗണ്ട് സ്റ്റോറി’ ഓസ്‌കര്‍ പട്ടികയില്‍

347 ചിത്രങ്ങള്‍ക്കൊപ്പമാണ് 'ദ സൗണ്ട് സ്റ്റോറി'യും ഇടംനേടിയത്

കേരളത്തിന് വീണ്ടുമൊരു ഓസ്‌കാര്‍ നേടിത്താരാനൊരുങ്ങി റെസൂല്‍ പൂക്കുട്ടി. തൃശ്ശൂര്‍ പൂരത്തിന്റെ നാദവിസ്മയം ഒപ്പിയെടുത്ത ‘ദ സൗണ്ട് സ്റ്റോറി’ എന്ന ചിത്രമാണ് ഓസ്‌ക്കറിന്റെ ചുരുക്കപ്പട്ടികയില്‍ ഇടംനേടിയിരിക്കുന്നത്. 347 ചിത്രങ്ങള്‍ക്കൊപ്പമാണ് ‘ദ സൗണ്ട് സ്റ്റോറി’യും ഇടംനേടിയത്. ഫെബ്രുവരി 24നാണ് ഓസ്‌കര്‍ പ്രഖ്യാപനം. ഈ വര്‍ഷത്തെ ചെന്നൈ അന്താരാഷ്ട്ര ചലച്ചിതോത്സവത്തില്‍ പ്രദര്‍ശിപ്പിച്ച ‘ദ സൗണ്ട് സ്റ്റോറി’ക്ക് മികച്ച അഭിപ്രായമാണ് ലഭിച്ചത്.

തൃശ്ശൂര്‍ പൂരത്തിന്റെ പശ്ചാത്തലത്തില്‍ ഒരു ശബ്ദലേഖകന്റെ ജീവിതകഥ പറയുന്ന ‘ദ സൗണ്ട് സ്റ്റോറി’യുടെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് പ്രസാദ് പ്രഭാകര്‍ ആണ്. സ്റ്റോണ്‍ മള്‍ട്ടിമീഡിയയുടെ ബാനറില്‍ രാജീവ് പനക്കലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അന്ധരായവര്‍ക്ക് കൂടി പൂരം അനുഭവവേദ്യമാക്കുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

കഴിഞ്ഞ തൃശ്ശൂര്‍ പൂരത്തിനാണ് 36 മണിക്കൂര്‍ തുടര്‍ച്ചയായി 128 ട്രാക്കുകളിലായി റെസൂല്‍ പൂക്കുട്ടിയും സംഘവും മേളപ്പെരുക്കം റെക്കോര്‍ഡ് ചെയ്തത്. 100 മിനുട്ടുള്ള ചിത്രം മലയാളത്തിന് പുറമെ തമിഴ്, ഇംഗ്ലീഷ്, ഹിന്ദി, ഉറുദു, തെലുങ്ക് ഭാഷകളിലായിട്ടാണ് ഒരുക്കിയിട്ടുള്ളത്.

Exit mobile version