നടി പ്രിയാമണിയുമായുള്ള മുസ്തഫ രാജിന്റെ വിവാഹത്തിന് നിയമസാധുതയില്ലെന്ന ആരോപണവുമായി മുസ്തഫയുടെ ആദ്യ ഭാര്യ ആയിഷ രംഗത്ത്. താനുമായുള്ള വിവാഹബന്ധം മുസ്തഫ ഇനിയും വേര്‍പെടുത്തിയിട്ടില്ലെന്നും അതിനാല്‍ത്തന്നെ പ്രിയാമണിയുമായുള്ള വിവാഹത്തിന് സാധുതയില്ലെന്നും ആയിഷ ആരോപിക്കുന്നു.
ഇക്കാര്യം ചൂണ്ടിക്കാട്ടി മുസ്തഫയ്ക്കും പ്രിയാമണിക്കുമെതിരെ ആയിഷ ക്രിമിനല്‍ കേസും ഫയല്‍ ചെയ്തു. കൂടാതെ ഗാര്‍ഹിക പീഡനാരോപണം ഉയര്‍ത്തി മറ്റൊരു കേസും കൂടി മുസ്തഫയ്‌ക്കെതിരെ കൊടുത്തിട്ടുണ്ട്. പ്രിയാമണിയുമായുള്ള മുസ്തഫയുടെ വിവാഹം നടക്കുന്ന സമയത്ത് തങ്ങള്‍ വിവാഹമോചനത്തിന് അപേക്ഷ നല്‍കിയിരുന്നുപോലുമില്ലെന്ന് ആയിഷ ദേശീയ മാധ്യമത്തോട് പറഞ്ഞു. 2017ലായിരുന്നു പ്രിയാമണിയുമായുള്ള മുസ്തഫയുടെ വിവാഹം.
അതേസമയം ആദ്യബന്ധത്തിലെ കുട്ടികളുടെ ചിലവിനായുള്ള തുക താന്‍ ആയിഷയ്ക്കു സ്ഥിരമായി നല്‍കിവരുന്നുണ്ടെന്നും പണം തട്ടിയെടുക്കുകയാണ് ആയിഷയുടെ ഇപ്പോഴത്തെ ശ്രമമെന്നും മുസ്തഫ മറുപടിയുമായി രംഗത്തെത്തി. ‘ഞാനും ആയിഷയുടെ 2010 മുതല്‍ പിരിഞ്ഞാണ് താമസിക്കുന്നത്. 2013ല്‍ വിവാഹമോചിതരാവുകയും ചെയ്തു. പ്രിയാമണിയുമായുള്ള എന്റെ വിവാഹം 2017ലാണ് നടക്കുന്നത്. എന്തുകൊണ്ടാണ് ആയിഷ ഇക്കാലമത്രയും നിശബ്ദത പാലിച്ചത്?’, മുസ്തഫ ചോദിച്ചു.