കേരളത്തിൽ നിന്നും ഹൈദരാബാദിലേക്ക് ഷൂട്ടിങ് മാറ്റിയ മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡി കേരളത്തിലേക്ക് തിരിച്ചെത്തുന്നു. നിബന്ധനകളോടെ കേരളത്തിൽ ചിത്രീകരണം തുടങ്ങാൻ സർക്കാർ അനുമതി നൽകിയതിനെത്തുടർന്നാണിത്. സിനിമയുടെ ചിത്രീകരണം നിലവിൽ ഹൈദരാബാദിൽ പുരോഗമിക്കുകയാണ്.
കേരളത്തിൽ ചിത്രീകരിക്കാൻ അനുവാദം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് ബ്രോ ഡാഡിയുടെ നിർമാതാവ് ആന്റണി പെരുമ്പാവൂർ പറഞ്ഞു. ‘ഹൈദരാബാദിൽ കുറച്ച് ദിവസത്തെ ഷെഡ്യൂൾ കൂടി ബാക്കിയുണ്ട്. അത് പൂർത്തിയാക്കിയാൽ ഉടനെ തന്നെ കേരളത്തിലേക്ക് വരും. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം ഇവിടെ ചിത്രീകരിക്കാൻ സാധിക്കാത്തതിനാൽ മുടങ്ങിക്കിടക്കുകയായിരുന്നു. അതും ഉടനെ പുനരാരംഭിക്കും. ഇവിടെ ചിത്രീകരിക്കുന്നതിലൂടെ നിർമാണ ചെലവ് കുറക്കാനാകും. മാത്രവുമല്ല നമ്മുടെ സിനിമാപ്രവർത്തകർക്ക് തൊഴിലും ലഭിക്കും. പ്രോട്ടോക്കോളിൽ വിട്ടുവീഴ്ചയുണ്ടാകില്ല’ ആന്റണി പെരുമ്പാവൂർ പറഞ്ഞു.
സംസ്ഥാനത്ത് രണ്ടാം തരംഗത്തെ തുടർന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗണിനെ തുടർന്ന് സിനിമാചിത്രീകരണത്തിന് അനുമതിയുണ്ടായിരുന്നില്ല. തുടർന്നാണ് ഹൈദരാബാദിൽ സിനിമയുടെ ഷൂട്ടിങ് ആരംഭിച്ചത്. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് സിനിമ ചിത്രീകരിക്കാൻ അനുമതി നൽകണമെന്ന് ഫെഫ്കയടക്കമുള്ള സംഘടനകൾ സർക്കാറിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
സീരിയൽ ഷൂട്ടിങിന് അനുമതി നൽകിയിട്ടും സിനിമാ ചിത്രീകരണത്തിന് അനുവാദം നൽകാത്തതിൽ കടുത്ത പ്രതിഷേധം ഉണ്ടായിരുന്നു. തുടർന്നാണ് നിബന്ധനകളോടെ ചിത്രീകരണം തുടങ്ങാൻ സർക്കാർ അനുമതി നൽകിയത്.
Discussion about this post