പൃഥ്വി-മോഹന്‍ലാല്‍ ചിത്രം ബ്രോ ഡാഡിയുടെ ഷൂട്ടിങ് ഹൈദരാബാദില്‍ തുടങ്ങി; കേരളത്തില്‍ ഷൂട്ടിങ് അനുമതിയില്ലാത്തതിന് വിമര്‍ശനം

bro daddy | bignewslive

മോഹന്‍ലാല്‍ – പൃഥ്വിരാജ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പുതിയ ചിത്രം ബ്രോഡാഡിയുടെ ഷൂട്ടിങ് ഹൈദരാബാദില്‍ തുടങ്ങി. പൃഥിരാജിന്റെ ഭാര്യ സുപ്രിയ മേനോനാണ് ഷൂട്ടിംങ് തുടങ്ങിയ വിവരം അറിയിച്ചത്.

കോവിഡ് നിയന്ത്രണങ്ങള്‍ കാരണം കേരളത്തില്‍ സിനിമാ ഷൂട്ടിങിന് അനുമതി നല്‍കാത്തതിനെ തുടര്‍ന്നാണ് മലയാള സിനിമകളുടെ ഷൂട്ടിങ് ഇതര സംസ്ഥാനങ്ങളിലേക്ക് മാറ്റിയത്.ഷൂട്ടിങ് പുനരാരംഭിക്കാനുള്ള അനുമതി നല്‍കണമെന്ന് ഫെഫ്ക ആവശ്യപ്പെട്ടു.

സീരിയലുകള്‍ക്ക് അനുവാദം കൊടുത്തിട്ട് ആഴ്ചകളായെന്നും സിനിമക്ക് മാത്രം അനുവാദമില്ലെന്നും ഫെഫ്ക കുറ്റപ്പെടുത്തി. ഏഴ് സിനിമകളുടെ ചിത്രീകരണം തമിഴ്‌നാട്ടിലേക്കും തെലങ്കാനയിലേക്കും മാറ്റി.

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രമാണ് ബ്രോ ഡാഡി. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. കല്യാണി പ്രിയദര്‍ശന്‍, മീന, ലാലു അലക്‌സ്, മുരളി ഗോപി, കനിഹ, സൌബിന്‍ ഷാഹിര്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ശ്രീജിത്ത്, ബിബിന്‍ മാളിയേക്കല്‍ എന്നിവരുടേതാണ് തിരക്കഥ.

തെലങ്കാന നല്ല സ്ഥലമാണെങ്കില്‍ സിനിമകള്‍ അവിടെ ചിത്രീകരിക്കട്ടെയെന്ന് വാര്‍ത്തയോട് സാംസ്‌കാരിക വകുപ്പു മന്ത്രി സജി ചെറിയാന്‍ പ്രതികരിച്ചു. വ്യാപാരികളോടും സിനിമക്കാരോടും സര്‍ക്കാറിന് പ്രത്യേകിച്ച് വിരോധമില്ല. സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട പരാതികള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കുമെന്നും തെലങ്കാന നല്ല സ്ഥലമാണെങ്കില്‍ സിനിമകള്‍ അവിടെ ചിത്രീകരിക്കട്ടെയെന്നും മന്ത്രി പറഞ്ഞു.

ആളുകളെ മരണത്തില്‍ നിന്ന് രക്ഷപ്പെടുത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ടി.പി.ആര്‍ കുറയുന്നതനുസരിച്ചാകും ഇളവുകള്‍ സംബന്ധിച്ച തീരുമാനമെന്നും മന്ത്രി പറഞ്ഞു.

Exit mobile version