രാഹുല്‍ ഗാന്ധി ബിരിയാണി വെച്ച് വൈറലായ യൂട്യൂബ് ചാനലിന് അപൂര്‍വ്വ നേട്ടം, വില്ലേജ് കുക്കിങ് ചാനലിനെ തേടിയെത്തി ‘ഡയമണ്ട് ബട്ടണ്‍’

ചെന്നൈ: ലോകമാകെ ആരാധകരെ വാരിക്കൂട്ടി യൂട്യൂബില്‍ മുന്നേറ്റം തുടരുകയാണ് ‘വില്ലേജ് കുക്കിങ് ചാനല്‍’. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പങ്കെടുത്ത് ബിരിയാണി വെച്ച് വൈറലായ വില്ലേജ് കുക്കിങ് ചാനല്‍ യൂട്യൂബിന്റെ ഒരു കോടിയിലധികം സസ്‌ക്രൈബേഴ്‌സിനെ നേടി ‘ഡയമണ്ട് ബട്ടണ്‍’ സ്വന്തമാക്കിയിരിക്കുകയാണിപ്പോള്‍.

10 ദശലക്ഷം വരിക്കാര്‍ എന്നത് യൂട്യൂബ് ചാനലുകള്‍ക്ക് അപൂര്‍വ്വമായി ലഭിക്കുന്ന നേട്ടമാണ്. പുതുക്കോട്ടൈ ജില്ലയിലെ വീരമംഗലം ഗ്രാമത്തിലെ സാധാരണക്കാരായ അഞ്ച് പേര്‍ ചേര്‍ന്ന് തുടങ്ങിയ കുക്കിങ് ചാനലിന് ഇന്ന് ആരാധകരേറെയാണ്. 75കാരനായ പെരിയതമ്പിയും ബന്ധുക്കളുമാണ് ചാനലിന് പിന്നില്‍.

വി. സുബ്രഹ്‌മണ്യന്‍, വി. അയ്യനാര്‍, മുരുഗേശന്‍, ജി. തമിഴ്‌സെല്വന്‍, മുത്തുമാണിക്യം എന്നിവരാണ് പെരിയ തമ്പിക്ക് ഒപ്പമുള്ള ‘താരങ്ങള്‍’. പെരിയ തമ്പിയാണ് എല്ലാറ്റിനും നേതൃത്വം നല്‍കുന്നത്. ഗ്രാമീണമായ അന്തരീക്ഷത്തില്‍, നാടന്‍ വിഭവങ്ങളുണ്ടാക്കുകയെന്നതാണ് ഇവരുടെ രീതി.

വ്യത്യസ്തങ്ങളായ വിഭവങ്ങളും അവതരണ രീതിയും കൂടിയായതോടെ യൂട്യൂബിലെ ഭക്ഷണപ്രിയര്‍ ഇവര്‍ക്കൊപ്പം കൂടുകയായിരുന്നു. തയാറാക്കുന്ന ഭക്ഷണം അനാഥാലയങ്ങള്‍ക്കും അഗതി മന്ദിരങ്ങള്‍ക്കും നല്കുന്നതിലൂടെ തങ്ങളുടെ സാമൂഹിക പ്രതിബദ്ധതയും ഇവര്‍ അടിവരയിടുന്നു.

തമിഴ്‌നാട് മുഖ്യമന്ത്രിയുടെ കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപയാണ് ചാനല്‍ സംഭാവന നല്കിയത്. ‘ഡയമണ്ട് പ്ലേ ബട്ടണ്‍’ ലഭിച്ചതിന് വരിക്കാര്‍ക്ക് നന്ദി പറഞ്ഞ് പുതിയ വിഡിയോ ഇവര് ചെയ്തിട്ടുണ്ട്.
മാസം ഏഴ് ലക്ഷം രൂപയാണ് ഇവര്‍ക്ക് യൂട്യൂബില്‍ നിന്നുള്ള വരുമാനം. ഇതില്‍ നിന്നും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും ഭക്ഷണ വിതരണത്തിനുമെല്ലാം തുക ചെലവഴിക്കുന്നു.

Exit mobile version