സിനിമാ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടായിരുന്നു സംവിധായകന് സച്ചിയുടെ വിയോഗം. ജൂണ്‍ 18 2020നായിരുന്നു സച്ചി ലോകത്തോട് വിടപറഞ്ഞത്. വര്‍ഷം ഒന്ന് പിന്നിടുന്ന വേളയിലും സച്ചിയുടെ ഓര്‍മ്മകളില്‍ വേദനയോടെ ദിനം തള്ളിനീക്കുകാണ് ഭാര്യ സിജി. ഇരുവരുടെയും വിവാഹ വാര്‍ഷിക ദിനത്തില്‍ സിജി സച്ചിയുടെ ഓര്‍മ്മകളില്‍ നിറഞ്ഞ ഗാനം ആലപിച്ചിരുന്നു. ഇപ്പോള്‍ സച്ചിയുടെ അവസാന നിമിഷങ്ങള്‍ പങ്കുവെയ്ക്കുകയാണ് സിജി.
സിജിയുടെ വാക്കുകള്‍;
2020 ജൂണ്‍ 15. സച്ചിയുടെ രണ്ടാമത്തെ സര്‍ജറിയുടെ ദിവസം പുലര്‍ച്ചെ 3.30. ആരോ എന്റെ നെറ്റിയില്‍ ചുംബിക്കുന്ന പോലെ. കണ്തുറന്നപ്പോള് സച്ചി. നേരത്തെയുണര്ന്നിട്ട് എന്തേ എന്നെ വിളിച്ചില്ലെന്നു ചോദിച്ചു. നീ ഉറങ്ങുന്നതുകണ്ടപ്പോള്‍ ഉണര്‍ത്താന്‍ തോന്നിയില്ല. പക്ഷേ നിന്നെ ഉമ്മ വയ്ക്കാതെ എനിക്കു വീണ്ടും ഉറങ്ങാനും കഴിയില്ല. സച്ചി എനിക്കു തന്ന അവസാന ചുംബനമായിരുന്നു അതെന്ന് അപ്പോഴെനിക്ക് അറിയില്ലായിരുന്നു.”
സര്‍ജറി വിജയകരമായി പൂര്‍ത്തിയായി. ഐസിയുവിലേക്കു മാറ്റിയപ്പോള്‍ ഞാന്‍ കയറിക്കണ്ടിരുന്നു. ആദ്യം തിരക്കിയത് മകനെക്കുറിച്ചാണ്. അവനെ കാണണം എന്നു പറഞ്ഞു. പിന്നീട് മറ്റു ബന്ധുക്കളെക്കുറിച്ചും തിരക്കി. എനിക്കു സച്ചിയോടു മിണ്ടിക്കൊണ്ടേയിരിക്കണമെന്നു തോന്നി. സച്ചിയെ എങ്ങനെയാണ് ഐസിയുവിലെ തണുപ്പില്‍ ഒറ്റയ്ക്കാക്കി ഞാന്‍ തിരിച്ചിറങ്ങുക.? കുറച്ചു കഴിഞ്ഞപ്പോള്‍ നഴ്സ് വന്നു വഴക്കു പറഞ്ഞു. മനസില്ലാ മനസ്സോടെ തിരിച്ചിറങ്ങും മുന്‍പേ ഞാന്‍ സച്ചിയുടെ നെറ്റിയില്‍ അമര്‍ത്തി ചുംബിച്ചു.
അന്നു രാത്രി തീരെ അപ്രതീക്ഷിതമായാണ് സച്ചിയുടെ നില വഷളായത്. ഓടിച്ചെന്ന് പിന്നീട് ഞാന്‍ സച്ചിയെ കാണുമ്പോഴേക്കും മസ്തിഷ്ക മരണം സംഭവിച്ചിരുന്നു. എനിക്ക് എന്നെത്തന്നെ വിശ്വസിപ്പിക്കാനായില്ല. ഒടുവിലത്തെ ചുംബനത്തിന്റെ ചൂട് അപ്പോഴും എന്റെ ചുണ്ടുകളില്‍നിന്നു മാഞ്ഞിരുന്നില്ല.
Discussion about this post