ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ ജപ്പാനിൽ തിയറ്റർ റിലീസിന് ഒരുങ്ങുന്നു. ചിത്രം പുറത്തിറങ്ങി അഞ്ച് മാസങ്ങൾക്ക് ശേഷമാണ് ജപ്പാനിലെ തിയറ്ററുകളിൽ ചിത്രം റിലീസ് ചെയ്യുന്നത്. സിനിമയുടെ ജപ്പാനീസ് വിതരണാവകാശം നേരത്തെ വിറ്റുപോയിരുന്നു.
ഒ.ടി.ടി പ്ലാറ്റ്‌ഫോമിലൂടെ പുറത്തിറങ്ങി പിന്നീട് വലിയ പ്രേക്ഷക നിരൂപക പ്രശംസയും പുരസ്‌കാരങ്ങളും സ്വന്തമാക്കിയ ചിത്രമാണ് ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ.ജിയോ ബേബി സംവിധാനം ചെയ്ത ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചണിൽ സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ചിത്രത്തിൻറെ ഒ.ടി.ടി റിലീസിന് തൊട്ടുപിന്നാലെ ചലച്ചിത്ര മേളകൾക്ക് വേണ്ടി സിനിമയുടെ പ്രദർശനാവശ്യത്തിനുവേണ്ടി വിവിധ സിനിമാ ഏജൻറുമാർ സമീപിച്ചിരുന്നതായി നിർമാതാവ് ജോമോൻ ജേക്കബ് പറഞ്ഞു.അത്തരത്തിൽ സിനിമ ഷാങ്ഹായ് ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും പിന്നീട് ജപ്പാനിൽ തന്നെ റിലീസിന് അവസരം ലഭിക്കുകയും ചെയ്യുകയായിരുന്നുവെന്ന് നിർമാതാവ് പറയുന്നു.
ഷാങ്ഹായ് ചലച്ചിത്രോത്സവത്തിലെ സ്‌പെക്ട്രം: ആൾട്ടർനേറ്റീവ്‌സ്’ വിഭാഗത്തിലാണ് ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ പ്രദർശിപ്പിക്കുന്നത്. ജപ്പാനീസ് സബ് ടൈറ്റിലുകളും ചിത്രത്തിനുണ്ടാകും. കോവിഡ് പ്രതിസന്ധി നിലനിൽക്കുന്നതിനാൽ തിയറ്റർ റിലീസ് തീരുമാനിച്ചിട്ടില്ല.
Discussion about this post