കേന്ദ്ര ജലശക്തി മന്ത്രാലയത്തിനു കീഴിലുള്ള ഡ്രിങ്കിംഗ് വാട്ടര്‍ ആന്റ് സാനിറ്റേഷന്‍ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സ്വച്ഛ് ഭാരത് മിഷന് (ഗ്രാമീണ്‍) രണ്ടാംഘട്ടം പദ്ധതിയുടെ ഭാഗമായി ദേശീയതലത്തില്‍ ഷോര്‍ട്ട് ഫിലിം മത്സരം സംഘടിപ്പിക്കുന്നു.
സ്വച്ഛ് ഭാരത് മിഷന് (ഗ്രാമീണ്‍) ഒന്നാം ഘട്ടത്തില്‍ ഇന്ത്യയിലെ ഗ്രാമങ്ങള്‍ ശുചിത്വനിലവാര നിര്‍ണ്ണയത്തില്‍ ഒഡിഎഫ് പ്ലസ് വിഭാഗത്തിലേക്കുയര്ത്തിയ നേട്ടങ്ങള്‍ വരച്ചു കാട്ടുകയാണ് മത്സരത്തിലൂടെ ഉദ്ദേശിക്കുന്നത്.
10 വയസ്സിനുമുകളില്‍ പ്രായമുള്ള ഇന്ത്യന്‍ പൗരന്മാര്ക്കും ഗ്രാമീണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും എന്‍.ജി.ഒകള്‍ക്കും പങ്കെടുക്കാം. ഒരു മിനിറ്റു മുതല്‍ അഞ്ചു മിനിറ്റുവരെയുള്ള ഷോര്‍ട്ട് ഫിലിമുകളാണ് പരിഗണിക്കുന്നത്. ഏതു ഇന്ത്യന്‍ ഭാഷകളിലും ചിത്രീകരിക്കാം. 35 ലക്ഷത്തോളം രൂപയുടെ ക്യാഷ് പ്രൈസാണ് വിവിധ വിഭാഗങ്ങളിലെ മത്സര വിജയികള്‍ക്കായി മന്ത്രാലയം ഒരുക്കിയിരിക്കുന്നത്.
ഒഡിഎഫ് പ്ലസിന്റെ ആറ് ഘടകങ്ങള്‍ ജൈവമാലിന്യ പരിപാലനം, ഗോബര്ധന്, പ്ലാസ്റ്റിക് മാലിന്യ പരിപാലനം, ഗ്രേവാട്ടര്‍ പരിപാലനം, കക്കൂസ് മാലിന്യ പരിപാലനം, ശുചിത്വ-പെരുമാറ്റത്തിലുണ്ടായ മാറ്റം എന്നിവ പ്രമേയം.
സിനിമകള്‍ ഒരു സമഗ്ര സ്വച്ഛതാ(ശുചിത്വ)സന്ദേശം പകര്‍ത്തണം. അഞ്ച് ഭൂമിശാസ്ത്രപരമായ ഭൂപ്രദേശങ്ങളില്‍ മരുഭൂമി, മലയോര പ്രദേശം, തീരപ്രദേശങ്ങള്‍, സമതലങ്ങള്‍, വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശം എന്നിങ്ങനെയുള്ള വിവിധ പ്രദേശങ്ങളായി തിരിച്ച് ഗ്രാമപ്രദേശങ്ങളില്‍ ഖര അല്ലെങ്കില്‍ ദ്രവ മാലിന്യ നിര്‍മാര്‍ജനവുമായി ബന്ധപ്പെട്ട നൂതന പരിഹാരങ്ങള്‍ നല്‍കണം.
മത്സരത്തില്‍ പങ്കെടുക്കുന്നതിനായി തയ്യാറാക്കുന്ന വീഡിയോകള്‍ യൂ ട്യൂബ് ചാനലില്‍ അപ് ലോഡ് ചെയ്ത് ആയതിന്റെ ലിങ്ക് www.mygov.in എന്ന പോര്‍ട്ടലിലെ https://innovativeindia.mygov.in/sbmg-innovation-challenge/ അപേക്ഷാ ഫോമിനൊപ്പം സമര്‍പ്പിക്കണം. അവസാന തീയതി ആഗസ്റ്റ് 15.
Discussion about this post