തന്റെ നിലപാട് വ്യക്തമാക്കിയതിന്റെ പേരിൽ പലതവണ സോഷ്യൽമീഡിയയുടെ ആക്രമണത്തിന് ഇരയായ താരമാണ് പാർവതി തിരുവോത്ത്. സാമൂഹ്യപ്രാധാന്യമുള്ള വിഷയങ്ങളിൽ അഭിപ്രായം പറയാൻ പാർവതി മടിക്കാറില്ല. തന്റെ നിലപാട് തെറ്റാണെന്ന് വ്യക്തമാകുമ്പോൾ തിരുത്താനും സ്വയം വളരാനും പാർവതി ശ്രമിക്കുന്നതും ശ്രദ്ധേയമാണ്. എന്നാൽ പലപ്പോഴും താരത്തിന് എതിരായ പ്രതികരണങ്ങൾ വ്യക്തിഹത്യയായി മാറുന്നതും ചർച്ചയാകാറുണ്ട്.
ഇതിനിടെ റാപ്പർ വേടന്റെ കുറ്റസമ്മത പോസ്റ്റിന് ലൈക്ക് അടിച്ചതിലൂടെ സോഷ്യൽമീഡിയ വലിച്ചുകീറിയ സംഭവത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് പാർവതി. ലൈക്ക് പിൻവലിച്ച് ഖേദം പ്രകടിപ്പിച്ചിട്ടും തുടരുന്ന ആക്രമണങ്ങളോടാണ് പാർവതി പ്രതികരിച്ചിരിക്കുന്നത്.
പാർവതിയുടെ കുറിപ്പ്:
ഇത് ആദ്യത്തേത് അല്ല, അവസാനത്തേതും ആയിരിക്കില്ല. എന്നോടുള്ള നിങ്ങളുടെ കടുത്ത വെറുപ്പും പൊതു ഇടത്തിൽ എന്നെ എതിർക്കുമ്പോൾ ഉണ്ടാകുന്ന സന്തോഷവും തുറന്നു കാട്ടുന്നത് ഞാൻ ആരാണ് എന്നതല്ല മറിച്ച് നിങ്ങളുടെ പ്രശ്‌നങ്ങളാണ്. നമ്മൾ ഒന്നിനോടും യോജിക്കണമെന്നില്ല. എന്നാൽ ഒരു തുറന്ന ചർച്ചയ്ക്കും സംവാദത്തിനുമുള്ള ഇടം ഒരുക്കാൻ കഴിയുന്നില്ലെന്നാകിൽ ഭ്രഷ്ട് കൽപിക്കുന്ന സംസ്‌കാരത്തോടാണ് നിങ്ങൾ ചേർന്ന് നിൽക്കുന്നത്.ഞാൻ അതിനല്ല ഇവിടെ വന്നത്. എനിക്കും മറ്റുള്ളവർക്കും വേണ്ടി സ്ഥലം ഞാൻ സൂക്ഷിക്കാറുണ്ട്. പരിശ്രമത്തിലൂടെ എന്നിലെ മികച്ച വേർഷൻ ഒരുക്കുന്നതിൽ ഞാൻ ലജ്ജിക്കാറില്ല. നിങ്ങൾ നിങ്ങളുടെ നിരീക്ഷണങ്ങളും വിശകലനങ്ങളും വഴി ഒരാളെ കീറി മുറിക്കുമ്പോൾ ഓർക്കുക വീഴുന്നത് നിങ്ങൾ തന്നെയായിരിക്കും.