രാജ്യം കോവിഡിന് എതിരെ പോരാടുന്നതിനിടെ ഏറെ മാനസികവും ശാരീരികവുമായ പ്രതിസന്ധിയിലാണ് ഡോക്ടർമാർ ഉൾപ്പടെയുള്ള ആരോഗ്യപ്രവർത്തകർ. അതേസമയം, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാജ്യത്തിന്റെ പല ഭാഗത്തും ഡോക്ടർമാർക്ക് എതിരെയുള്ള ആക്രമണങ്ങൾ നടന്ന് കൊണ്ടിരിക്കുകയാണ്. ഗുരുതരാവസ്ഥയിലായ രോഗികളുടെ മരണത്തെ ചൊല്ലിയും മറ്റും ഡോക്ടർമാരെ ആളുകൾ തല്ലി ചതക്കുകയാണ്.
ആരോഗ്യപ്രവർത്തകർക്ക് എതിരായ ആക്രമണങ്ങൾ നിർത്തണമെന്ന് ആവശ്യപ്പെട്ട് സിനിമാതാരങ്ങൾ ഉൾപ്പടെയുള്ളവർ രംഗത്തെത്തിയിരിക്കുകയാണ്. മമ്മൂട്ടി, പൃഥ്വിരാജ്, ടൊവിനോ തോമസ്, പൂർണ്ണിമ ഇന്ദ്രജിത്ത്, പാർവ്വതി തിരുവോത്ത് എന്നിവരെല്ലാം തങ്ങളുടെ സമൂഹമാധ്യമത്തിലൂടെ ഇതിനെതിരെയുള്ള ബോധവത്കരണത്തിൽ പങ്കാളികളായിരിക്കുകയാണ്.
‘ഡോക്ടർമാർക്കെതിരെയുള്ള ആക്രമണം അവസാനിപ്പിക്കു. നമ്മുടെ ജീവനും ആരോഗ്യവും അവരുടെ കൈകളിലാണ്’ എന്നെഴുതിയ പോസ്റ്ററാണ് മമ്മൂട്ടി ഫേസ്ബുക്കിൽ പങ്കുവെച്ചത്. നടൻ പൃഥ്വിരാജും ഡോക്ടർമാരുടെ പ്രാധാന്യം മനസിലാക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ്.
‘അവർ നമ്മുടെ യോദ്ധാക്കളാണ്. നമുക്കൊരു യുദ്ധം ജയിക്കാനുണ്ട്. ഡോക്ടർമാർക്കെതിരെയുള്ള ആക്രമണം നിർത്തൂ’ എന്നാണ് പൃഥ്വി ഫേസ്ബുക്കിൽ കുറിച്ചത്. കൊറോണ എന്ന മഹാമാരിയെ നേരിയുന്ന യുദ്ധത്തിൽ ജനങ്ങൾക്ക് ഏറ്റവും ആവശ്യം അവരുടെ യോദ്ധാക്കളായ ഡോക്ടർമാരാണെന്ന് മനസിലാക്കിക്കൊടുക്കുകയാണ് പൃഥ്വിരാജ് ചെയ്യുന്നത്. മുമ്പ് നടി അഹാന കൃഷ്ണയും കരിക്ക് ഫെയിം അനു കെ അനിനും ആരോഗ്യ പ്രവർത്തകർക്കെതിരെയുള്ള ആക്രമണങ്ങൾക്കെതിരെ സംസാരിച്ച് രംഗത്തെത്തിയിരുന്നു.
Discussion about this post