തന്റെ പേരിൽ വ്യാജ ക്ലബ് ഹൗസ് അക്കൗണ്ട് ആരംഭിച്ച വ്യക്തിയെ ഇന്നലെ നടൻ പൃഥ്വിരാജ് സമൂഹമാധ്യമത്തിലൂടെ തുറന്ന കാണിച്ചിരുന്നു. സൂരജ് നായർ എന്ന വ്യക്തിയായിരുന്നു വ്യാജ അക്കൗണ്ടിന്റെ നിർമ്മാതാവ്. ഇപ്പോൾ സൂരജ് പൃഥ്വിരാജിനോട് മാപ്പ് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ്. പൃഥ്വി സൂരജിന് മറുപടിയും നൽകിയിട്ടുണ്ട്.
താൻ ചെയ്തത് തെറ്റാണെന്ന് തിരിച്ചറിയുന്നു എന്നാണ് സൂരജ് കുറിപ്പിൽ പറയുന്നത്. ശബ്ദം അനുകരിക്കുക മാത്രമാണ് താൻ ചെയ്തത്. ഒരിക്കലും പൃഥ്വിരാജന്റെ ഐഡന്റിറ്റിയെ ദുരുപയോഗം ചെയ്യാൻ ശ്രമിച്ചിട്ടില്ല. ഫാൻസ് അസോസിയേഷനിലുള്ളവരെല്ലാം തന്നെ ചീത്ത വിളിക്കുകയാണ്. ചെയ്തത് തെറ്റായതിനാൽ ഒരിക്കൽ കൂടി രാജു ഏട്ടനോടും ഫാൻസിനോടും മാപ്പ് ചോദിക്കുന്നു എന്നാണ് സൂരജ് പറഞ്ഞത്.
പൃഥ്വിരാജ് ഇതിന് മറുപടിയുമായി സൂരജിന്റെ കുറിപ്പ് സഹിതം ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. ഇതെല്ലാം നിരുപദ്രവകരമായ ഒരു തമാശയാണെന്ന് ഞാൻ മനസ്സിലാക്കുന്നു. പക്ഷെ ഇതുപോലുള്ള തമാശകൾ വളരെ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് നിങ്ങൾ ഇപ്പോൾ മനസ്സിലാക്കിയിട്ടുണ്ടാവുമല്ലോ. ചെയ്തത് തെറ്റാണെന്ന് നിങ്ങൾ സമ്മതിച്ചതിൽ എനിക്ക് സന്തോഷമുണ്ട് പൃഥ്വിരാജ് സൂരജിന് നൽകിയ മറുപടിയിൽ പറയുന്നു
പൃഥ്വിരാജിന്റെ ഫെയ്സ്ബുക്ക്പോസ്റ്റ്
പ്രിയ സൂരജ്,
സാരമില്ല. ഇതെല്ലാം നിരുപദ്രവകരമായ ഒരു തമാശയാണെന്ന് ഞാൻ മനസ്സിലാക്കുന്നു. എന്നാൽ ഇതുപോലുള്ള തമാശകൾ വളരെ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് നിങ്ങൾ ഇപ്പോൾ മനസ്സിലാക്കിയിട്ടുണ്ടാവുമല്ലോ. ഒരു ഘട്ടത്തിൽ, 2500 ൽ അധികം ആളുകൾ നിങ്ങളെ ശ്രദ്ധിക്കുന്നുണ്ടെന്നും അവരിൽ ഭൂരിഭാഗവും അത് ഞാനാണെന്ന് കരുതിയിരുന്നുവെന്നും ഞാൻ വിശ്വസിക്കുന്നു. സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി ആളുകളിൽ നിന്ന് എനിക്ക് ആവർത്തിച്ച് കോളുകളും സന്ദേശങ്ങളും വന്നിരുന്നു. അതിനാലാണ് ഇത് എത്രയം പെട്ടന്ന് തന്നെ നിർത്തണമെന്ന് തീരുമാനിച്ചത്.
നിങ്ങൾ ചെയ്തത് തെറ്റാണെന്ന് നിങ്ങൾ സമ്മതിച്ചതിൽ എനിക്ക് സന്തോഷമുണ്ട്. മിമിക്രി ഒരു അത്ഭുതകരമായ കലാരൂപമാണ്, മലയാള സിനിമയിലെ എക്കാലത്തെയും മഹാന്മാർ മിമിക്രി ലോകത്ത് നിന്ന് സിനിമ രംഗത്തേക്ക് കടന്നുവന്നിട്ടുണ്ടെന്ന് നിങ്ങൾക്കറിയാമെന്ന് എനിക്ക് ഉറപ്പുണ്ട്. വലുതായി സ്വപ്നം കാണുക, കഠിനാധ്വാനം ചെയ്യുക, ഒരിക്കലും പഠനം നിർത്തരുത്. നിങ്ങൾക്ക് ഒരു മികച്ച കരിയർ മുന്നിലുണ്ടെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.
എന്റെ എല്ലാ ആരാധകരോടും മറ്റുള്ളവരോടും: ഓൺലൈൻ ദുരുപയോഗം ഞാൻ ക്ഷമിക്കില്ല. അതിനാൽ ദയവായി ഇത് നിർത്തുക. ഒരിക്കൽ കൂടി പറയുന്നു. ഞാൻ ക്ലബൗസിൽ ഇല്ല.
Discussion about this post