ജിബി പന്ത് ആശുപത്രിയില്‍ ജോലി സമയത്ത് നഴ്‌സുമാര്‍ മലയാളം സംസാരിക്കുന്നതിന് വിലക്കി കൊണ്ടുള്ള ഉത്തരവിനെതിരെ സോഷ്യല്‍മീഡിയയും താരങ്ങളും രംഗത്തെത്തിയിരുന്നു. അക്കൂട്ടത്തില്‍ പ്രതിഷേധം രേഖപ്പെടുത്തിയ താരമാണ് മലയാള പ്രേക്ഷക പ്രിയങ്കരി ശ്വേത മേനോന്‍. വിവാദ സര്‍ക്കുലര്‍ രാജ്യത്തിന്റെ അടിസ്ഥാന മൂല്യങ്ങള്‍ക്ക് വിരുദ്ധമാണെന്നാണ് ശ്വേത വ്യക്തമാക്കിയത്.
ഇപ്പോള്‍ ശ്വേതയ്ക്ക് എതിരെ വന്ന വിമര്‍ശനത്തിന് വായടപ്പിക്കുന്ന മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് താരം. ഈ വിഷയത്തില്‍ വിവാദം ഉണ്ടാക്കുന്നത് പൊട്ടക്കിണറ്റിലെ തവളകളാണെന്നായിരുന്നു ശ്വേത മേനോനെതിരെ ഉയര്‍ന്ന വിമര്‍ശനം. മലയാളം ടിവി ഷോയില്‍ വന്നിരുന്ന് അനാവശ്യമായി ഇംഗ്ലീഷ് പറയുന്ന ആളാണ് ശ്വേതയെന്നും വിമര്‍ശകന്‍ കുറിക്കുന്നു.
കമന്റിന്റെ സ്‌ക്രീന്‍ ഷോട്ട് എടുത്താണ് താരം മറുപടി നല്‍കിയിരിക്കുന്നത്. താന്‍ ജനിച്ചതും വളര്‍ന്നതും കേരളത്തിന് പുറത്തായിരുന്നുവെങ്കിലും കേരളത്തോടുള്ള ഇഷ്ടം കാരണം മലയാളം സ്വന്തമായി പഠിച്ചെടുത്തതാണെന്നായിരുന്നു ശ്വേതയുടെ മറുപടി. മലയാളി എന്ന നിലയില്‍ അഭിമാനിക്കുന്ന ആളാണ് താനെന്നും നടി കൂട്ടിച്ചേര്‍ത്തു. നിരവധി പേര്‍ താരത്തിന് പിന്തുണയുമായി രംഗത്തെത്തി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
എന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട വാര്‍ത്തയിലാണ് ഈ കമന്റ് കാണുന്നത്. ഈ കമന്റിന് എനിക്ക് നേരിട്ട് മറുപടി പറയണമെന്ന് തോന്നി. ‘ മലയാളം ടിവി ഷോയില്‍ വന്നിരുന്ന് അനാവശ്യമായി ഇംഗ്ലിഷ് കാച്ചുന്ന നിങ്ങള്‍ തന്നെ തള്ളണം ഇതുപോലെ.’ ഇതായിരുന്നു ആദ്യ വിമര്‍ശനം. കണ്ണാ – ഞാന്‍ ജനിച്ചതും വളര്‍ന്നതും കേരളത്തിന്റെ വെളിയിലായിരുന്നുവെങ്കിലും കേരളത്തോടുള്ള ഇഷ്ടം കാരണം മലയാളം പഠിച്ചെടുത്തതാണ്, അതുകൊണ്ട് തന്നെ സംസാരിക്കുമ്പോള്‍ ഹിന്ദിയും ഇംഗ്ലീഷും ഇടയ്ക്ക് സ്വാഭാവികമായി വരും, മലയാളി എന്ന നിലയില്‍ അഭിമാനിക്കുന്ന ആളാണ് ഞാന്‍. മാത്രമല്ല കേരളവുമായി ബന്ധപ്പെട്ടുകിടക്കുന്ന പൊക്കിള്‍ക്കൊടി ബന്ധം എപ്പോഴും കാത്തുസൂക്ഷിക്കാന്‍ ശ്രമിക്കാറുണ്ട്.
മലപ്പുറം തിരൂര്‍ തുഞ്ചന്‍ പറബില്‍ എഴുത്തച്ഛന്‍ പ്രതിമ ചിലരെ പേടിച്ച് ഇതുവരെ സ്ഥാപിക്കാന്‍ കഴിയാത്തവര്‍ ഇന്ന് സേവ് മലയാളം എന്ന് പറഞ്ഞ് ഇറങ്ങിയിട്ടുണ്ട് എന്നതാണ് ഇതിലെ കാപട്യം. എന്നായിരുന്നു അടുത്ത വിമര്‍ശനം. ഞാനും മലപ്പുറംകാരിയാണ്, എനിക്ക് അറിയില്ല നിങ്ങള്‍ക്ക് എവിടെ നിന്നാണ് ഈ വിവരം ലഭിച്ചത് എന്ന്. അവിടെ അദ്ദേഹത്തിനായി ഒരു മ്യൂസിയം തന്നെ ഉണ്ട്. അതിന്റെ വിവരങ്ങള്‍ താഴെ
THUNCHAN PARAMBU (THUNCHAN MEMORIAL RESEARCH CENTER) Tirur Thuchan Parambu Rd, Tirur, Kerala 676101 0494 242 2213
രോഗികള്‍ക്കും കൂട്ടിരുപ്പുക്കാര്‍ക്കും മുന്‍പില്‍ മലയാളത്തില്‍ സംസാരിക്കുന്നതാണ് പ്രശ്‌നം. എന്തിനും മണ്ണിന്റെ മക്കള്‍ വാദവും ഇരവാദവും മുഴക്കുന്നത് മല്ലൂസിന്റെ സ്ഥിരം പരിപാടിയാണ്.. എന്നാണ് അടുത്ത വിമര്‍ശനം. നിങ്ങള്‍ ഒരു കാര്യം മനസിലാക്കണം, മറ്റുള്ളവരോട് സഹനശീലമുണ്ടാകുക എന്നത് തനിയെ പഠിക്കേണ്ട ഒന്നാണ്. അങ്ങോടും ഇങ്ങോടും മലയാളം സംസാരിക്കുന്നതിനെ നമ്മള്‍ പ്രതിരോധപരമായി നോക്കേണ്ട കാര്യമില്ല, നമ്മള്‍ താഴെ തട്ടിലുള്ളവരായി തോന്നരുത്. സാധാരണ വര്‍ത്തമാനമാണെങ്കില്‍ ജോലി ചെയ്യുന്നതിനിടെ മൂന്നാമതൊരാളെ ഉള്‍ക്കൊള്ളിക്കേണ്ട കാര്യമില്ല.
Discussion about this post