കോവിഡ് രോഗം ബാധിച്ചതോടെ മുമ്പ് കോവിഡിനെ നിസാരമാക്കി പുച്ഛിച്ചതൊക്കെ തിരുത്തി ബോളിവുഡ് നടി കങ്കണ റണൗത്ത്. കോവിഡ് ഒരു ജലദോഷപ്പനിയായിട്ടാണ് ആദ്യം തനിക്ക് അനുഭവപ്പെട്ടതെന്നും എന്നാൽ രോഗം ഭേദമായതിന് ശേഷം നിരവധി ആരോഗ്യപ്രശ്നങ്ങളുണ്ടായെന്നും കങ്കണ പറഞ്ഞു. സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് കങ്കണയുടെ തുറന്ന് പറച്ചിൽ.
ജലദോഷപ്പനി പോലെയാണ് കോവിഡ് തനിക്ക് അനുഭവപ്പെട്ടതെന്നും എന്നാൽ രോഗം ഭേദമാകുന്ന സമയത്ത് ഇതുവരെ അനുഭവിക്കാത്തതൊക്കെ തനിക്ക് വന്നുവെന്നും കങ്കണ പറയുന്നു. കോവിഡിന്റെ കാര്യത്തിൽ രോഗമുക്തിയ്ക്ക് ശേഷമാണ് നിരവധി ആരോഗ്യപ്രശ്നങ്ങൾ നമ്മളെ തേടിവരികയെന്നും അങ്ങനെയാണ് തനിക്ക് അനുഭവപ്പെട്ടതെന്നും കങ്കണ വീഡിയോയിൽ പറയുന്നുണ്ട്. കോവിഡ് രോഗികൾക്ക് എതിരേയും കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങളേയും അവഹേളിക്കുന്ന തരത്തിൽ നിരവധി പ്രസ്താവനകൾ നടത്തിയ കങ്കണയുടെ തുറന്നുപറച്ചിലും ഇപ്പോൾ ചർച്ചയാവുകയാണ്.
‘കോവിഡ് രോഗം ഭേദമായതിനെക്കുറിച്ച് സംസാരിക്കാനാണ് ഞാൻ ഇന്ന് നിങ്ങൾക്കു മുന്നിൽ എത്തിയത്. ഒരു ജലദോഷപ്പനി. അതാണ് കൊറോണ എന്നായിരുന്നു എനിക്ക് തോന്നിയത്. എന്നാൽ രോഗം ഭേദമാകുന്ന ഘട്ടത്തിൽ എനിക്കുണ്ടായ അനുഭവങ്ങൾ ആ ധാരണ തിരുത്തി. ഇതിനു മുമ്പ് സംഭവിക്കാത്ത പലതും എന്റെ ശരീരത്തെ ബാധിച്ചു. ഏതെങ്കിലും രോഗം നമ്മുടെ ശരീരത്തെ ബാധിച്ചാൽ അവയ്ക്കൊക്കെ രോഗമുക്തി വളരെ എളുപ്പം സാധിക്കും എന്നാൽ കൊറോണയുടെ കാര്യത്തിൽ നേരെ തിരിച്ചാണ് നടക്കുക.’
രോഗം ഭേദമാകുന്ന സമയം ഏറെ ശ്രദ്ധിക്കണമെന്നും വൈറസ് ശരീരത്തെ തളർത്തുന്ന സമയമാണ് അതെന്നും കങ്കണ വീഡിയോയിൽ പറയുന്നു.
‘രോഗം ഭേദമായി എന്ന് വൈറസ് നമ്മുടെ ശരീരത്തെ പറഞ്ഞു വിശ്വസിപ്പിക്കും. ആ ബോധത്തോടെ നമ്മൾ പ്രവർത്തിക്കുമ്പോൾ കഠിനമായ ക്ഷീണവും മറ്റ് ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകും. എനിക്ക് രോഗം ഭേദമായ ശേഷവും ജലദോഷവും പനിയും തൊണ്ട വേദനയും വന്നിരുന്നു. രണ്ടു മൂന്നു തവണ ഇതാവർത്തിക്കുകയും ചെയ്തു.’-കങ്കണ വീഡിയോയിലൂടെ വെളിപ്പെടുത്തുന്നു.
Discussion about this post