തിരുവനന്തപുരം: ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്ററുടെ കിരാത ഭരണത്തിനെതിരെ ലക്ഷദ്വീപ് ജനത പോരാടുമ്പോൾ പിന്തുണയുമായി എത്തിയ നടൻ പൃഥ്വിരാജിനെ ആക്ഷേപിച്ച് ജനം ടിവിയുടെ എഡിറ്റോറിയൽ. പൃഥ്വിരാജിനോട് മലയാളികൾക്ക് ഉള്ള സ്നേഹം പൗരുഷവും തന്റേടവുമുള്ള സുകുമാരന്റെ മകൻ എന്ന നിലയിലാണ്. സുകുമാരന്റെ മൂത്രത്തിൽ ഉണ്ടായ പൗരുഷമെങ്കിലും പൃഥ്വിരാജ് കാട്ടണം എന്നാണ് ജനം ടിവി പരസ്യമായി എഴുതിവെച്ചിരിക്കുന്നത്.
പൃഥ്വിരാജിന്റെ കണ്ണീർ ജിഹാദികൾക്ക് വേണ്ടി എന്ന തലക്കെട്ടിലുള്ള കുറിപ്പിലാണ് ആക്ഷേപം. ജികെ സുരേഷ് ബാബു എഴുതിയ ജനം ടിവിയുടെ പ്രതികരണ പംക്തിയിലാണ് പൃഥ്വിരാജിനെയും കുടുംബത്തെയും ഒന്നടങ്കം ചാനൽ അധിക്ഷേപിച്ചിരിക്കുന്നത്.
അതേസമയം ചാനലിന്റെ ആക്ഷേപത്തിന് എതിരെ സോഷ്യൽ മീഡിയ ഒന്നടങ്കം രംഗത്തെത്തിയിട്ടുണ്ട്. ജനം ടിവി വെറും വിസർ’ജനം’ ടിവി ആകരുതെന്നും പൃഥ്വിരാജിന് പൂർണപിന്തുണ നൽകുന്നുവെന്നുമാണ് സോഷ്യൽമീഡിയയുടെ പ്രതികരണം. മാന്യമായി മാധ്യമ പ്രവർത്തനം നടത്താൻ അറിയില്ലേ എന്നും സോഷ്യൽ മീഡിയ ജനം ടിവിയോട് രോക്ഷം കൊള്ളുന്നു.
ഇതിനിടെ മലയാള സിനിമാലോകം ഒന്നടങ്കം പൃഥ്വിരാജിന് പിന്തുണയുമായി എത്തിയിരിക്കുകയാണ്. കൃത്യമായി നിലപാട് പറയുമ്പോൾ ആഭാസമല്ല മറുപടിയെന്നും മാന്യമായി അഭിപ്രായം പറയുമ്പോൾ സംവാദമാണ് വിവാദമല്ല വേണ്ടതെന്നും നടൻ അജു വർഗീസ് കുറിച്ചു. സംവിധായകൻ മിഥുൻ മാനുവൽ തോമസും ജൂഡ് ആന്റണി, വിടി ബൽറാം, ആന്റണി വര്ഗീസ് തുടങ്ങി നിരവധിപേർ പൃഥ്വിക്ക് പിന്തുണയുമായി എത്തിയിട്ടുണ്ട്.
അജു വർഗീസ്: ഒരാൾ വ്യക്തമായ അഭിപ്രായം പറയുമ്പോൾ ആഭാസം അല്ല മറുപടി. വിവാദങ്ങൾ മാറി സംവാദങ്ങൾ വരട്ടെ !
ഷിയാസ് കരീം: അഭിപ്രായം പറയുന്നവന്റെ അച്ഛനും കുടുംബക്കാർക്കും എതിരെ സംസാരിക്കുന്നതാണ് എന്ത് തരം മാധ്യമ ധർമ്മമാണ് , ഇതൊക്കെ ശരിയാണ് എന്ന് നിങ്ങൾ ചിന്തിക്കുന്നു എങ്കിൽ ചാനൽ പൂട്ടി നിങ്ങൾ വല്ല പണിയും നോക്ക്. ശക്തമായ വിയോജിപ്പ് പ്രകടിപ്പിക്കുന്നു. പൃഥ്വിരാജിന്റെ അഭിപ്രായത്തിനൊപ്പം…
ജൂഡ് ആന്റണി: വളരെ മാന്യമായി തന്റെ നിലപാടുകൾ എന്നും തുറന്നു പറഞ്ഞിട്ടുള്ള വ്യക്തിയാണ് പൃഥ്വിരാജ് . തന്റെ സ്വപ്നങ്ങൾ ഓരോന്നായി ജീവിച്ചു കാണിച്ച അസൂയ തോന്നുന്ന വ്യക്തിത്വം. വർഷങ്ങൾക്കു മുൻപ് ആൾക്കൂട്ട ആക്രമണങ്ങൾക്കു വില കൊടുക്കാതെ സിനിമകൾ കൊണ്ട് മറുപടി കൊടുത്ത ആ മനുഷ്യൻ ഇപ്പൊ നടക്കുന്ന ഈ സൈബർ ആക്രമണങ്ങളൊക്കെ കണ്ട് ചിരിക്കുന്നുണ്ടാകും. നിലപാടുകൾ ഉള്ളവർക്ക് സൊസൈറ്റി വെറും…
അരുൺ ഗോപി: സംസ്കാരം എന്ന വാക്കിന്റെ ഏതെങ്കിലും അരികിലൂടെ നിങ്ങൾ സഞ്ചരിച്ചിട്ടുണ്ടെങ്കിൽ, ഈ വാചകങ്ങൾ നിങ്ങൾ തിരുത്തണ്ട കാരണം നിങ്ങളിൽ നിന്നു ഇതല്ലാതെ എന്ത് പ്രതീക്ഷിക്കാൻ… ലക്ഷദ്വീപിലെ ‘ജന’ത്തിനൊപ്പം
ലക്ഷദ്വീപിലെ ബിജെപി കടന്നുകയറ്റത്തെ പിന്തുണച്ചു ജനം ടീവി പ്രസിദ്ധീകരിച്ച കുറിപ്പിലെ പൃഥ്വിരാജിനെ ആക്ഷേപിക്കുന്ന ഭാഗങ്ങൾ ഇങ്ങനെ:
ഇന്ന് ലക്ഷദ്വീപിനുവേണ്ടി പൃഥ്വിരാജ് കണ്ണീരൊഴുക്കി രംഗത്തു വരുമ്പോൾ അതിനു പിന്നിൽ ജിഹാദികളുടെ കുരുമുളക് സ്പ്രേ ആണെന്ന് മനസ്സിലാക്കാൻ വലിയ പാണ്ഡിത്യമൊന്നും വേണ്ട. കഴിഞ്ഞ കുറച്ചുകാലമായി ജിഹാദികൾക്കും ഭീകരർക്കും വേണ്ടി പൃഥ്വിരാജ് കണ്ണീരൊഴുക്കാൻ തുടങ്ങിയിട്ട്. ഒരു നടൻ എന്ന നിലയിലും അഭിനേതാവ് എന്ന നിലയിലും പൃഥ്വിരാജിനോട് സ്നേഹവും ആദരവുമുണ്ട്. ദേശീയകാര്യങ്ങളിലും ഭരണപരമായ കാര്യങ്ങളിലും പൃഥ്വിരാജ് കുരയ്ക്കുന്നത് ആർക്കുവേണ്ടിയാണെന്ന് ഇപ്പോൾ എല്ലാവർക്കും അറിയാം.
പൃഥ്വിരാജിനോട് ഞാൻ അടക്കമുള്ള മലയാളികൾക്ക് ഉള്ള സ്നേഹം പൗരുഷവും തന്റേടവുമുള്ള സുകുമാരന്റെ മകൻ എന്ന നിലയിലാണ്. സുകുമാരന്റെ മൂത്രത്തിൽ ഉണ്ടായ പൗരുഷമെങ്കിലും പൃഥ്വിരാജ് കാട്ടണം. രാജ്യവിരുദ്ധ ശക്തികൾക്കൊപ്പം പൃഥ്വിരാജ് കുരച്ചു ചാടുമ്പോൾ നല്ല നടനായ സുകുമാരനെ ആരെങ്കിലും ഓർമ്മിപ്പിച്ചാൽ അത് പിതൃസ്മരണയായിപ്പോകും. നാലു സിനിമാ അവസരങ്ങൾക്കു വേണ്ടി സ്വന്തം പിതൃസ്മരണ നടത്താൻ മറ്റുള്ളവർക്ക് അവസരം കൊടുക്കരുതേ എന്ന അഭ്യർത്ഥനയാണ് പൃഥ്വിരാജിനോടുള്ളത്. മറ്റു പലരും ഇത്തരത്തിലുള്ള ഒരു പരാമർശം പോലും അർഹിക്കുന്നില്ല. പിന്നെ പൃഥ്വിരാജല്ല, ആര് ചാടിയാലും ലക്ഷദ്വീപ് എന്നല്ല, ഇന്ത്യയുടെ ഒരു ഭാഗവും ഇനി ജിഹാദികൾക്ക് കിട്ടില്ല.
Discussion about this post