നിർമ്മാതാവും സൂപ്പർതാരം മോഹൻലാലിന്റെ ഉറ്റതോഴനുമായ ആന്റണി പെരുമ്പാവൂർ ഇന്ന് പിറന്നാളും വിവാഹ വാർഷികവും ആഘോഷിക്കുകയാണ്. ഈ ദിനത്തിൽ അദ്ദേഹത്തിന് ആശംസകളുമായി എത്തിയിരിക്കുകയാണ് മോഹൻലാൽ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ആശംസകൾ നേർന്നത്.
‘സന്തോഷ ജന്മദിനം പ്രിയപ്പെട്ട ആന്റണി. ഒപ്പം ആന്റണിക്കും ശാന്തിക്കും സന്തോഷം നിറഞ്ഞ വിവാഹ വാർഷികവും നേരുന്നു. ദൈവം എപ്പോഴും നിങ്ങളുടെ ജീവിതത്തിൽ സന്തോഷം നിറയ്ക്കട്ടെ’- മോഹൻലാൽ കുറിച്ചു.
മോഹൻലാലിന്റെ സന്തത സഹചാരിയായിരുന്ന ആന്റണി മോഹൻലാലിനെ നായകനാക്കി ഒരുക്കിയ നരസിംഹം എന്ന ചിത്രത്തിലൂടെയാണ് സിനിമ നിർമ്മാണ മേഖലയിലേക്ക് എത്തുന്നത്. തുടർന്ന് മോഹൻലാലിനൊപ്പം 27ഓളം സിനിമകൾ അദ്ദേഹം പൂർത്തിയാക്കി. നിലവിൽ മോഹൻലാൽ ആദ്യമായി സംവിധായകന്റെ തൊപ്പി അണിയുന്ന ബറോസാണ് അദ്ദേഹം നിർമ്മിക്കുന്നത്. ലോകത്തിന്റെ നാനാഭാഗത്തുനിന്നുമെത്തിച്ച വാസ്‌കോ ഡ ഗാമയുടെ രത്‌നങ്ങളുടെയും നിധികളുടെയും കാവൽക്കാരനായ ബറോസിന്റെ കഥയാണ് ചിത്രം പറയുന്നത്.
മോഹൻലാലിന്റെ ഏറ്റവും വലിയ വിജയങ്ങളായ ദൃശ്യവും ലൂസിഫറും നിർമ്മിച്ചതും ആന്റണിയാണ്. മലയാളത്തിലെ ഏറ്റവും ബിഗ് ബജറ്റ് ചിത്രമായ മരക്കാർ അറബിക്കടലിന്റെ സിംഹമാണ് ആന്റണിയുടേതായി പുറത്തിറങ്ങാനുള്ളത്. ലൂസിഫർ ചിത്രത്തിന്റെ സംവിധായകനായ നടൻ പൃഥ്വിരാജും ആന്റണി പെരുമ്പാവൂരിന് ആശംസകളുമായി എത്തിയിട്ടുണ്ട്.
Discussion about this post