ഹര്‍ത്താല്‍ ദിനത്തില്‍ റിലീസ് ചെയ്ത് എല്ലാ ഷോകളും ഹൗസ്ഫുള്‍ ആക്കി സിനിമ ചരിത്രത്തില്‍ ഇടം നേടിയ ചിത്രമാണ് ഒടിയന്‍. മലയാള സിനിമ ഇതുവരെ കാണാത്ത പ്രോമോഷണല്‍ പരിപാടികളാണ് ചിത്രത്തിനായി അണിയറപ്രവര്‍ത്തകര്‍ ഒരുക്കിയത്. പ്രമുഖ പരസ്യ സംവിധായകനായ വിഎ ശ്രീകുമാര്‍ മോനോന്റെ ആദ്യ സംവിധാന സംരംഭമാണ് ഒടിയന്‍.
എന്നാല്‍ പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന ചിത്രം തീയ്യേറ്ററുകളില്‍ എത്തിയത് മുതല്‍ സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. പ്രേക്ഷകരുടെ പ്രതീക്ഷയ്‌ക്കൊത്ത് പടം വന്നില്ല എന്നാണ് സോഷ്യല്‍ മീഡിയയില്‍ അടക്കം നടക്കുന്ന പ്രചാരണങ്ങള്‍. എന്നാല്‍ ഈ പ്രചാരണങ്ങളില്‍ ഒന്നും യാതൊരു കഴമ്പുമില്ലെന്ന് തെളിയിക്കുകയാണ് പടം കണ്ട് ഇറങ്ങുന്നവരുടെ അഭിപ്രായങ്ങള്‍. അതിലൊരു കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ദീപിക കൃഷ്ണന്‍ ഒടിയനെ കുറിച്ച് ഫേസ്ബുക്കിലിട്ട കുറിപ്പാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
ദീപിക കൃഷ്ണയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം,
‘ഒടിയന്‍ ‘ കണ്ടു ! കാലം നിറം കെടുത്തിയ എന്റെ ഒരു പഴയ പേടിയെ അതിശയിപ്പിക്കും വേഗത്തില്‍ പ്രണയത്തിലേക്കെത്തിച്ച ഒരു സിനിമ . ഞാന്‍ നിരൂപകയല്ല ആസ്വാദക മാത്രം …. 90 കള്‍ക്ക് മുന്‍പ് ജനിച്ചവര്‍ വരെ കുട്ടിക്കാലത്തു കേട്ടു പഴകിയ , നരച്ച ഓര്‍മകള്‍ക്ക് രാവിന്റെ ഇരുണ്ട നിറങ്ങള്‍ പാകി മാനും , കാളയും ആനയും നരിച്ചീറും നരിയും ആയി വിസ്മയിപ്പിച്ച മാലയാളിയുടെ ലാലേട്ടന്‍ … മായം തിരിയുന്ന ഓടിയന്‍ നമ്മുടെ പേടിയെ മറയാക്കിയ പോലെ ഈ അപൂര്‍വ കഥയുടെ രസം നുകരുന്നതിനു സോഷ്യല്‍ മീഡിയയിലെ ഒരു വിപരീത പ്രചാരണവും മലയാളികള്‍ക്ക് മറയാവാതെ ഇരിക്കട്ടെ . എല്ലാവരും സിനിമ തിയേറ്ററില്‍ പോയി കാണുക ,അറിയുക നമ്മുടെ ഒടിയനെ …
എന്റെ ഒടിയന്‍ കഥയോര്‍മ —–
കണ്ട കാഴ്ചയോടു അകലം പാലിക്കാവുന്ന ഭയമാണെങ്കില്‍ കാണാതെ അറിഞ്ഞ കാഴ്ച…. ഭീകരവും ഉറക്കം കെടുത്തിയും ആണ് . അതില്‍ പലതും പലരും ഉണ്ട് പേടിപ്പിക്കുന്നവര്‍ …. തീപ്പന്തമായി മാറുന്ന ഇരുളാന്‍ , മായം തിരിയുന്ന ഒടിയന്‍, വഴിതെറ്റിച്ചു കൊണ്ട് പോകുന്ന സന്യാസി, തുളസിയില പറിക്കാന്‍ വരുന്ന പൊട്ടന്‍ വേണു എന്നറിയപ്പെടുന്ന വേണു , മണലാര്‍ക്കാവിലെ വെളിച്ചപ്പാട് …. അങ്ങനെ അങ്ങനെ ഒരു നീണ്ട നിര തന്നെ. ഇതില്‍ വെളിച്ചപ്പാടും വേണുവും മാത്രം പകല്‍ സമയത്തു മുഖം കാട്ടിയപ്പോള്‍ ബാക്കി എല്ലാവരുടെയും kaഥകള്‍ക്കു രാത്രിയുടെ തിരശീല വേണമായിരുന്നു . പറയെടുക്കാന്‍ എല്ലാവര്‍ഷവും തറവാട്ടില്‍ എത്തിയ വെളിച്ചപ്പാട് എന്റെ ഭയം ഭക്തിയാക്കി മാറ്റിയപ്പോള്‍ വേണുവേട്ടന്‍ ഒരു കോമാളി പരിവേഷം എടുത്തണിഞ്ഞു . അപ്പോഴും ഇപ്പോഴും ഇരുളാന്‍ എന്റെ ഭയമാണ് , കുഞ്ഞു മനസ്സിലേക്ക് ഉറങ്ങാന്‍ കിടക്കുമ്പോള്‍ എടുത്തെറിഞ്ഞ ഒരു തീപ്പന്തു.
ഒടിയന്‍ …. എണ്‍പതുകളുടെ അവസാനത്തില് ഒരു വേനലവധിക്കാണ് ഇവന്റെ കഥകള്‍ എന്റെ ഉപമനസ്സിനെ ഭയപ്പെടുത്തി കീഴടക്കിയത് . എല്ലാ കസിന്‌സും കൂടെ തറവാട്ടിലെ തളത്തില്‍ ഡെറിയും , കമ്പിളിയും , ജമുക്കാളവും വിരിച്ചു തമാശ പറഞ്ഞും , തമ്മില്‍ തല്ലിയും കഥകള്‍ പറഞ്ഞും കിടക്കുമ്പോള്‍ ആണ് അമ്മൂമ്മയെ പേടിച്ചു സിഗരറ്റു വലിക്കാന്‍ പാത്തും പതുങ്ങിയും പുറത്തേക്കു പോയ നമ്മുടെ നായകന്റെ വരവ് …. എന്റെ അല്ല ഞങ്ങളുടെ ഉണ്ണിമാമ….. ‘എന്താ വാനര പടക്ക് ഉറക്കൊന്നും ഇല്യേ ? വേഗം ഉറങ്ങിക്കോ ഇപ്പൊ ഞാന്‍ പുറത്തു പോയപ്പോ അവിടെ പതുങ്ങി നില്പുണ്ട് ഒരാള് . ഉറങ്ങാത്ത കുട്ടികളെ പിടിക്കലാണ് ആള്‍ടെ പണി . ഇവിടെ കിടന്നു നിങ്ങള്‍ ചിലക്കണ ശബ്ദം കേട്ടാല്‍ , അവനു മനസ്സിലാവും ഈ വീട്ടില്‍ കുട്ടികള്‍ ഉണ്ടെന്നു ‘
വിക്കി വിറച്ചു ഉമിനീരിറക്കി സ്മിത ഒരു വിധം ചോദിച്ചു ‘ ആരാ അച്ഛേ അയാള് ‘
‘ ആഹാ അതറിയില്ല … അവനാണ് ഒടിയന്‍ . കേള്‍ക്കണോ കഥ ഒരു ദിവസം ഞാനും മുരളീമ് കൂടി സെക്കന്റ് ഷോ രാമദാസില് കഴിഞ്ഞിട്ട് വര്യാ അപ്പൊ എന്തോ ഒരനക്കം . നോക്കിയപ്പോ ചുമച്ചു ചുമച്ചു ഒരാള് പാറകുളത്തിന്‌ടെ അരികില് .. ഞങ്ങള്‍ക്ക് ധൈര്യം ഉള്ളോണ്ട് വിളിച്ചു ചോദിച്ചു ആരാ അത് ? പെട്ടന്നതാ …..’
ആ പെട്ടന്നില് ഞങ്ങളെല്ലാം ഞെട്ടി വിറച്ചു ‘ ആരാ അത് ഉണ്ണിമാമേ ഓടിയെന്‍ ആണോ?’ ആകാംക്ഷ കൊണ്ട് ഇരിക്കപ്പൊറുതി നഷ്ടപെട്ട മഞ്ജു ചേച്ചി വിറച്ചു വിറച്ചു ചോദിച്ചു .
‘അല്ലാണ്ടെ പിന്നെ ആരാ നിന്റെ അച്ഛന്റെ നാടുണ്ടല്ലോ പാലക്കാട് അവിടം ആണ് ഇവന്റെ നാട് . ഇതിപ്പോ ആര്‍ക്കോ ഒടി വെക്കാന്‍ വന്നതാ . ഞങ്ങളെ കണ്ടപ്പോ ആകാശം മുട്ടണ അത്രേം വലുപ്പത്തില്‍ അവനങ്ങട് വളര്‍ന്നു ഒരുപശൂന്റെ രൂപത്തില് . പിന്നെ കയ്യിലുള്ള പൈസ അവിടെ ഇട്ടിട്ടു ഞങ്ങള്‍ ഓടി . കാരണം ഞങ്ങളുടെ കയ്യില്‍ ആയുധങ്ങള്‍ ഒന്നും ഇല്ലല്ലോ മാത്രല്ല കുട്ടികളുടെ ഇറച്ചി ആണ് അവനു കൂടുതല്‍ ഇഷ്ടം . ചെവിയിലെ കടുക്കനില്‍ ആണ് അവന്‌ടെ ശക്തി . ആ കടുക്കന്‍ നമ്മള്‍ക്ക് ഊരാന്‍ പറ്റിയാല് നമ്മള്‍ ഓടിയനായി മാറും ‘.
‘മതി ഉണ്ണിമാമേ മതി ഇനി പറയണ്ട.. അമ്മൂമ്മേ … അമ്മൂമ്മേ …’ എന്റെ കരച്ചില്‍ കേട്ടുവന്ന അമ്മൂമ്മ അന്നും എന്റെ രക്ഷകയായി.
‘ ഉണ്ണീ നീ പോയികിടന്നുറങ്ങു . വെറുതെ അതുമിതും പറഞ്ഞു കുട്ടികളെ പേടിപ്പിക്കാതെ.’ ആ ആജ്ഞയയുടെ ബലത്തില്‍ അന്ന് ഞാന്‍ ഉറങ്ങി . പക്ഷെ അന്നുമുതല്‍ ഇന്നുവരെ കേട്ടറിഞ്ഞതും വായിച്ചറിഞ്ഞതും കുറച്ചു ശെരിയും കൂടുതല്‍ തെറ്റുമാക്കി മാറ്റി ഇന്നലെ ഞാന്‍ കണ്ട” Odiyan ‘ .
ഇന്നെനിക്കു ഭയമില്ല അമാവാസി രാത്രിയില്‍ പാലപ്പൂ മണം പരത്തി വരുന്ന ഗന്ധര്‍വനെ പോലെ , കസ്തൂരി മണം പരത്തി ഒരു മാനായി നീ വരുന്നതും കാത്തു ,പ്രഭക്കു കൊടുത്തതിനെക്കാള്‍ ചന്തമുള്ള താമരപ്പൂക്കള്‍ക്കായി എന്റെ മനസ്സിന്റെ മട്ടുപ്പാവിലെ വിളക്കുകള്‍ അണച്ച് ഇരുട്ട് മറയാക്കി ഞാന്‍ കാത്തിരിക്കും … എന്റെ മാത്രം ഓടിയനെ ഒരു നോക്ക് കാണാന്‍ …
പ്രണയപൂര്‍വം
ദീപിക
(ഓടിയനെ എനിക്ക് പരിചയപ്പെടുത്തിയ ഉണ്ണിമാമ , വിയ്യൂരിന്റെ സ്വന്തമ് കൃഷ്‌ണേട്ടന്‍. late Mr. krishnan kolari)
Discussion about this post