അകാലത്തില്‍ പൊലിഞ്ഞ മകള്‍ നന്ദനയുടെ ഓര്‍മ്മ ദിനത്തില്‍ ഉള്ളം തെടുന്ന കുറിപ്പുമായി വാനമ്പാടി കെഎസ് ചിത്ര. മകളുടെ പുഞ്ചിരിക്കുന്ന ചിത്രം പങ്കുവെച്ചാണ് ചിത്ര ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കിട്ടിരിക്കുന്നത്. മകളുടെ ഓര്‍മകള്‍ ഇന്നും നിധി പോലെ സൂക്ഷിക്കുകയാണെന്നും ഒരുപാട് മിസ് ചെയ്യുന്നുണ്ടെന്നും ഗായിക കുറിച്ചു. നന്ദന മരണപ്പെട്ടിട്ട് 10 വര്‍ഷം തികയുന്ന വേളയിലാണ് കുറിപ്പ്.
വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ 2002ലാണ് ചിത്രയ്ക്കും ഭര്‍ത്താവ് വിജയശങ്കറിനും മകള്‍ പിറന്നത്. എന്നാല്‍, 2011ല്‍ ദുബായിലെ വില്ലയില്‍ നീന്തല്‍ കുളത്തില്‍ വീണ് ഒമ്പത് വയസുകാരിയായ നന്ദന മരണപ്പെടുകയായിരുന്നു.
ചിത്രയുടെ കുറിപ്പ്;
‘നിന്റെ ജനനം ആയിരുന്നു ഞങ്ങള്‍ക്കു ജീവിതത്തില്‍ ലഭിച്ച ഏറ്റവും വലിയ അനുഗ്രഹം. നിന്റെ ഓര്‍മകള്‍ ഞങ്ങള്‍ക്കെന്നും നിധി പോലെയാണ്. ഞങ്ങള്‍ക്കു നിന്നോടുള്ള സ്‌നേഹം വാക്കുകള്‍ക്കപ്പുറമാണ്. നിന്റെ ഓര്‍മകള്‍ ഞങ്ങളുടെ ഹൃദയത്തില്‍ കൊത്തിവച്ചിരിക്കുന്നു. അത് എന്നേയ്ക്കും നിലനില്‍ക്കുകയും ചെയ്യും. ഒരു വേള എങ്കിലും നിന്നെ കാണാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. നീ ഞങ്ങള്‍ക്ക് എത്രമാത്രം വിലപ്പെട്ടതാണെന്ന് ആ നിമിഷം ഞങ്ങള്‍ക്കു നിന്നോടു പറയണം. പ്രിയ നന്ദന, നിന്നെ ഒരുപാട് മിസ് ചെയ്യുന്നു’