‘അന്ന് ഞാന്‍ അദ്ദേഹത്തെ വെറുത്തു! ഇഷ്ടം തുടങ്ങിയത് ‘എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക്’ മുതല്‍; ജീവിതം പറഞ്ഞ് സുചിത്ര മോഹന്‍ലാല്‍

മലയാളത്തിന്റെ നടനവിസ്മയം മോഹന്‍ലാല്‍ നാല് പതിറ്റാണ്ട് നീണ്ട അഭിനയ ജീവിതത്തില്‍ പുതിയ വഴിത്തിരിവിലേക്ക് കടന്നിരിക്കുകയാണ്. മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബറോസ്.

കൊച്ചിയില്‍ നടന്ന പൂജാ ചടങ്ങില്‍ മനസ്സ് തുറന്നിരിക്കുകയാണ് സുചിത്ര മോഹന്‍ലാല്‍. വളരെ വിരളമായി പൊതുവേദികളില്‍ എത്തുകയും എന്നാല്‍ അധികം സംസാരിക്കാത്ത പ്രകൃതവുമായ സുചിത്ര നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെ നിര്‍ബന്ധപ്രകാരമാണ് ജീവിതത്തെ കുറിച്ച് മനസ്സ് തുറന്നത്.

‘കഴിഞ്ഞ കാലങ്ങളിലെല്ലാം ഞാന്‍ ഒരു ലോ പ്രൊഫൈല്‍ ബാക്ക് സീറ്റെടുക്കാന്‍ തീരുമാനിച്ച് മാറിനില്‍ക്കുകയായിരുന്നു. അപ്പുവിന്റെ (പ്രണവ് മോഹന്‍ലാല്‍) ആദ്യ സിനിമയുമായി ബന്ധപ്പെട്ടാണ് ഞാന്‍ ഒടുവില്‍ സംസാരിച്ചത്. ഇന്ന് ചേട്ടന്റെ (മോഹന്‍ലാല്‍) ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളില്‍ ഒന്നാണ്. ഒരു നടന്‍ എന്ന നിലയില്‍ അദ്ദേഹം എല്ലാം നേടി. ഒരു സംവിധായകന്‍ എന്ന നിലയില്‍ പുതിയ ഒരു തുടക്കമാണിത്. ഇന്ന് എന്തെങ്കിലും സംസാരിച്ചേ മതിയാകൂ,’ സുചിത്ര പറഞ്ഞു.

നവോദയയുടെ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിലാണ് അദ്ദേഹം ആദ്യമായി അഭിനയിക്കുന്നത്. അതും വില്ലനായി. അന്ന് ഞാന്‍ അദ്ദേഹത്തെ വെറുത്തു. വില്ലനായി അദ്ദേഹം അഭിനയിച്ചപ്പോഴെല്ലാം ഞാന്‍ അദ്ദേഹത്തെ വെറുത്തു. അങ്ങനെ വെറുപ്പ് തോന്നിയതിന് കാരണം അദ്ദേഹം ചെയ്യുന്ന ജോലി നല്ലതല്ലാത്തത് കൊണ്ടുമാത്രമാണെന്നും സുചിത്ര വ്യക്തമാക്കി.

‘നവോദയയുടെ എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് എന്ന ചിത്രം മുതലാണ് അദ്ദേഹത്തെ ഇഷ്ടപ്പെടാന്‍ തുടങ്ങിയത്. ആ ഇഷ്ടം അവിടെ അവസാനിച്ചില്ല. ഞങ്ങള്‍ വിവാഹിതരായി. ഇന്ന് ഞാന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന നടനാണ് അദ്ദേഹം,” സുചിത്ര മനസ്സു തുറന്നു. ബറോസ് സംവിധാനം ചെയ്യാനുള്ള മോഹന്‍ലാലിന്റെ തീരുമാനം നല്ലതാണെന്നും താന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന സംവിധായകനായി മോഹന്‍ലാല്‍ മാറുമെന്നും സുചിത്ര കൂട്ടിച്ചേര്‍ത്തു.

Exit mobile version