ദേശീയ പുരസ്‌കാര ജേതാവായ സംവിധായകൻ എസ്പി ജനനാഥൻ അന്തരിച്ചു

ചെന്നൈ: ദേശീയ പുരസ്‌കാര ജേതാവായ തമിഴ് സംവിധായകൻ എസ്പി ജനനാഥൻ (61) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ചികിത്സയിലിരിക്കെ ഞായറാഴ്ച്ച രാവിലെ പത്ത് മണിയോടെയായിരുന്നു അന്ത്യം. ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് രണ്ട് ദിവസമായി ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.

വീട്ടിൽ അബോധാവസ്ഥയിൽകണ്ട് സംവിധാനസഹായികളാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിജയ് സേതുപതി മുഖ്യവേഷത്തിലെത്തുന്ന ‘ലാഭം’ എന്ന സിനിമയുടെ ചിത്രീകരണ തിരക്കിലായിരുന്നു അദ്ദേഹം.

jananathan1

ചിത്രത്തിന്റെ എഡിറ്റിങ് ജോലികൾ നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടെ കഴിഞ്ഞദിവസം ഉച്ചഭക്ഷണം കഴിക്കാനായി വീട്ടിലേക്ക് പോയി ദീർഘനേരമായിട്ടും മടങ്ങി വരാതിരുന്നതോടെ സഹായികൾ അന്വേഷിച്ചെത്തിയപ്പോഴാണ് വീട്ടിൽ അബോധാവസ്ഥയിൽ കണ്ടത്.

jananathan

ജനനാഥന്റെ ആദ്യസിനിമയായ ‘ഇയർക്കൈ’ 2003ൽ തമിഴിലെ മികച്ച ഫീച്ചർ സിനിമയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടിയിരുന്നു. ‘ ഇ’ , ‘ പേരാൺമൈ’ , ‘ പുറമ്പോക്ക് എങ്കിറ പൊതുവുടമൈ’ എന്നിവയാണ് അദ്ദേഹം സംവിധാനം ചെയ്ത മറ്റുചിത്രങ്ങൾ.

Exit mobile version