രാജ്യത്ത് ശൈശവവിവാഹം നിരോധിക്കപ്പെട്ടാണെങ്കിലും പലയിടങ്ങളിലും ഇന്നും കുഞ്ഞുങ്ങളെ വിവാഹം കഴിപ്പിക്കുന്നുണ്ടെന്നത് യാഥാർഥ്യമാണ്. ശൈശവ വിവാഹവും കൗമാര ഗർഭധാരണവും മാനസികമായും ശാരീരികമായും ഏറെ ദോഷം ചെയ്യുമെന്ന് ഓർമ്മിപ്പിച്ച് ഇതിനെതിരേയുള്ള ക്യാംപെയിനുമായി രംഗത്തെത്തിയിരിക്കുകയാണ് അമിതാഭ് ബച്ചന്റെ പേരക്കുട്ടി നവ്യ നവേലി നന്ദ. ശ്വേത ബച്ചന്റെ മകളാണ് നവ്യ.
കൗമാരകാലത്തുള്ള ഗർഭധാരണം കുട്ടികളെ മോശമായി ബാധിക്കുമെന്നു ഓർമ്മിപ്പിച്ച് അതേക്കുറിച്ച് അവബോധം സൃഷ്ടിക്കാൻ ക്യാംപെയിനിന്റെ ഭാഗമാകുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് നവ്യ പറയുന്നു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വിവാഹത്തിന് പ്രേരിപ്പിക്കുന്നത് ക്രിമിനൽ കുറ്റമാണെങ്കിലും രാജ്യത്തെ പലർക്കും ഇതേക്കുറിച്ച് ധാരണയില്ല. ശൈശവ വിവാഹങ്ങൾ നടത്തുന്നതും സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധങ്ങളിൽ ഏർപ്പെടുന്നതുമാണ് കൗമാരപ്രായത്തിലുള്ള അമ്മമാരെ സൃഷ്ടിക്കുന്നത്.-ഇൻസ്റ്റഗ്രാമിൽ നവ്യ കുറിക്കുന്നു.
അമിതാഭ് ബച്ചന്റെ മകളുടെ മകളായ 24കാരി നവ്യ സിനിമയിൽ അരങ്ങേറ്റം കുറിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു എങ്കിലും സോഷ്യൽവർക്കുമായി മുന്നോട്ട് പോവുകയാണ് ഇവർ. സ്ത്രീകൾക്ക് തുല്യഅവസരങ്ങൾ ഒരുക്കുന്നതിനും അവരെ സാമ്പത്തികമായ പിന്തുണ നൽകുന്നതിനും വേണ്ടി രൂപീകരിച്ച പ്രൊജക്ട് നവേലി എന്ന സംഘടനയുടെ സ്ഥാപക കൂടിയാണ് നവ്യ.
Discussion about this post