അമേരിക്കൻ ഗായകനും സെലിബ്രിറ്റിയുമായ നിക് ജൊനാസ് തന്റെ ഭാര്യയും നടിയുമായ പ്രിയങ്ക ചോപ്രയെ കുറിച്ച് തുറന്നുപറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത്. ‘സ്പേസ് മാൻ’ എന്ന പുതിയ സംഗീത ആൽബത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ടു നൽകിയ അഭിമുഖത്തിനിടെയാണ് നിക് പ്രിയങ്കയെ കുറിച്ച് വാചാലനായത്.
മുൻകാമുകിമാരിൽ നിന്നും പ്രിയങ്ക ചോപ്ര വ്യത്യസ്തയാകുന്നത് എങ്ങനെ എന്ന ചോദ്യത്തിനാണ് നിക് കൃത്യമായ മറുപടി പറഞ്ഞത്. വിവാഹത്തിനു മുൻപു തന്നെ പ്രിയങ്ക അടുത്ത സുഹൃത്തായിരുന്നെന്നും തങ്ങൾ പരസ്പരം നന്നായി മനസ്സിലാക്കിയിരുന്നെന്നും നിക് പറയുന്നു. പ്രിയങ്കയെപ്പോലെയൊരു മികച്ച പങ്കാളിയെ കിട്ടിയത് അനുഗ്രഹവും ഭാഗ്യവുമാണെന്നാണ് നികിന്റെ വാക്കുകൾ.
‘യഥാർഥ വ്യക്തിയാണെങ്കിൽ അയാളുമായി നമുക്കൊരു മാജിക്കൽ കണക്ഷൻ അനുഭവപ്പെടും. അക്കാര്യത്തിൽ ഞങ്ങൾ വളരെയേറെ ഭാഗ്യമുള്ളവരാണ്. വിവാഹത്തിനു മുൻപു തന്നെ ഞങ്ങൾക്കു പരസ്പരം വളരെ നന്നായി അറിയാമായിരുന്നു. സുഹൃത്തുക്കൾ എന്ന നിലയിലുള്ള ഞങ്ങളുടെ ആത്മബന്ധമാണ് ഞങ്ങൾ തമ്മിലുള്ള ബന്ധം മനോഹരമാക്കുന്നത്. വിവാഹത്തിന്റെ സംഭവബഹുലമായ ആദ്യ കുറച്ചു വർഷങ്ങളാണിത്. എനിക്ക് എപ്പോഴും ആശ്രയിക്കാൻ പറ്റുന്ന മികച്ച ഒരു ജീവിതപങ്കാളിയെ കിട്ടിയതിൽ ഞാൻ വളരെയേറെ അനുഗ്രഹീതനാണ്. അവൾക്കും അങ്ങനെ തന്നെയാണെന്നാണ് ഞാൻ കരുതുന്നത്’- നിക് ജൊനാസ് പറഞ്ഞു.
പ്രിയങ്കയെ പ്രണയിക്കുന്നതിന് മുമ്പ് നിക് ജൊനാസിന് പ്രണയങ്ങളുണ്ടായിരുന്നു. പ്രണയബന്ധങ്ങളെക്കുറിച്ച് നിക് തന്നെ പലപ്പോഴായി തുറന്നു പറഞ്ഞിട്ടുമുണ്ട്. 2018ലെ ഗലെ പുരസ്കാര വേദിയിൽ വച്ചാണ് നിക്കും പ്രിയങ്കയും തമ്മിൽ കണ്ടുമുട്ടിയത്. പിന്നീട് നിരവധി പൊതുപരിപാടികളിലും ഇരുവരും ഒരുമിച്ചെത്തിയിരുന്നു. പിന്നാലെയാണ് തങ്ങൾ വിവാഹിതരാവുകയാണെന്ന് താരങ്ങൾ വെളിപ്പെടുത്തിയത്. വിവാഹിതരായി മൂന്ന് വർഷം പിന്നിട്ടിരിക്കുകയാണ് നികും പ്രിയങ്കയും ഇപ്പോൾ. ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോകളും പ്രിയങ്കയും നികും പങ്കുവയ്ക്കാറുണ്ട്.
Discussion about this post