പൊതുപരിപാടിക്കിടെ വീഡിയോ എടുത്തത് ഇഷ്ടമായില്ല; ആരാധകന്റെ മുഖത്തടിച്ച് നടൻ ബാലകൃഷ്ണ; ‘ഒരു പ്രശ്‌നവുമില്ല, അദ്ദേഹം തൊട്ടതിൽ അഭിമാന’മെന്ന് അടികൊണ്ട യുവാവ്

balakrishna_

പൊതുപരിപാടികൾക്കിടെ മോശമായ പെരുമാറ്റം കാഴ്ചവെച്ച് ഇടയ്ക്കിടെ വിവാദം സൃഷ്ടിക്കുന്ന തെലുങ്ക് നടനും രാഷ്ട്രീയനേതാവുമായി നന്ദമുരി ബാലകൃഷ്ണ വീണ്ടും വിവാദത്തിൽ. തെലുങ്ക്‌ദേശം പാർട്ടി നേതാവായ നന്ദമുരി ബാലകൃഷ്ണ തന്റെ നിയോജക മണ്ഡലം സന്ദർശിക്കുന്നതിനിടെ അണിയെ തല്ലിയാണ് വീണ്ടും വിവാദപുരുഷനായിരിക്കുന്നത്. സെൽഫിയെടുത്തതിന് ആരാധകനെ തല്ലിയ സംഭവത്തിന് പിന്നാലെയാണ് ആരാധകർ ബാലയ്യ ഗാരു എന്ന് വിളിക്കുന്ന ബാലകൃഷ്ണയുടെ മോശം പെരുമാറ്റം.

ഹിന്ദുപുർ നിയോജക മണ്ഡലത്തിൽ ഒരു പൊതുപരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു നടൻ. അതിനിടെയാണ് അണികളിലൊരാൾ വീഡിയോ എടുക്കാൻ ശ്രമിച്ചത്. ക്ഷുഭിതനായ ബാലകൃഷ്ണ അയാളുടെ മുഖത്തടിക്കുകയും വീഡിയോ എടുക്കുന്നത് തടയുകയുമായിരുന്നു. സംഭവം വൈറലായതോടെ അടികൊണ്ടയാൾ താരത്തിനെ ന്യായീകരിച്ച് വാർത്താകുറിപ്പ് പുറത്തിറക്കിയതും ശ്രദ്ധേയമായി.

‘താൻ ബാലയ്യ ഗാരുവിന്റെ ആരാധകനാണ്. അദ്ദേഹം രാവിലെ മുതൽ വൈകുന്നേരം വരെ തെരഞ്ഞെടുപ്പു പരിപാടികളിൽ തുടർച്ചയായി പങ്കെടുത്തു കൊണ്ടിരിക്കുകയായിരുന്നു. ഒടുവിൽ അദ്ദേഹം ഞങ്ങളുടെ വീട്ടിലെത്തി. ഞാൻ വീഡിയോ എടുക്കുന്നത് കണ്ടപ്പോൾ സ്വന്തം പാർട്ടി പ്രവർത്തകനാണെന്ന് അറിയാതെയാണ് അദ്ദേഹം എന്നെ തള്ളിമാറ്റിയത്. ഞങ്ങൾ ആരാധകർക്ക് ഇത്തരം കാര്യങ്ങളൊന്നും പ്രശ്‌നമല്ല. അദ്ദേഹം എന്നെ തൊട്ടതിൽ അഭിമാനം തോന്നുന്നു’- അടികൊണ്ടയാൾ പറയുന്നു.

Exit mobile version