ലോകത്ത് തന്നെ പ്രശസ്തിയുടെ കൊടുമുടി കയറി മോഹൻലാൽ-ജീത്തുജോസഫ് ചിത്രം ദൃശ്യം2. പ്രമുഖ സിനിമാ റേറ്റിങ് വെബ്‌സൈറ്റായ ഐഎംഡിബിയുടെ 2021 ലെ ലോകത്തിലെ ‘മോസ്റ്റ് പോപ്പുലർ’ സിനിമകളുടെ പട്ടികയിലാണ് ദൃശ്യം2 ഇടംപിടിച്ചത്. നൂറ് പ്രശസ്ത സിനിമകളുടെ പട്ടികയിൽ ഏഴാം സ്ഥാനത്താണ് ദൃശ്യം 2.
ഈ പട്ടികയിൽ ഇടംനേടിയ ഏക ഇന്ത്യൻ സിനിമ കൂടിയാണ് ദൃശ്യം2. ഹോളിവുഡിൽ നിന്നുള്ള നോമാഡ്‌ലാൻഡ്, ടോം ആൻഡ് ജെറി, ജസ്റ്റിസ് ലീഗ്, മോൺസ്റ്റർ ഹണ്ടർ, ഐ കെയർ എ ലോട്ട്, മോർടൽ കോംപാട്, ആർമി ഓഫ് ദി ഡെഡ്, ദി ലിറ്റിൽ തിങ്‌സ് എന്നീ ചിത്രങ്ങളാണ് പട്ടികയിലെ പ്രമുഖ സാന്നിധ്യങ്ങൾ.
ഐഎംഡിബി റേറ്റിങ്ങിൽ ഉപഭോക്താക്കളുടെ വോട്ടിനും കാര്യമായ സ്വാധീനമുണ്ട്. ഉപഭോക്താക്കളുടെ വോട്ടിൽ 8.8 ആണ് ദൃശ്യം 2വിന്റെ റേറ്റിങ്. ഇതിൽ തന്നെ 11450 പേർ ചിത്രത്തിന് പത്തിൽ പത്തും നൽകി. ലോകത്തെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ളവർ നൽകിയ വോട്ടിങ് ആണ് ചിത്രത്തിന്റെ റേറ്റിങ് കൂടാൻ കാരണമായത്. തുടർന്ന്, ഐഎംഡിബി ടീം മോഹൻലാലുമായി പ്രത്യേക അഭിമുഖം നടത്തിയിരുന്നു.
ഫെബ്രുവരി 19 ന് ആമസോൺ പ്രൈം വഴിയാണ് ദൃശ്യം2 റിലീസ് ചെയ്തത്. 2011 ൽ പുറത്തിറങ്ങിയ ദൃശ്യം ആദ്യഭാഗവും വലിയ രീതിയിൽ ചർച്ചയായിരുന്നു. തമിഴ്, കന്നട, തെലുങ്ക്, ഹിന്ദി, ചൈനീസ് ഭാഷകളിൽ ദൃശ്യം റീമേക്ക് ചെയ്തിരുന്നു. മീന, അൻസിബ ഹസൻ, എസ്തർ അനിൽ, ആശ ശരത്ത്, സിദ്ദിഖ് തുടങ്ങിയവരാണ് ദൃശ്യം സിനിമയിലെ രണ്ട് ഭാഗങ്ങളിലും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുനന്ത്.