കോഴിക്കോട്: രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന വാർത്തകളുണ്ടായിരുന്നുവെങ്കിലും സംവിധായകൻ രഞ്ജിത് തന്റെ വഴി സിനിമയാണെന്ന് തുറന്നുപറഞ്ഞു രംഗത്ത്. പുതിയ ചിത്രത്തിന്റെ ചർച്ചകളിലാണ് താനെന്നു രഞ്ജിത് തന്നെയാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്. കേരളത്തെ തന്നെ തലകുനിപ്പിച്ച സംഭവമായ, പാലക്കാട് അട്ടപ്പാടിയിൽ ഭക്ഷണം മോഷ്ടിച്ചെന്ന് ആരോപിച്ച് ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയ മധുവിന്റെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തിൽ മധുവായി ഫഹദ് ഫാസിൽ എത്തുമെന്നാണ് റിപ്പോർട്ട്.
ഇതാദ്യമായാണ് ഫഹദ് ഫാസിൽ-രഞ്ജിത്ത് കൂട്ടുകെട്ടിൽ സിനിമയൊരുങ്ങുന്നത്. സിനിമയുടെ ആദ്യ ഘട്ട ചർച്ച പൂർത്തിയായതായി രഞ്ജിത്ത് ഓൺലൈൻ മാധ്യമത്തോട് പറഞ്ഞു.
രാഷ്ട്രീയ പ്രവേശനത്തെ ചൊല്ലി ഉയർന്ന വിവാദങ്ങളെ കുറിച്ചും സംവിധായകൻ അഭിമുഖത്തിൽ തുറന്നുപറഞ്ഞു.
‘മത്സരിക്കുന്നത് സംബന്ധിച്ചുള്ള തീരുമാനം എന്റേതായിരുന്നില്ല. ഒരു മുതിർന്ന നേതാവ് തന്നെ വീട്ടിൽ വന്നു കണ്ട് ആവശ്യം അറിയിക്കുകയായിരുന്നു. കോഴിക്കോട് നോർത്തിലെ നിലവിലെ എംഎൽഎ മൂന്നുവട്ടം പൂർത്തിയാക്കിയതിനാൽ ഞങ്ങൾ ഒരു പുതുമുഖത്തെ തേടുകയാണെന്നും നിങ്ങളാണ് ഞങ്ങളുടെ മനസിലെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി തീരുമാനം അങ്ങനെയാണെന്ന് പറഞ്ഞതിനാലാണ് നോക്കാം എന്നു മറുപടി പറഞ്ഞത്’- രഞ്ജിത്ത് വെളിപ്പെടുത്തുന്നു.
എന്നാൽ, പിന്നീടുണ്ടായ സംഭവവികാസങ്ങളിൽ വിഷമമില്ലെന്നും പുതിയ സിനിമയുമായി മുന്നോട്ടുപോകുമെന്നും രഞ്ജിത്ത് പറയുന്നു.
ആൾക്കൂട്ടത്തിന്റെ ക്രൂരതയിൽ ജീവൻ പൊലിഞ്ഞ അട്ടപ്പാടിയിലെ നിഷ്‌കളങ്കനായ മധുവിന്റെ നിസഹായാവസ്ഥ ഫഹദ് വെള്ളിത്തിരയിൽ അവതരിപ്പിക്കുന്നത് കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകർ ഇപ്പോൾ തന്നെ.
Discussion about this post