തപ്‌സി പന്നുവിന്റേയും അനുരാഗ് കശ്യപിന്റേയും വീടുകളിൽ ഇൻകം ടാക്‌സ് റെയ്ഡ്; ഭീഷണിപ്പെടുത്തി നിശബ്ദരാക്കാനുമുള്ള തിരക്കിലാണ് ബിജെപിയുടെ ‘എ’ ടീം എന്ന് പ്രശാന്ത് ഭൂഷൺ

tapsee-and-anurag

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കെതിരെ നിരന്തരം ശബ്ദമുയർത്തുന്ന ബോളിവുഡിലെ പ്രമുഖർക്ക് എതിരെ നടപടിയുമായി ആദായ നികുതി വകുപ്പ്. ബോളിവുഡ് താരം താപ്‌സി പന്നു, സംവിധായകരായ അനുരാഗ് കശ്യപ്, വികാസ് ബാഹൽ, നിർമ്മാതാവ് മധു മന്ദേന എന്നിവരുടെ വീടുകളിലും പ്രൊഡക്ഷൻ ഹൗസിലും ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തുകയായിരുന്നു. സംഭവത്തിനെ കടുത്ത വിമർശനമാണ് ഉയരുന്നത്. കേന്ദ്ര സർക്കാരിനെ വിമർശിച്ച് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ അടക്കമുള്ളവർ രംഗത്തെത്തി.

തങ്ങളുടെ താൽപര്യങ്ങൾക്ക് എതിരെ പ്രതികരിക്കുന്നവർക്ക് കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് തടയിടുക എന്ന നടപടിയാണ് കേന്ദ്രം സ്വീകരിക്കുന്നതെന്നു പ്രശാന്ത് ഭൂഷൺ വിമർശിച്ചു. തങ്ങളുടെ താൽപര്യങ്ങൾക്ക് വഴങ്ങാത്തവരെ ഉപദ്രവിക്കാനും ഭീഷണിപ്പെടുത്തി നിശബ്ദരാക്കാനുമുള്ള തിരക്കിലാണ് ബിജെപിയുടെ ‘എ’ ടീം. ഇന്ത്യ മുമ്പെങ്ങും കണ്ടിട്ടില്ലാത്ത വിധത്തിൽ എൻഐഎ, ഇഡി, പോലീസ് തുടങ്ങിയ സർക്കാർ സംവിധാനങ്ങളെ ഉപയോഗിച്ചുകൊണ്ടുള്ള വഞ്ചനാപരമായ നീക്കങ്ങളാണ് ബിജെപി നടത്തുന്നതെന്നും പ്രശാന്ത് ഭൂഷൺ വിമർശിച്ചു.

ഫാന്റം ഫിലിംസ് എന്ന പ്രൊഡക്ഷൻ കമ്പനിയുമായി ബന്ധപ്പെട്ട് നികുതി വെട്ടിപ്പ് ആരോപിച്ചാണ് റെയ്ഡ്. ഈ കമ്പനിയുമായി ബന്ധപ്പെട്ട 22 സ്ഥലങ്ങളിൽ റെയ്ഡ് നടത്തുന്നുണ്ട്. അനുരാഗ് കശ്യപ്, വികാസ് ബാഹൽ, മധു മന്ദേന തുടങ്ങിയവർ ഒരുമിച്ചതാണ് 2011 ൽ ഫാന്റം ഫിലിംസ് പ്രൊഡക്ഷൻ കമ്പനി തുടങ്ങിയത്. പിന്നീട് വികാസ് ബാഹലിനെതിരായി ഉയർന്ന മി ടൂ ആരോപണത്തെ തുടർന്ന് കമ്പനി പിന്നീട് പിരിച്ചുവിടുകയായിരുന്നു.

Exit mobile version