ഒടിയന്‍ ചിത്രം ഇറങ്ങും മുന്‍പേ ചിരിപ്പിക്കുന്ന വിവാദത്തിലേയ്ക്ക് വലിച്ചിട്ട സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി നിര്‍മ്മാതാവും നടനുമായ സുരേഷ് കുമാര്‍ രംഗത്ത്. ചിത്രം ഇറങ്ങും മുന്‍പേ 100കോടി ക്ലബില്‍ കയറിയെന്നാണ് ശ്രീകുമാര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നത്. ഇതിനു പിന്നാലെയാണ് വിമര്‍ശനവുമായി സുരേഷ് കുമാര്‍ എത്തിയത്. ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് ശ്രീകുമാറിനെതിരെയുള്ള വോയ്‌സ് അയച്ച് ഇട്ടത്. സംഭവം നിമിഷങ്ങള്‍ക്കകം വൈറലാവുകയും ചെയ്തു. ഇത് തന്റെ ശബ്ദം തന്നെ ആണോ എന്ന ചോദ്യത്തിന് മറുത്തൊന്നും പറയാതെ തന്റെ തന്നെയാണെന്ന് അദ്ദേഹം തീര്‍ത്തു പറഞ്ഞു.
‘ഞാന്‍ ഒരു നിര്‍മ്മാതാവ് എന്ന നിലയില്‍ ഞങ്ങളുടെ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് വോയ്‌സ് നോട്ട് ഇട്ടത്. പ്രൊഡ്യൂസര്‍മാര്‍ക്ക് അറിയാന്‍ വേണ്ടിയിട്ടാണ് അത് ചെയ്തത്. ആരേയും ബോധ്യപ്പെടുത്തേണ്ട കാര്യമില്ല. ഞാന്‍ പറഞ്ഞകാര്യം പറഞ്ഞില്ല എന്നു പറയുകയുമില്ല,’- സുരേഷ് കുമാര്‍ പറയുന്നു. സംവിധായകന് പേര് കിട്ടാന്‍ വേണ്ടി നൂറു കോടിയെന്നും അഞ്ഞൂറു കോടിയെന്നും പറയും. അയാള്‍ക്ക് വേറെ സിനിമ കിട്ടാനുള്ള പരിപാടിയാണ്. എന്നാല്‍ അല്ലേ, ആയിരം കോടിയുടെ പടം ചെയ്യാനൊക്കൂവെന്നും അദ്ദേഹം വോയ്‌സ് ക്ലിപ്പില്‍ തുറന്ന് പറയുന്നുണ്ട്.
‘ഒരു പടം നന്നായിട്ട് ഓടി അതിന്റെ ബിസിനസ്സ് ആയിക്കഴിഞ്ഞ് അത് അനൗണ്‍സ് ചെയ്യുന്നു. അതാണ് അതിന്റെ രീതി. ഒരു മലയാള പടത്തിന് നൂറു കോടി ലാഭം കിട്ടും എന്നൊക്കെ പറയുന്നത് ശരിയായ നടപടിയല്ല. റിലീസ് കഴിഞ്ഞിട്ട് പറയാം. അല്ലെങ്കില്‍ പടം ഓടിക്കഴിഞ്ഞ് അങ്ങനെ കേള്‍ക്കുന്നത് സന്തോഷമുള്ള കാര്യമാണ്. റിലീസിനു മുന്‍പ് തമിഴില്‍ പോലും ഇങ്ങനെ ഒരു ബിസിനസ് നടന്നിട്ടില്ല. സ്വന്തമായി നമുക്കൊരു ഹൈപ് ഉണ്ടാക്കാന്‍ വേണ്ടി ഇങ്ങനെയൊക്കെ ചെയ്യുന്നത് ശരിയല്ല എന്നാണ് ഞാന്‍ പറഞ്ഞത്. അത് ഒരു തെറ്റിദ്ധാരണ ഉണ്ടാക്കാന്‍ ഇടയാക്കും. ഇന്‍വെസ്റ്റ് ചെയ്യാന്‍ ഇരിക്കുന്ന പലരും ഇത്രത്തോളം രൂപയ്ക്ക് കച്ചവടം നടക്കുന്നു എന്നു പറഞ്ഞാണ് വരുന്നത്. അതിന്റെ പാതി പോലും നടക്കുന്നില്ല. അനുഭവത്തില്‍ നിന്നാണ് പറയുന്നത്. അഞ്ച് ഷോ പോലും ഓടാത്ത ഒരു പടം 25 കോടി ക്ലബ്ബില്‍ കയറി എന്ന് വാര്‍ത്ത കണ്ടു. ക്ലബ്ബില്‍ കയറല്‍ പുതിയ ഒരു പരിപാടിയാണ്,’ സുരേഷ് കുമാര്‍ അഭിപ്രായപ്പെട്ടു.
‘ഒടിയന്‍ എന്ന പടത്തിന് നല്ല ഹൈപ് ഉണ്ട്. മലയാളത്തില്‍ നല്ല ഒരു ഇനീഷ്യല്‍ കിട്ടാന്‍ പോകുന്ന പടമാണ്. ഒരു ഹിന്ദി പടമോ തമിഴ് പടമോ ഇറങ്ങുമ്പോള്‍ ലഭിക്കുന്ന രീതിയിലുള്ള ഇനീഷ്യല്‍ കലക്ഷന്‍ ഒടിയനു ലഭിക്കും. അത് ആ നിര്‍മാതാവ് കഷ്ടപ്പെട്ട് ഉണ്ടാക്കുന്നതാണ്. അദ്ദേഹം ബാക്കിയുള്ള പടങ്ങള്‍ ചെയ്തതിനെക്കാള്‍ കൂടുതല്‍ ബിസിനസ് ഇതില്‍ നടക്കും. പക്ഷേ, ഇവിടെ ഒരു പടം തുടങ്ങുന്നതിന് മുന്‍പ് നൂറു കോടി ലാഭം ഉണ്ട് എന്ന് പറയുന്നത് സംവിധായകനാണ്. യഥാര്‍ത്ഥത്തില്‍ അത് പറയേണ്ടത് ഒരു നിര്‍മ്മാതാവാണ്. സംവിധായകന്റെ ഉദ്ദേശം അയാള്‍ക്ക് വേറെ പടം കിട്ടണം. ഇതുപോലെ ബിസിനസ് നടക്കണം. അങ്ങനെയൊന്നും ബിസിനസ് നടക്കില്ല. 100 കോടിയുടെ ബിസിനസ് നടന്നിട്ടില്ല എന്നത് നമുക്ക് എല്ലാവര്‍ക്കും അറിയാം,’ സുരേഷ് കുമാര്‍ വ്യക്തമാക്കി.
സുരേഷ് കുമാറിന്റെ വാക്കുകള്‍;
സംവിധായകന് പേര് കിട്ടാന്‍ വേണ്ടി നൂറു കോടിയെന്നും അഞ്ഞൂറു കോടിയെന്നും പറയും. അയാള്‍ക്ക് വേറെ സിനിമ കിട്ടാനുള്ള പരിപാടിയാണ്. എന്നാല്‍ അല്ലേ, ആയിരം കോടിയുടെ പടം ചെയ്യാനൊക്കൂ. ഇതൊക്കെയാണ് ഇവിടത്തെ പ്രശ്‌നങ്ങള്‍. നേരത്തെ, പുലിമുരുകന്റെ കാര്യത്തില്‍ നൂറുകോടി ക്ലബ് എന്നു പറഞ്ഞു. ആളുകള്‍ വിചാരിച്ചു, സിനിമ നൂറു കോടി കലക്ട് ചെയ്തു എന്ന്. പക്ഷേ, അതിന്റെ യാഥാര്‍ത്ഥ്യം എന്തെന്ന് എല്ലാവര്‍ക്കും അറിയാം. ടോമിച്ചന്‍ മുളകുപാടത്തിന് അറിയാം.
ആ പടത്തിനേക്കാള്‍ ലാഭം രാമലീല എന്ന പടത്തില്‍ കിട്ടിയതായാണ് നമ്മുടെ അടുത്തു പറഞ്ഞത്. ഇങ്ങനെയുള്ള സാഹചര്യത്തില്‍ ഇതുപോലെയുള്ള മണ്ടത്തരങ്ങളും വിഡ്ഢിത്തരങ്ങളും വിളിച്ചു പറയുന്ന ഡയറക്ടര്‍മാര്‍ക്ക് അവരുടെ താല്‍പര്യം സംരക്ഷിക്കാന്‍ വേണ്ടിയുള്ള പരിപാടിയാണ്. ഇതിന്റെ തലവേദന മുഴുവന്‍ ആന്റണി പെരുമ്പാവൂര്‍ക്കാണ്. ഇന്‍കം ടാക്‌സുകാരും ബാക്കിയുള്ളവരും വീട്ടില്‍ കയറി ഇറങ്ങും. സംവിധായകനു നഷ്ടപ്പെടാന്‍ ഒന്നുമില്ല.
Discussion about this post