തന്റെ നായകൻ ഷൂട്ടിങിനിടെ പരിക്കേറ്റ് തളർന്ന് കിടപ്പിൽ; ദുരിതത്തിലായ നായകനെ കണ്ട് വിതുമ്പി ഭാരതിരാജ

തമിഴ് സിനിമാലോകത്തെ പ്രമുഖ സംവിധായകനായ ഭാരതിരാജ 1991 ൽ സംവിധാനം ചെയ്ത ‘എൻ ഉയിർ തോഴൻ’ ചിത്രത്തിൽ നായകനായി അരങ്ങേറ്റം കുറിച്ച നടനായ ബാബു ഇന്ന് നയിക്കുന്നത് ദുരിതപൂർണമായ ജീവിതമാണ്. ഒരു സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെ പരിക്കേറ്റ ബാബു വർഷങ്ങളായി ശരീരം തളർന്ന് കിടപ്പിലാണ്. ഏകദേശം 25 വർഷങ്ങളായി ബാബു കിടപ്പുരോഗിയാണ്.

‘പെരും പുലി, തയ്യമ്മ’ തുടങ്ങിയ ചിത്രങ്ങളിൽ നായകനായി തിളങ്ങിയ ബാബുവിന്റെ അഭിനയ ജീവിതത്തിന് അൽപ്പായുസ്സായിരുന്നു. ‘മാനസര വാഴ്ത്തുക്കളേൻ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ സംഭവിച്ച അപകടത്തിൽ ബാബുവിന്റെ നട്ടെല്ലിന് പരിക്കേറ്റതാണ് തളർച്ചയ്ക്ക് കാരണമായത്. പിന്നീടൊരിക്കലും അദ്ദേഹത്തിന് അഭിനയിക്കാൻ കഴിഞ്ഞില്ല. പ്രകാശ് രാജിനെ നായകനാക്കി രാധാ മോഹൻ സംവിധാനം ചെയ്ത സ്‌മൈൽ പ്ലീസ് എന്ന സിനിമയ്ക്ക് വേണ്ടി ബാബു സംഭാഷണം എഴുതിയെങ്കിലും സിനിമ പുറത്തിറങ്ങിയതുമില്ല.

ചികിത്സയ്ക്കും മറ്റുമായുള്ള പണമില്ലാത്തതിനാൽ കടുത്ത ദുരിതത്തിലൂടെയാണ് അദ്ദേഹം ഇപ്പോൾ കടന്നു പോകുന്നത്. കോവിഡും പിടിമുറുക്കിയതോടെ പ്രതിസന്ധി കൂടി. ബാബുവിന്റെ അവസ്ഥയറിഞ്ഞ് കാണാനെത്തിയ ഭാരതിരാജ കണ്ണീരടക്കാനാകാതെ വിതുമ്പുകയും ചെയ്തു. ഈ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ പ്രചരിക്കുന്നുണ്ട്. തന്നെ സഹായിക്കണമെന്നും ആരുമില്ലെന്നും ബാബു ഭാരതിരാജയോട് പറയുമ്പോൾ, സങ്കടം സഹിക്കാനാകാതെ വികാരാധീനനാവുകയാണ് ഭാരത രാജയും.

Exit mobile version