സൂപ്പർതാരങ്ങളും അവരുടെ ആരാധകരും എല്ലാ സിനിമാ ഇൻഡസ്ട്രിയേയും ഭരിക്കുന്ന ഘടകങ്ങളാണ്. നടന്മാർ സൂപ്പർതാരങ്ങളായി ഉയരുമ്പോൾ വിരലിലെണ്ണെവുന്ന നടിമാർ മാത്രമാണ് സൂപ്പർതാര പദവി അലങ്കരിക്കാറുള്ളത്. മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ എന്ന് മഞ്ജുവാര്യരെ വിശേഷിപ്പിക്കുന്നത് പോലെ മലയാള സിനിമയിലെ അഭിനയ കലയിലെ മികവ് കൊണ്ട് നടി ഉർവശിയും ഈ പട്ടത്തിന് അർഹയാണ്.
വേണ്ടവിധം അഭിനന്ദനങ്ങൾ ലഭിക്കാതെ പോകുന്ന താരങ്ങളിൽ ഉർവശിയുടെ പേരുമുണ്ട്. എങ്കിലും വ്യത്യസ്തമായ വേഷങ്ങൾ കൊണ്ട് എന്നും അത്ഭുതപ്പെടുത്തുന്ന താരം തന്നെയാണ് ഉർവശി. ഒരിടവേളയ്ക്ക് ശേഷം തിരിച്ചുവന്ന ഉർവശി മികച്ച കഥാപാത്രങ്ങളിലൂടെ അമ്പരപ്പിക്കുകയാണ്.
ഒരുകാലത്ത് സൂപ്പർതാര ചിത്രങ്ങളിൽ നായികയായിരുന്ന ഉർവശി പിന്നീട് സ്ത്രീ പ്രാധാന്യമുള്ള ചെറിയ ചിത്രങ്ങളിലും വലിയ ചിത്രങ്ങളിലും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചു ആരാധക ശ്രദ്ധയും പിടിച്ചുപറ്റിയിരുന്നു.
തൊണ്ണൂറുകൾക്ക് ശേഷം സൂപ്പർതാരങ്ങളായ മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും നായികയായി അഭിനയിക്കാതിരുന്നത് മനപൂർവ്വം തന്നെയാണെന്ന് വെളിപ്പെടുത്തുകയാണ് ഉർവശി.
”ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച നടന്മാരാണ് മമ്മൂട്ടിയും മോഹൻലാലും. പക്ഷേ തൊണ്ണൂറുകൾക്ക് ശേഷം ഞാൻ ഇവരുടെ നായികയായി അങ്ങനെ വന്നില്ല കാരണം ആ സമയം അവർ സൂപ്പർ താര ഇമേജിലേക്ക് മാറിയിരുന്നു. അങ്ങനെയുള്ള അവരുടെ സിനിമകളിൽ ഹീറോ ആകും ആ സിനിമയെ നിയന്ത്രിക്കുന്നത്, നായികയ്ക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാനുണ്ടാകില്ല എനിക്ക് ആണെങ്കിൽ ഫീമെയിൽ കഥാപാത്രങ്ങൾക്ക് പ്രാധാന്യം നൽകി കൊണ്ടുള്ള ഒത്തിരി സിനിമകൾ വരാനും തുടങ്ങി അത് കൊണ്ട് തന്നെ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും സിനിമകളിലേക്ക് മനപൂർവ്വം വരാതിരുന്നതാണ്.”- ഉർവശി പറയുന്നു.
”മമ്മുക്കയും ലാലേട്ടനും വന്നത് മുതലാണ് സിനിമയിൽ വലിയ ഒരു മാറ്റം സംഭവിക്കുന്നത്. അതിനു മുൻപുള്ള കളർ ചിത്രങ്ങളിലൊക്കെ സെക്‌സ് പ്രധാന വിഷയമായി കാണിച്ചിരുന്നു പ്രത്യേകിച്ച് മമ്മൂക്ക നായകനായ സിനിമ വന്നത് മുതൽ അതിനൊക്കെ നല്ല മാറ്റം വന്നു കുടുംബ പ്രേക്ഷകർക്ക് ഒന്നിച്ചിരുന്നു നന്നായി ആസ്വദിക്കാൻ പറ്റുന്ന സിനിമയായിരുന്നു അതൊക്കെ”- സ്വകാര്യ മാധ്യമത്തോട് ഉർവശി പറയുന്നു.