സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്യുന്ന ‘വഴക്ക്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററിൽ കടന്നുകൂടിയ പിഴവ് ആരും ശ്രദ്ധിച്ചില്ലെന്ന കുറിപ്പ് പങ്കുവച്ച് സംവിധായകൻ രംഗത്ത്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറങ്ങിയത്. ടൊവീനോ തോമസ്, കനി കുസൃതി, സുദേവ് നായർ എന്നിവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആദ്യം റിലീസ് ചെയ്ത പോസ്റ്ററിലുണ്ടായിരുന്ന വലിയൊരു തെറ്റ് ആരും തിരിച്ചറിഞ്ഞില്ലെന്നും, ഒടുവിൽ താൻ ഉൾപ്പടെയുള്ള അണിയറ പ്രവർത്തകർ തെറ്റ് തിരിച്ചറിഞ്ഞത് പോസ്റ്റർ റിലീസ് ചെയ്ത് മണിക്കൂറുകൾക്ക് ശേഷമാണെന്നും സനൽകുമാർ ശശിധരൻ പറയുന്നു.
”മൂന്നാഴ്ചകൾ നീണ്ട മാരത്തോൺ തിരുത്തുകൾക്കൊടുവിലും വെണ്ടക്കാ വലുപ്പത്തിലുള്ള വമ്പൻ തെറ്റ് ആരുടേയും കണ്ണിൽ പെട്ടില്ല എങ്കിൽ ആ നിമിത്തത്തെയും ഞാൻ ദൈവത്തിന്റെ ഇടപെടൽ എന്ന് വിളിക്കുമെന്ന്” സനൽകുമാർ പറയുന്നു.
സനൽകുമാർ ശശിധരന്റെ ഫേസ്ബുക്ക് കുറിപ്പ്:
സിനിമാ ചിത്രീകരണത്തിനിടയിൽ ദൈവത്തിന്റെ ഇടപെടൽ എന്നു വിളിക്കാവുന്ന നിരവധി സന്ദർഭങ്ങൾ കടന്നു വരാറുണ്ട്. അവയെ വിട്ടുകളയാതെ പിടിച്ചെടുക്കാൻ എപ്പോഴും ശ്രദ്ധിക്കാറുമുണ്ട്. ഇന്നുമുണ്ടായി അങ്ങനെയൊന്ന്. ടൊവിനോ ഓടിക്കുന്ന കാറിൽ ഒന്നിനു പിന്നാലെ ഒന്നായി രണ്ട് ഫോൺ കോളുകൾ വരുന്ന ഒരു രംഗം ചിത്രീകരിക്കുകയായിരുന്നു. ഞാൻ മനസിൽ കണ്ട ദൈർഘ്യത്തിൽ ഒറ്റഷോട്ടിൽ അത് ക്യാമറയിൽ പകർത്തിക്കിട്ടണം. സുദേവ് നായരുടെ കോൾ കട്ടായി 30-40 സെക്കന്റുകൾ കഴിയുമ്പോൾ കനി കുസൃതിയുടെ കാൾ വരണം. കാറ്റടിച്ചാൽ നെറ്റ്‌വർക്ക് പോകുമെന്ന അവസ്ഥയിലുള്ള സ്ഥലം. ഓടുന്ന വാഹനം. കണക്ടിവിറ്റി പ്രശ്നങ്ങൾ കാരണം കാൾ കണക്ടാവാൻ അതിലേറെ വൈകിയാൽ ആ ഷോട്ട് ഉപയോഗിക്കാൻ കഴിയില്ല. പ്രതീക്ഷിച്ചതു തന്നെ സംഭവിച്ചു. കോൾ കണക്ട് ചെയ്യാൻ വൈകി. പക്ഷേ അപ്രതീക്ഷിതമായി മറ്റൊന്നുകൂടി സംഭവിച്ചു അധികം കിട്ടിയ പത്തു പതിനഞ്ചു സെക്കന്റുകൾ ടൊവിനോ സമർത്ഥമായി ഉപയോഗിച്ചുകൊണ്ട് എന്നെ വിസ്മയിപ്പിച്ചു. നാം നിശ്ചയിക്കുന്ന രീതിയിൽ കാര്യങ്ങൾ എത്തുന്നത് മനോഹരമായ സംഗതി തന്നെയാണ്. പക്ഷേ നാം വിസ്മയിക്കുന്ന രീതിയിൽ കാര്യങ്ങളെത്തുന്നത് എല്ലായ്പ്പോഴും നമ്മുടെ നിശ്ചയങ്ങൾ തെറ്റുമ്പൊഴാണ്. നിത്യജീവിതത്തിലും ഇങ്ങനെ ചിലദൈവക്കൈകൾ കടന്നുവരാറുണ്ട്. അങ്ങനെയുള്ള ഒന്നും ഇന്ന് സംഭവിച്ചു. ഞങ്ങൾ ഒരുമിച്ചു ചെയ്യുന്ന ആദ്യത്തെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്നാണ് പുറത്തുവന്നത്. ടൊവിനോയുടെ പേജിലൂടെയും ഇൻസ്റ്റയിലൂടെയുമെല്ലാം വൈകിട്ട് ഏഴിന് പോസ്റ്റർ പുറത്തുവിട്ടു. പെട്ടെന്ന് തന്നെ അത് ഏറെപ്പേർ ഷെയർ ചെയ്തു. രണ്ടുമണിക്കൂർ കഴിഞ്ഞപ്പോൾ പാരറ്റ് മൌണ്ടിന്റെ ഡയറക്ടർ ഗിരീഷ് മാമൻ വിളിച്ചുപറഞ്ഞു. അതിലൊരു വലിയ തെറ്റുണ്ട് അത് ഡിലീറ്റ് ചെയ്തിട്ട് വേറെ ഇടണം. ഇനി ഡിലീറ്റ് ചെയ്തിട്ടും കാര്യമില്ല അത് ഇന്റർനെറ്റിൽ അലിഞ്ഞുകഴിഞ്ഞു എന്ന് നന്നായി അറിയാവുന്ന ഞാൻ എന്താണ് എന്ന് ചോദിച്ചു പോലുമില്ല. പ്രൊഡക്ഷൻ കമ്പനികളുടെ പേരു രണ്ടും തെറ്റിച്ചാണ് പോസ്റ്ററിലുണ്ടായിരുന്നത്. ശരിക്കുള്ള പേരുകൾ “ടൊവിനോ പ്രൊഡക്ഷൻസ് & പാരറ്റ് മൌണ്ട് പിക്ചേഴ്സ്“ എന്നത് തെറ്റിച്ചുവെച്ചിരിക്കുന്നു. മൂന്നാഴ്ചകൾ നീണ്ട മാരത്തോൺ തിരുത്തുകൾക്കൊടുവിലും വെണ്ടക്കാ വലുപ്പത്തിലുള്ള വമ്പൻ തെറ്റ് ആരുടേയും കണ്ണിൽ പെട്ടില്ല എങ്കിൽ ആ നിമിത്തത്തെയും ഞാൻ ദൈവത്തിന്റെ ഇടപെടൽ എന്ന് വിളിക്കും. ദൈവം ഇടപെടുന്ന എല്ലാത്തിലും എനിക്ക് വലിയ പ്രതീക്ഷയാണ്. ഈ ചിത്രത്തിന്റെ കാര്യത്തിലും അങ്ങനെ തന്നെ. തിരുത്തിയ പോസ്റ്റർ ഇതോടൊപ്പം ചേർക്കുന്നു. വഴക്ക് എന്റെ ഏഴാമത്തെ സിനിമയാണ്. ഒരാൾപ്പൊക്കം മുതൽ ഒപ്പം നിന്നവരെയൊക്കെ ഓർക്കുന്നു. നന്ദി.
സിനിമാ ചിത്രീകരണത്തിനിടയിൽ ദൈവത്തിന്റെ ഇടപെടൽ എന്നു വിളിക്കാവുന്ന നിരവധി സന്ദർഭങ്ങൾ കടന്നു വരാറുണ്ട്. അവയെ വിട്ടുകളയാതെ…
Posted by Sanal Kumar Sasidharan on Thursday, 31 December 2020
Discussion about this post