സിനിമയിലേക്ക് എഴുത്തിലൂടെ അരങ്ങേറ്റം കുറിച്ച് അഭിനയത്തിലും കഴിവ് തെളിയിച്ച വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജും ഇനി സംവിധാന രംഗത്തേക്ക്. വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജും ചേർന്നാണ് പുതിയ സിനിമ സംവിധാനം ചെയ്യുന്നത്. ‘ഇന്ന് ഞങ്ങൾ പുതിയൊരു ചുവട് വയ്ക്കാൻ ഒരുങ്ങുകയാണ്. ബിബിനും ഞാനും ചേർന്ന് ഞങ്ങളുടെ അടുത്ത സിനിമ സംവിധാനം ചെയ്യാൻ പോവുകയാണ്’- വിഷ്ണു ഉണ്ണികൃഷ്ണൻ സോഷ്യൽമീഡിയയിലൂടെ അറിയിച്ചു.
ബാദുഷയാണ് ഇരുവരുടെയും ഒന്നിച്ചുള്ള സംവിധാന അരങ്ങേറ്റ ചിത്രം നിർമ്മിക്കുന്നത്. അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഋതിക് റോഷൻ, ഒരു യമണ്ടൻ പ്രേമകഥ എന്നിവയുടെ തിരക്കഥാകൃത്തുക്കളായി സിനിമാ രംഗത്തെത്തുകയും പിന്നാലെ അഭിനയത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടംനേടിയ ഇരുവരുടേയും സംവിധാന സംരംഭത്തിനും ഏറെ പ്രതീക്ഷകളാണ്.
2020 ഇന്നവസാനിക്കുകയാണ് നിങ്ങളെല്ലാവരേം പോലെ തന്നെ അടുത്ത വർഷത്തിന്റെ നല്ല പ്രതീക്ഷയിലാണ് ഞാനും. ആ പ്രതീക്ഷയുടെ ഭാഗമായി അതിനിത്തിരി മാറ്റ് കൂട്ടാൻ എന്റെ ജീവിതത്തിലെ വലിയൊരു തീരുമാനം നിങ്ങളെ ഞാൻ അറിയിക്കുകയാണെന്ന് കുറിച്ചുകൊണ്ടാണ് ബിബിൻ സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഒരായിരം വട്ടം ആലോചിച്ചെടുത്ത തീരുമാനമാണിതെന്നും സംവിധാനം എന്നത് ഒരു വലിയ ഉത്തരവാദിത്തമാണെന്നും ബിബിൻ കുറിച്ചു. ബിബിനും വിഷ്ണുവും തന്നെയാണ് പുതുമുഖങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്. അടുത്ത വർഷം പകുതിയോടെയാവും ചിത്രീകരണം ആരംഭിക്കുക.
വിഷ്ണു ഉണ്ണികൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ്:
പ്രിയപ്പെട്ടവരേ, മിമിക്രി വേദികളിൽ മുതൽ വെള്ളിത്തിരയിലെത്തും വരെ നിങ്ങൾ നൽകിയ സ്നേഹവും പിന്തുണയും പ്രോത്സാഹനവും ആണ് ഞങ്ങളുടെ കൈമുതൽ…! ഇന്ന് ഞങ്ങൾ പുതിയൊരു ചുവട് വയ്ക്കാൻ ഒരുങ്ങുകയാണ്. ബിബിനും ഞാനും ചേർന്ന് ഞങ്ങളുടെ അടുത്ത സിനിമ സംവിധാനം ചെയ്യാൻ പോവുകയാണ്.
ഞങ്ങൾ ആദ്യമായി എഴുതിയ അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷൻ, ഒരു യമണ്ടൻ പ്രേമകഥ എന്നീ ചിത്രങ്ങൾക്ക് ജീവൻ നൽകിയ സംവിധായകർ നാദിർഷ ഇക്ക, നൗഫൽ ഇക്ക, നിർമ്മാതാക്കൾ ആൽവിൻ ആന്റണി ചേട്ടൻ, Dr. സക്കറിയ തോമസ്, ദിലീപേട്ടൻ, ആന്റോ ജോസഫ് ചേട്ടൻ മുതൽ, ഞങ്ങളിൽ വിശ്വാസം അർപ്പിച്ച് ഈ ചിത്രം നിർമ്മിക്കുന്ന ബാദുഷ ഇക്കയെയും, സിനിമയിലും സിനിമയ്ക്ക് പുറത്തും ഉള്ള ഞങ്ങളുടെ ഗുരുതുല്യരായ എല്ലാവരെയും ശിരസാ നമിച്ചു കൊണ്ട് ഞങ്ങൾ തുടങ്ങുകയാണ്… അനുഗ്രഹിക്കണം ????
Discussion about this post