മണ്ഡലകാലത്ത് ലക്ഷക്കണക്കിന് ഭക്തർ എത്താറുള്ള ശബരിമല സന്നിധാനം ഇത്തവണ കോവിഡ് കാരണം ഒഴിഞ്ഞുകിടക്കുന്ന പ്രതീതിയിലായിരുന്നു. സുരക്ഷയെ മുൻനിർത്തി ദിവസവും അയ്യായിരം ഭക്തർക്ക് മാത്രം പ്രവേശനം അനുവദിക്കപ്പെട്ടതോടെ സന്നിധാനത്ത് എത്താൻ കൊതിച്ച ഓരോ അയ്യപ്പഭക്തന്മാർക്കും ഈ മണ്ഡലകാലം നിരാശയുടേതായി. ഏറെ കൊതിച്ചിട്ടും അയ്യപ്പനെ ദർശിക്കാനാകാതെ വിഷമിക്കുന്ന ഭക്തർക്ക് ആശ്വാസവും ദർശന പുണ്യവും സമ്മാനിക്കും വിധത്തിൽ അണിയിച്ചൊരുക്കിയ ഒരു അയ്യപ്പഭക്തിഗാനം സോഷ്യൽമീഡിയയുടെ മനം നിറയ്ക്കുകയാണ്.
ബിജീഷ് കൃഷ്ണ അണിയിച്ചൊരുക്കിയ സ്വരമാധുര്യമൂറുന്ന ‘അയ്യൻ എൻ അയ്യപ്പൻ’ എന്ന ഭക്തിഗാനമാണ് ഭക്തരുടെ കാതിൽ തേൻമഴ പൊഴിയിക്കുന്നത്. സാധാരണ ഭക്തിഗാനങ്ങളിൽ നിന്നും വ്യത്യസ്തമാർന്ന ഓർക്കസ്ട്രയും ആലാപന രീതിയുമാണ് ഈ ഗാനത്തെ ശ്രദ്ധേയമാക്കുന്നത്.
ഗായകൻ കെകെ നിഷാദ് സോഷ്യൽമീഡിയയിലൂടെ റിലീസ് ചെയ്ത ഈ ഗാനത്തിന് സ്വരം പകർന്നിരിക്കുന്നത് ബിജീഷ് കൃഷ്ണ തന്നെയാണ്. വരികളെഴുതിയതും സംഗീതം നൽകിയതും സുബീഷ് സുന്ദറുമാണ്.
ഗാനത്തിന്റെ റിലീസിന് മുന്നോടിയായി ബിജീഷ് കൃഷ്ണ സോഷ്യൽമീഡിയയിൽ പങ്കുവെച്ച കുറിപ്പ്:
കൂട്ടുകാരേ….. ഇന്ന് അയ്യൻ എൻ അയ്യപ്പൻ ഇറങ്ങുകയാണ്. ഇന്ന് സ്വാമി ശ്രീ അയ്യപ്പൻ്റെ മണ്ഡല പൂജാ ദിവസമാണ്. ഇന്ന് വൈകീട്ട് 5 മണിയ്ക്ക് മലയാളത്തിൻ്റെ ഏറ്റവും നല്ല പാട്ടുകാരൻ…
എൻ്റെ ഏറ്റവും പ്രിയ കൂട്ടുകാരൻ… നിങ്ങളുടെയെല്ലാം സ്വന്തം കെ.കെ.നിഷാദ് അദ്ദേഹത്തിൻ്റെ FB പേജിലൂടെയും ഇൻസ്റ്റയിലൂടേയും ലോകത്തിന് സമർപ്പിക്കുകയാണ്… ഈയൊരു കൊറോണക്കാലം നഷ്ടമാക്കിയ മണ്ഡലകാലം ഒരുപാട് അയ്യപ്പഭക്തർക്ക് മാനസികമായി ഭഗവാനെ നേരിൽ ദർശിക്കുവാൻ കഴിയാത്തതിൻ്റെ അതീവ ദു:ഖത്തിലാണ്… ലോകത്തിലെ എല്ലാ അയ്യപ്പഭക്തൻമാർക്കും ഈ ഗാനം സമർപ്പിക്കുന്നു..
എല്ലാവർക്കും ആവേശത്തോടെ പാടി നടക്കുവാൻ നെഞ്ചിലേറ്റാൻ…. അയ്യൻ എൻ അയ്യപ്പൻ വരുന്നു. നിങ്ങൾ എല്ലാവരും കേൾക്കണം. എന്നത്തേയും പോലെ ഈ ഗാനത്തിനും വലിയ പ്രോത്സാഹനം വേണം.. എല്ലാവർക്കും share ചെയ്ത് വിജയിപ്പിക്കണം.