സിദ്ധാർത്ഥ് ശിവ സംവിധാനം ചെയ്ത ‘വർത്തമാനം’ എന്ന ചിത്രത്തിന് പ്രദർശനാനുമതി തടഞ്ഞ് സംസ്ഥാന സെർസർ ബോർഡ്. ജെഎൻയു സർവ്വകലാശാലയിലെ കേന്ദ്രസർക്കാർ നയങ്ങൾക്ക് എതിരായ വിദ്യാർത്ഥി സമരങ്ങളും ദളിത്, മുസ്ലിം വിഷയങ്ങളും കാശ്മീരിനെ വിഭജിച്ച സംഭവങ്ങളും പ്രതിപാദിക്കുന്ന ചിത്രത്തിൽ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത് പാർവതി തിരുവോത്താണ്. കൂടുതൽ പരിശോധനയ്ക്കായി ചിത്രം റിവൈസിങ് കമ്മിറ്റിക്ക് അയച്ചിരിക്കുകയാണ്.
കമ്മിറ്റിയുടെ അനുമതിക്ക് ശേഷമേ ചിത്രം പ്രദർശിപ്പിക്കാൻ സാധിക്കൂ. റിവൈസിങ് കമ്മിറ്റി ചെയർമാൻ തീരുമാനമെടുക്കുംവരെ ചിത്രം പ്രദർശിപ്പിക്കാനാവില്ല. ചിത്രം ദേശവിരുദ്ധമാണെന്നും മതസൗഹാർദ്ദം തകർക്കുന്നുവെന്നും സെൻസർ ബോർഡ് അംഗങ്ങൾ ചൂണ്ടിക്കാട്ടിയതാണ് നടപടിയെടുക്കാൻ കാരണമെന്നാണ് വിവരം.
ചിത്രത്തിന്റെ ചിലഭാഗങ്ങൾ കട്ട് ചെയ്ത് മാറ്റണമെന്ന് കേരളത്തിലെ സെൻസർ ബോർഡ് അംഗങ്ങൾ ചിത്രത്തിന്റെ അണിയറ പ്രവർത്തകരെ അറിയിച്ചിരുന്നു. ഇതിന് തയ്യാറാകാത്തതിനാലാണ് അനുമതി നിഷേധിച്ച് റിവൈസിങ് കമ്മിറ്റിക്ക് അയയ്ക്കാൻ ഇടയാക്കിയിരിക്കുന്നത്. അതേസമയം, ചിത്രം റിവൈസിംഗ് കമ്മിറ്റിക്ക് വിട്ടതായി അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് പ്രൊഡ്യൂസർമാരിൽ ഒരാൾ പ്രതികരിച്ചു. ബിജെപിയുടെ എതിർപ്പാണ് ചിത്രത്തിന് തിരിച്ചടിയായിരിക്കുന്നതെന്നും ആരോപണങ്ങളുണ്ട്.
ഇതിന് തെളിവായി സെൻസർ ബോർഡ് അംഗവും ബിജെപിയുടെ പോഷകസംഘടനയിലെ ഭാരവാഹിയുമായ വ്യക്തി പരസ്യമായി ചിത്രത്തെ എതിർത്ത് രംഗത്തെത്തിയ സംഭവവും സോഷ്യൽമീഡിയ ചൂണ്ടിക്കാണിക്കുകയാണ്. ബിജെപി എസ് സി മോർച്ച സംസ്ഥാന ഉപാധ്യക്ഷനും സെൻസർ ബോർഡ് അംഗവുമായ അഡ്വ. വി സന്ദീപ് കുമാറിന്റെ ട്വീറ്റാണ് ആരോപണങ്ങളെ ശക്തമാക്കുന്നത്.
” ഇന്ന് ഞാൻ സെൻസർ ബോർഡ് അംഗമെന്ന നിലയിൽ വർത്തമാനം എന്ന സിനിമ കണ്ടു. ജെഎൻയു സമരത്തിലെ ദളിത്, മുസ്ലിം പീഢനമായിരുന്നു വിഷയം. ഞാൻ അഥിനെ എഥിർത്തു കാരണം സിനിമയുടെ തിരക്കഥാകൃത്തും നിർമ്മാതാവും ആര്യാടൻ ഷൗക്കത്ത് ആയിരുന്നു. തീർച്ചയായും രാജ്യവിരുദ്ധമായിരുന്നു സിനിമയുടെ പ്രമേയം.”- സന്ദീപ് കുമാർ ട്വീറ്റ് ചെയ്തതിങ്ങനെ.
ജെഎൻയു, കാശ്മീർ വിഷയങ്ങൾ ചിത്രത്തിലുൾപ്പെടുത്തിയതിനാലാണ് പ്രദർശനം തടഞ്ഞിരിക്കുന്നത് എന്നതിനാൽ തന്നെ സോഷ്യൽമീഡിയയിൽ ചർച്ചകൾ ശക്തമായിരിക്കുകയാണ്.
Discussion about this post