നടി ഷക്കീലയുടെ ജീവചരിത്രം വെള്ളിത്തിരയിലേക്ക് എത്തുകയാണ്. സംവിധായകന്‍ ഇന്ദ്രജിത്ത് ലങ്കേഷ് ആണ് ഈ ബയോപിക് ഒരുക്കിയിരിക്കുന്നത്. നടി റിച്ച ചദ്ദയാണ് ചിത്രത്തില്‍ ഷക്കീലയുടെ വേഷത്തില്‍ എത്തുന്നത്. ചിത്രത്തിന്റെ ടീസറും ട്രെയിലറും ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു.
ഇപ്പോഴിതാ താന്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ തന്റെ ബയോപിക് നിര്‍മ്മിച്ചതില്‍ വളരെയേറെ സന്തോഷമുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി ഷക്കീല. ചിത്രവുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
‘എന്നെ കുറിച്ച് സംസാരിക്കാന്‍ ഇപ്പോള്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. പക്ഷേ ഞാന്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ എന്റെ ബയോപിക് നിര്‍മ്മിച്ചതില്‍ എനിക്ക് ഒരുപാട് സന്തോഷമുണ്ട്. എല്ലാവര്‍ക്കും അവരുടെ ജീവിതത്തില്‍ വേദനയുടെ പങ്ക് ഉണ്ട്. അതുകൊണ്ട് തന്നെ ഞാന്‍ അതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ല. ഞാന്‍ ആരോടും സഹതാപമോ, ബഹുമാനമോ ചോദിക്കുന്നില്ല. അര്‍ഹിക്കുന്ന ബഹുമാനം ലഭിച്ചിട്ടില്ലെന്ന് എനിക്കൊരിക്കലും തോന്നിയിട്ടുമില്ല. എന്റെ പുറകില്‍ നിന്ന് എന്നെ കുറിച്ച് സംസാരിക്കുന്നവരെപറ്റി ഞാന്‍ വേവലാതിപ്പെടാറില്ല. എന്റെ മുഖത്ത് നോക്കി ഒന്നും പറയാന്‍ ആര്‍ക്കും ധൈര്യമില്ല.
ഭാവിയില്‍ സിനിമയിലേക്ക് വരാന്‍ ആഗ്രഹിക്കുന്നവരോട്, ഇപ്പോള്‍ പഠിച്ചുകൊണ്ടിരിക്കുന്ന കൗമാരക്കാരോട് ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നത് ഇത് മാത്രമാണ്. ഞാന്‍ ചെയ്ത അതേ തെറ്റുകള്‍ നിങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുക. വഞ്ചിക്കപ്പെടാതിരിക്കുകയും ചെയ്യുക. അതാണ് എന്റെ പുസ്തകത്തിലും ഞാന്‍ എഴുതിയിരിക്കുന്നത്. ഞാന്‍ സിനിമ കണ്ടു. ഈ സിനിമ നല്‍കുന്ന ഒരു സന്ദേശം ഉണ്ട് പ്രത്യേകിച്ച് സ്ത്രീകള്‍ക്ക്. അതില്‍ അതിയായ സന്തോഷവുമുണ്ട്’ എന്നാണ് താരം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.
‘ഷക്കീല’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ക്രിസ്മസ് റിലീസ് ആയിട്ടാണ് എത്തുക. കന്നട സംവിധായകനായ ഇന്ദ്രജിത് ലങ്കേഷിന്റെ ആദ്യ ഹിന്ദി ചിത്രം കൂടിയാണിത്. നടി റിച്ച ചദ്ദയ്ക്ക് പുറമെ പങ്കജ് ത്രിപാഠി, മലയാളി താരമായ രാജീവ് പിള്ള, കന്നട താരം എസ്തര്‍ നൊറോണ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.
Discussion about this post